രഞ്ജിത്തിന്റെ ലീലയില്‍ പാർവതി നമ്പ്യാർ നായിക

രഞ്ജിത്തിന്റെ പുതിയ ചിത്രം ലീലയിൽ ലീലയായി അഭിനയിക്കുന്നത് പാർവതി നമ്പ്യാർ. സ്ത്രീ കഥാപാത്രത്തിന് ഏറെ പ്രാധാന്യമുള്ള രഞ്ജിത് ചിത്രത്തിൽ ആരാകും നായികയെന്ന കാത്തിരിപ്പിന് ഇതോടെ വിരാമമായി.

ചിത്രത്തിലെ നായികാ വേഷത്തിലേക്ക് ആൻ അഗസ്റ്റിന്റെയും പിന്നീട് റിമാ കല്ലിങ്കലിന്റെയും പേരുകൾ പ്രചരിച്ചിരുന്നു. ഇപ്പോൾ രഞ്ജിത് തന്നെവെളിപ്പെടുത്തിയിരിക്കയാണ് ചിത്രത്തിലെ നായികയാരെന്ന് . ഒട്ടേറെ മലയാള ചിത്രങ്ങളിൽ പാർവതി അഭിനയിച്ചിരുന്നുവെങ്കിലും അധികം ശ്രദ്ധിക്കപ്പെട്ടിരുന്നില്ല. ഇത്രയും പ്രധാനപ്പെട്ടൊരു വേഷത്തിലേക്ക് അധികം പ്രശസ്തയല്ലാത്ത അഭിനേത്രിയെ രഞ്ജിത് നായികയാക്കിയത് അഭിനയമികവ് കണ്ടിട്ടാണ്.

പലരേയും പരിഗണിച്ചതിനു ശേഷമാണ് പാർവതിയിലേക്കെത്തിയത്. പാർവതിയിലേക്ക് രഞ്ജിത് എത്തിയതും നാടകങ്ങൾ കണ്ടിട്ടാണ്. മമ്മൂട്ടി നായക കഥാപാത്രമാകുമെന്ന് പറഞ്ഞുകേട്ടുവെങ്കിലും, പിന്നീട് രഞ്ജിത് തന്നെ ബിജു മേനോനാണ് നായകനെന്ന് വ്യക്തിമാക്കി. ലീലയെന്ന അനാഥപ്പെണ്‍കുട്ടിയുടെ കഥപറയുന്ന കലാമൂല്യമുള്ള ചിത്രമാണ് ലീല. ഉണ്ണി ആറിന്റെ പ്രശസ്തമായ കഥയാണ് സിനിമയാകുന്നത്. തിരക്കഥയും ഉണ്ണി ആർ തന്നെ.

വിജയരാഘവൻ, ജഗദീഷ്, ഇന്ദ്രൻസ് എന്നിവരും ചിത്രത്തിലുണ്ട്. ഇതിനു മുൻപ് രഞ്ജിത് സിനിമയാക്കിയ പല സാഹിത്യ സൃഷ്ടികളും ഏറെ ശ്രദ്ധനേടിയിരുന്നു.