ദിലീപിന് പിന്തുണയുമായി കനിഹ

ഉത്തരവാദിത്തമില്ലാതെ വാര്‍ത്തകള്‍ പടച്ചു വിടുന്ന ചില ഓണ്‍ലൈന്‍ മാധ്യമങ്ങളുടെ ക്രൂരവിനോദത്തിന് താനും ഇരയായെന്ന് നടി കനിഹ. ഓണ്‍ലൈനിലും സോഷ്യല്‍ നെറ്റ് വര്‍ക്കുകളിലും ആര്‍ക്കെതിരേയും എന്തും എഴുതാമെന്ന തെറ്റിദ്ധാരണ മാറ്റണമെന്നും കനിഹ മുന്നറിയിപ്പു നല്‍കി. കനിഹയും ഭര്‍ത്താവും വേര്‍പിരിഞ്ഞുവെന്നു വ്യാജവാര്‍ത്ത പ്രചരിപ്പിച്ച് ചിലര്‍ തനിക്കും കുടുംബത്തിനും വലിയ വേദനയുണ്ടാക്കിയെന്നും കനിഹ പറഞ്ഞു.

കനിഹയുടെ പ്രതികരണത്തിന്റെ പൂര്‍ണരൂപം:

'സമൂഹ മാധ്യമങ്ങളും ഓണ്‍ലൈന്‍ പ്രസിദ്ധീകരണങ്ങളും വന്നതോടെ സിനിമാ താരങ്ങളും പ്രേക്ഷകരും തമ്മിലുള്ള അകലം ഇല്ലാതായി. ഓരോ ദിവസത്തെയും വിശേഷങ്ങള്‍ സമൂഹ മാധ്യമങ്ങളിലൂടെ പ്രേക്ഷകരെ അറിയിക്കാന്‍ താരങ്ങള്‍ക്ക് കഴിയുന്നു. സിനിമയില്‍ കാണുന്ന താരങ്ങളെ ഓണ്‍ലൈനില്‍ കാണാനും പ്രതികരണം അറിയിക്കാനും പ്രേക്ഷകര്‍ക്കും ഇത് അവസരമൊരുക്കുന്നു. പക്ഷേ, ഇതിന്റെ മറുവശം മാരകമാണെന്നു പറയാതെ വയ്യ.

ആരെങ്കിലും ഏതെങ്കിലും ബ്ലോഗില്‍ എന്തെങ്കിലുമൊക്കെ എഴുതിയാല്‍ അത് കാട്ടുതീ പോലെ വാര്‍ത്തയായി പടരുന്നു. ഒരു ഓണ്‍ലൈന്‍ മാധ്യമത്തില്‍ പ്രസിദ്ധീകരിച്ചു വരുന്ന വാര്‍ത്ത യാഥാര്‍ഥ്യമെന്തെന്ന് അന്വേഷിക്കാതെ എല്ലാ മാധ്യമങ്ങളും കോപ്പി ചെയ്ത് വാര്‍ത്തയാക്കുന്നു. ഊഹാപോഹങ്ങളും കെട്ടുകഥകളുമാണ് വാര്‍ത്തകളായി പ്രചരിപ്പിക്കപ്പെടുന്നത്. റിപ്പോര്‍ട്ട് ചെയ്യുന്നതിനു മുന്‍പ് വാര്‍ത്തയുടെ യാഥാര്‍ഥ്യമെന്താണെന്ന് ആരും അന്വേഷിക്കുന്നില്ല.

കുറച്ചുദിവസം മുന്‍പ് എനിക്കും ഇതുപോലൊരു ദുരനുഭവമുണ്ടായി. സുഹൃത്തുക്കളും പരിചയക്കാരും എന്നെ ഫോണ്‍ വിളിച്ച് വീട്ടില്‍ എന്തെങ്കിലും പ്രശ്‌നമുണ്ടോ എന്നന്വേഷിച്ചു. ആദ്യം എനിക്കു കാര്യം മനസ്സിലായില്ല. കനിഹയും ഭര്‍ത്താവും വേര്‍പിരിയുന്നു എന്ന വാര്‍ത്ത ഏതോ ഓണ്‍ലൈന്‍ മാധ്യമത്തിലും ടിവിയിലും കണ്ട ശേഷം വിവരമറിയാനാണ് അവരെല്ലാം വിളിച്ചത്. ഈ സംഭവം എന്നെ വല്ലാതെ വേദനിപ്പിച്ചു. ഏറെ നേരം അതോര്‍ത്തു സങ്കടപ്പെട്ടു. ഓണ്‍ലൈനില്‍ സെര്‍ച്ച് ചെയ്ത് വാര്‍ത്ത പ്രസിദ്ധീകരിച്ച വെബ്‌സൈറ്റിന്റെ പേരും വിലാസവുമെല്ലാം ഞാന്‍ കണ്ടെത്തി. കയ്യിലൊരു പേനയുണ്ടെന്നു കരുതി ആര്‍ക്കെതിരേയും എന്തും എഴുതാമെന്ന് മാധ്യമ പ്രവര്‍ത്തകര്‍ തെറ്റിദ്ധരിക്കരുത്.'