പത്തനാപുരത്ത് നേർച്ചക്കോഴിയാകാൻ ഞാനില്ല: കൊല്ലം തുളസി

എന്നെ മത്സരിപ്പിക്കാനുള്ള തീരുമാനം ഭാഗ്യമാണോ ദൗർഭാഗ്യമാണോ അറിയില്ലെന്ന് നടൻ കൊല്ലം തുളസി. ജനങ്ങൾക്ക് ആനയെ നൽകാം, വലിയ വീട് നൽകാം തുടങ്ങിയ വാഗ്ദാനങ്ങളൊന്നും നൽകുന്നില്ല. ഒരിക്കലും പദവികൾ ആഗ്രഹിച്ചിട്ടില്ല. ഇടിവാളു കൊണ്ടതു പോലെയാണ് മത്സരിപ്പിക്കാനുള്ള തീരുമാനം അറിഞ്ഞത്. കൊല്ലം തുളസി മനോരമ ഒാൺലൈനോട് പറഞ്ഞു.

ഞാൻ എന്റെ അസുഖത്തിൽ നിന്ന് ഒന്നു ശ്രദ്ധമാറ്റാനാണ് രാഷ്ട്രീയത്തിൽ ഇറങ്ങിയത്. ആദ്യം കോൺഗ്രസ് അനുഭാവമായിരുന്നു. പിന്നെ മോദിജിയുടെ നേതൃത്വത്തിൽ ആവേശം കൊണ്ട് ബിജെപിയോട് താൽപര്യം ഉണ്ടായി. അരുവിക്കര തിരഞ്ഞെടുപ്പിൽ ഒ. രാജഗോപാലിനു വേണ്ടി ഞാൻ സ്വയം പ്രചാരണത്തിനിറങ്ങുകയായിരുന്നു. ആരും ക്ഷണിച്ചിട്ടില്ല.

ജയിച്ചാലും അഞ്ച് വർഷം കൊണ്ട് രാഷ്ട്രീയം അവസാനിപ്പിക്കും. ചെറുപ്പക്കാർക്ക് അവസരം കൊടുക്കാൻ വേണ്ടിയാണിത്. ഞാൻ ജയിച്ചില്ലെങ്കിലും ബിജെ പി ഇത്തവണ അക്കൗണ്ട് തുറക്കും. ജനങ്ങൾക്ക് മടുത്തിരിക്കുകയാണ്. രാജ് മോഹൻ ഉണ്ണിത്താനൊക്കെയാണ് ഇത്തവണ എന്റെ എതിരാളി. അവരെല്ലാം രാഷ്ട്രീയത്തിൽ പയറ്റിത്തെളിഞ്ഞവരാണ്. അതുകൊണ്ട് തന്നെ ജയിക്കുമെന്ന പ്രതീക്ഷ കുറവാണ്. ജയിച്ചാലും അധികാരത്തിലുള്ളത് മറ്റ് സർക്കാരായതിനാൽ കാര്യമായി എന്തെങ്കിലും ചെയ്യാൻ കഴിയുമെന്ന് തോന്നുന്നില്ല.

ഞാൻ നടനായതും എനിക്കു അസുഖം വന്നതുമെല്ലാം തീരെ പ്രതീക്ഷിക്കാതെയാണ്. അതുപോലെ തന്നെ രാഷ്ട്രീയ പ്രവേശനവും ആകസ്മികം മാത്രമാണ്. ജയിച്ചാലും സിനിമയിൽ തുടരും. സിനിമയിൽ ഇടയ്ക്കൊക്കെ ചില വേഷങ്ങൾ ചെയ്യണമെന്നുണ്ട്. കുണ്ടറയിലാണ് എന്നെ മത്സരിപ്പിക്കാൻ ഉദ്ദേശിക്കുന്നതെന്നാണ് അറിയുന്നത്. മത്സരിപ്പിക്കുന്നത് സംബന്ധിച്ച് ഒൗദ്യോഗികമായി യാതൊരു അറിയിപ്പും വന്നിട്ടില്ല.

എന്തിനേയും എതിർക്കുന്ന പ്രവണതയാണ് രാഷ്ട്രീയ പാർട്ടികൾക്ക്. അമ്മായിയമ്മപ്പോര് പോലെയാണ് പാർട്ടികൾ തമ്മിലുള്ള പ്രശ്നങ്ങൾ. മകൻ മരിച്ചാലും മകളുടെ കണ്ണീരു കണ്ടാൽ മതിയെന്ന കാഴ്ചപ്പാടാണ്. സർക്കാരിനെ താഴെയിറക്കണമെന്ന് പ്രതിപക്ഷവും പ്രതിപക്ഷത്തെ എങ്ങനെയെങ്കിലും ഒതുക്കിയാൽ മതിയെന്ന് ഭരണ പക്ഷവും ചിന്തിക്കുന്ന രീതിയാണ്. അതുകൊണ്ട് തന്നെ രാഷ്ട്രീയത്തിൽ ഇറങ്ങണമെന്ന് ഒരിക്കലും ആഗ്രഹിച്ചിട്ടില്ല. വിധിയുടെ വിളയാട്ടം പോലെയാണ് മത്സരിപ്പിക്കാനുള്ള തീരുമാനം വന്നിരിക്കുന്നത്.

ഞാനാരോടും മത്സരിക്കണമെന്നാവശ്യപ്പെട്ടിട്ടില്ല. പലും എന്റെ പേര് നിർദേശിക്കുകയായിരുന്നു. കെട്ടിയിറക്കപ്പെട്ട സ്ഥാനാർഥിയെ വേണ്ട എന്ന് ആരെങ്കിലും പറഞ്ഞാൽ ഞാൻ തിരഞ്ഞെടുപ്പിൽ മത്സരിക്കില്ല. ഞാൻ മത്സരിക്കണമെന്ന് കുണ്ടറയിലെ ആളുകൾ വന്നു പറഞ്ഞാൽ മാത്രമേ മത്സരിക്കൂ.

പത്തനാപുരത്ത് നേർച്ചക്കോഴിയാക്കണമെന്ന് ആയിരുന്നു പലരുടേയും ആഗ്രഹം. അവിടെ ഗണേഷിനോടും ജഗദീഷിനോടും മത്സരിക്കാൻ ഞാനില്ല. ഗണേഷിനെ രാഷ്ട്രീയക്കാരനെന്ന നിലയിൽ വളരെ ഇഷ്ടമാണ്. അദ്ദേഹത്തിന്റെയടുത്ത് പോയി ഞാൻ മത്സരിച്ചാൽ ജയിക്കില്ല എന്ന് ഉറപ്പുണ്ട്. കൊല്ലത്തും മുകേഷിനെതിരെ മത്സരിക്കില്ല. ഞാൻ വില്ലന്റേയും ദുഷ്ടന്റേയും വേഷം കെട്ടുമെങ്കിലും മനസ് ദുർബലമാണ്. ആരെങ്കിലും എതിർത്താൽ മത്സരിക്കില്ലെന്നും കൊല്ലം തുളസി മനോരമ ഒാൺലൈനോട് വ്യക്തമാക്കി.