ലീല റിലീസിങിന് ഓൺലൈനിലൂടെ കാണാം

മലയാള സിനിമാ ചരിത്രത്തില്‍ ഒരു പുതിയ അദ്ധ്യായം തുടങ്ങുകയാണ്, ഇന്ത്യ ഒഴികെ ലോകത്ത് എവിടെ ഇരുന്നും മലയാള സിനിമ ഇന്ത്യയില്‍ റിലീസ് ചെയ്യുന്ന സമയത്ത് തന്നെ കാണാം. സംവിധായകൻ രഞ്ജിത് തന്റെ പുതിയ ചിത്രം ലീല ഓൺലൈൻ വഴി റിലീസ് ചെയ്യാനുള്ള പദ്ധതിയിലാണ്.

വെബ്സൈറ്റ് വഴിയാണ് ലീല ഓൺലൈൻ റിലീസിനെത്തുക. ഇന്ത്യയില്‍ സിനിമ റിലീസ് ആകുന്ന സമയം മുതല്‍ ഓണ്‍ലൈനിലും കിട്ടും. 24 മണിക്കൂര്‍ വരെ ഇത് ഓണ്‍ലൈനിലുണ്ടാവും.

ഈ സംരംഭത്തിലെ ആദ്യത്തെ സിനിമ ഏപ്രിൽ 22 നു റിലീസ് ചെയ്യുന്ന ക്യാപ്പിറ്റോള്‍ തിയേറ്റേഴ്സിന്റെ ലീല. ഏപ്രിൽ 15 മുതല്‍ ഇതിന്റെ അഡ്വാന്‍സ് ബുക്കിങ്ങ് ചെയ്യാവുന്നതാണ്. അഡ്വാന്‍സ് ബുക്കിങ്ങ് ചെയ്യുന്നവര്‍ക്ക് ഇളവുകളുണ്ട്.

വിവാദങ്ങൾക്കും വിലക്കിനുമിടയിൽ രഞ്ജിത്തിന്റെ ലീല റിലീസിനെത്തുന്നത്. ചിത്രത്തിന് ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍ പ്രഖ്യാപിച്ച അപ്രഖ്യാപിത വിലക്കും തുടർന്ന് രഞ്ജിത് നടത്തിയ പ്രതിഷേധവും വാര്‍ത്തയായിരുന്നു.ബിജു മേനോൻ നായകനാകുന്ന ചിത്രത്തിൽ പാർവതി നമ്പ്യാർ ആണ് നായിക.

ഉണ്ണി ആറിന്റെ പ്രശസ്തമായ കഥയാണ് സിനിമയാകുന്നത്. തിരക്കഥയും ഉണ്ണി ആർ തന്നെ. വിജയരാഘവൻ, ജഗദീഷ്, ഇന്ദ്രൻസ് എന്നിവരും ചിത്രത്തിലുണ്ട്.