കടൽ കടന്ന് കോഹിനൂർ എത്തുന്നു

കേരളത്തിൽ പ്രദർശന വിജയം നേടിയ ആസിഫ് അലി ചിത്രം കോഹിനൂർ വിദേശത്ത് റിലീസിനൊരുങ്ങുന്നു. ദുബായ്, യുകെ, യുഎസ്, യുറോപ്പ്, കാനഡ, ഒാസ്ട്രേലിയ, ജപ്പാൻ തുടങ്ങി 15-ാളം രാജ്യങ്ങളിലായി 300 സ്ക്രീനുകളിൽ അടുത്ത ആഴ്ച ചിത്രം റിലീസ് ചെയ്യും.

കേരളത്തിൽ റിലീസ് ചെയ്ത് 3 ആഴ്ച പിന്നിടുമ്പോഴും 50 കേന്ദ്രങ്ങളിൽ നിറഞ്ഞ സദസ്സിനു മുന്നിൽ പ്രദർശനം തുടരുന്ന ചിത്രം ഇതു വരെ 3 കോടി രൂപ ഷെയർ നേടിക്കഴിഞ്ഞു. ആഡംസ് വേൾഡ് ഒാഫ് ഇമാജിനേഷന്റെ ബാനറിൽ ആസിഫ് അലി, സജിൻ ജാഫർ, ബ്രിജീഷ് മുഹമ്മദ് എന്നിവർ ചേർന്നാണ് ചിത്രം നിർമിച്ചിരിക്കുന്നത്. ചിത്രത്തിലെ ഗാനങ്ങളും യു‍ട്യൂബിൽ വൻ ഹിറ്റാണ്.

ലൂയിസ് വളരെയധികം പ്രതീക്ഷകളും സ്വപ്‌നങ്ങളുമുള്ള ചെറുപ്പക്കാരനാണ് പെട്ടെന്ന് പണക്കാരനാകണമെന്നാണ് ലൂയിസിന്റെ മോഹം. സിനിമയിലെ അധോലോക നായകന്മാരെ മനസിൽ പ്രതിഷ്ഠിച്ച് പൂജിക്കുന്ന ലൂയിസ് തന്റെ ദൗത്യം പൂർത്തീകരിക്കാൻ ശ്രമിക്കുന്നതിനിടയിൽ ഏതാനും പേർ കൂടി കടന്നു വരുന്നു. തുടർന്ന് ഉണ്ടാകുന്ന സംഭവബഹുലമായ മുഹൂർത്തങ്ങളാണ് 'കോഹിനൂർ' എന്ന ചിത്രത്തിൽ ദൃശ്യവൽക്കരിക്കുന്നത്.

ആസിഫ് അലിയും അപർണ്ണ വിനോദും മുഖ്യ കഥാപാത്രങ്ങളായി അഭിനയിക്കുന്ന ഈ സിനിമയിൽ ഇന്ദ്രജിത്ത് സുകുമാരൻ, അജു വർഗീസ്, സണ്ണി വെയ്ൻ, വിനയ് ഫോർട്ട്, ചെമ്പൻ വിനോദ് ജോസ്, റിസബാവ, മാമൂക്കോയ, സുധീർ കരമന, ബിജുക്കുട്ടൻ തുടങ്ങിയവർ അഭിനയിക്കുന്നുണ്ട്.

കിളി പോയ് എന്ന് ചിത്രത്തിന്റെ സംവിധായകൻ വിനയ് ഗോവിന്ദ് സംവിധാനം നിർവ്വഹിക്കുന്ന രണ്ടാമത്തെ ചിത്രമായ് കോഹിനൂരിന്റെ കഥ, തിരക്കഥ, സംഭാഷണം എന്നിവ ഒരുക്കിയിരിക്കുന്നത് സലിൽ മേനോനും രഞ്ജിത്ത് കമല ശങ്കറുമാണ്. ആസിഫ് അലി സിനിമാ നിർമ്മാണ രംഗത്തേക്ക് ചുവടുവയ്ക്കുന്നു എന്ന പ്രത്യേകതയും കോഹിനൂരിനുണ്ട്.