കെപിഎസി ലളിതയെ കളത്തിലിറക്കി സി.പി.എം

‘നമ്മുടെ നാട്ടിൽ ഒരാൾക്ക് പ്യൂൺ ജോലി കിട്ടണമെങ്കിൽ മിനിമം യോഗ്യത എസ്എസ്എൽസിയാണ്. ഈ മിനിസ്റ്റർ ആകുന്നതിന് എന്ത് ക്വാളിഫിക്കേഷൻ ആണ് വേണ്ടത്? ജനാർദ്ദനന്റെ ഈ ചോദ്യത്തിന് കെപിഎസി ലളിതയുടെ മറുപടി ഇങ്ങനെ, ജനപിന്തുണ...ജനങ്ങളുടെ അംഗീകാരം നേടുന്നവർ ജനങ്ങളെ ഭരിക്കും.

സിനിമയിൽ ഒരേയൊരു തവണ മാത്രമേ കെപിഎസി ലളിത എംഎൽഎ ആയിട്ടുള്ളു. യുവജനോൽസവത്തിലെ ഈ ഡയലോഗ് തന്നെയാണ് രാഷ്ട്രീയത്തിൽ കന്നിയങ്കത്തിനിറങ്ങുമ്പോൾ ലളിതയുടെ കരുത്ത്. ജനപിന്തുണ തനിക്കൊപ്പമാകുമെന്ന പ്രതീക്ഷ.

യു.ഡി.എഫിന്റെ സിറ്റിങ് സീറ്റായ വടക്കാഞ്ചേരിയിൽ കെ.പി.എ.സി ലളിതയെ സ്ഥാനാർഥിയാക്കുന്നതോടെ ലോക്സഭ തിരഞ്ഞെടുപ്പിൽ ഇന്നസെന്റിനെ ഉപയോഗിച്ചുള്ള പരീക്ഷണത്തിന്റെ രണ്ടാംവിജയമാണ് സി.പി.എം ലക്ഷ്യമിടുന്നത്. അന്ന് ചാലക്കുടിയിൽ സംഭവിച്ച പിഴവ് വടക്കാഞ്ചേരിയിൽ ആവർത്തിക്കാതിരിക്കാനുള്ള മുൻകരുതലിലാണ് യു.ഡി.എഫ്. അതുകൊണ്ടുതന്നെ സംസ്ഥാനശ്രദ്ധയാകർഷിക്കുന്ന മൽസരത്തിന് വടക്കാഞ്ചേരി വേദിയാകുമെന്ന് ഉറപ്പായി.

വടക്കാഞ്ചേരി മണ്ഡലത്തിന്റെ ഘടന നോക്കിത്തന്നെയാണ് സിപിഎം കെപിഎസി ലളിതയെ സ്ഥാനാർഥിയാക്കിയതെന്ന് വ്യക്തം. പുരുഷവോട്ടർമാരേക്കാൾ 9400 സ്ത്രീകൾ കൂടുതൽ. 2011 ൽ സിഎൻ ബാലകൃഷ്ണന്റെ ഭൂരിപക്ഷം 6685 വോട്ടായിരുന്നു. നാട്ടുകാരിയായ ലളിതയ്ക്ക് സ്ത്രീവോട്ടർമാരെ ഒപ്പം നിർത്താൻ കഴിഞ്ഞാൽ ജയത്തിനായി അധികം ബുദ്ധിമുട്ടേണ്ടിവരില്ലെന്നാണ് സിപിഎമ്മിന്റെ പ്രതീക്ഷ.

സിനിമാ താരമാണെങ്കിലും ഇതുപോലെ ഇടതുപക്ഷത്തോടുള്ള ഇണക്കം പറ്റുന്നിടത്തൊക്കെ തുറന്നു പ്രകടിപ്പിച്ചിട്ടുണ്ട് കെപിഎസി ലളിത. പേരിന് മുമ്പുള്ള നാലക്ഷരം തന്നെയാണ് അതിന്റെ അടിത്തറ. അപ്പുറത്ത് താരമായതുകൊണ്ടുതന്നെ എതിരാളികളും തയാറെടുപ്പൽ ഒട്ടും കുറയ്ക്കുന്നില്ല. അനിൽ അക്കര, രാജേന്ദ്രൻ അരങ്ങത്ത്, കെ.അജിത് കുമാർ എന്നിവരിൽ ഒരാളാകും കോൺഗ്രസ് സ്ഥാനാർഥി