രഞ്ജിത്തിന്റെ ലീല സിനിമയ്ക്ക് അപ്രഖ്യാപിത വിലക്ക്

ബിജു മേനോനെ നായകനാക്കി രഞ്ജിത് ഒരുക്കുന്ന ചിത്രം ലീലയ്ക്ക് അപ്രഖ്യാപിത വിലക്ക്. ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷനാണ് രഞ്ജിതിനെതിരെ വാളെടുക്കുന്നത്. ലീലയുടെ റിലീസിംഗ് തടയുമെന്ന് വിതരണക്കാരും തിയേറ്റര്‍ ഉടമകളും പറഞ്ഞു. 2015-ന്റെ അവസാനം നിർമാതാക്കളുടെ സമരത്തിനെ വകവയ്ക്കാതെ ഷൂട്ടിങ് തുടര്‍ന്നതിനാണ് ചിത്രത്തിന് വിലക്കേര്‍പ്പെടുത്തിയത്.

മൾട്ടിപ്ലക്സ് തീയറ്ററുകളിലടക്കം വിളിച്ച് ഈ സിനിമ റീലീസ് ചെയ്യരുതെന്നാണ് പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ പറയുന്നത്. പ്രൊഡ്യൂസേഴ്സ് അസോസിയേഷന്റെ നിലപാടുകൾക്ക് വിരുദ്ധമായി പ്രവർത്തിച്ചുവെന്നതാണ് രഞ്ജിത്തിനെതിരായ ഈ ഒളിയുദ്ധത്തിന് കാരണം.

വേതനം കൂട്ടണമെന്നാവശ്യപ്പെട്ട് സിനിമാ തൊഴിലാളികൾ നടത്തിയ സമരത്തിനെ രഞ്ജിത് പിന്തുണച്ചിരുന്നു. തൊഴിലാളികൾ ആവശ്യപ്പെട്ട വേതനം കൂട്ടി നല്‍കിയാണ് രഞ്ജിതും കൂട്ടരും ചിത്രീകരണം പൂർത്തിയാക്കിയത്. തൊഴിലാളികളുടെ ആവശ്യം അംഗീകരിക്കില്ലെന്ന് കാണിച്ച് സിനിമാ നിർമാതാക്കൾ നടത്തിയ സമരം വകവയ്ക്കാതെ മുന്നോട്ട് നീങ്ങിയതിനാണ് രഞ്ജിതിനെതിരായ നടപടി ഇപ്പോൾ കടുപ്പിക്കുന്നത്. തീരെ ചെറിയ വേതന വർധനവായിരുന്നു ഇവർ ആവശ്യപ്പെട്ടതും. ഈ തൊഴിലാളി സൗഹൃദ മനോഭാവത്തിനാണ് രഞ്ജിതിനെ പ്രൊഡ്യൂസേഴ്സ് അസോസിയേഷനിൽ നിന്ന് പുറത്താക്കിയതും. ഇപ്പോൾ ആ വിരോധം റിലീസിനോടടുത്തപ്പോൾ സിനിമയിലേക്കും നീളുന്നു.

ലീലയുടെ ചീത്രീകരണത്തിനിടെ ഷൂട്ടിങ് ആരംഭിച്ച രാജീവ് രവി സംവിധാനം ചെയ്യുന്ന ദുല്‍ഖർ സൽമാൻ ചിത്രവും ലീലയ്ക്കൊപ്പം ഷൂട്ടിങ് തുടങ്ങിയെങ്കിലും സമരം മൂലം നിർത്തിവച്ചിരുന്നു. രഞ്ജിത് സധൈര്യം മുന്നോട്ട് നീങ്ങിയതാണ് ചിത്രത്തിന്റെ റീലീസ് തടഞ്ഞ് പ്രതിഷേധിക്കാൻ ചില കേന്ദ്രങ്ങളെ പ്രേരിപ്പിച്ചത്.

സംഘടനയിലുള്ള സിനിമയെ സ്നേഹിക്കുന്ന ആളുകൾ ഈ വിഷയത്തിൽ അനുകൂല നടപടിയെടുക്കുമെന്ന പ്രതീക്ഷയിലാണ് ചിത്രത്തിന്റെ അണിയറപ്രവർത്തകർ. രഞ്ജിത്തിന്റെയും ഉണ്ണി ആറിന്റെയും അഞ്ച് വർഷത്തെ സ്വപ്നവും കഷ്ടപ്പാടുമൊക്കെയാണ് ലീല എന്ന ചിത്രം.