ജോമോന്‍റെ വേദന ഞാനും അനുഭവിച്ചതാണ്: എം. പി. സുകുമാരൻ നായർ

ഛായാഗ്രാഹകൻ ജോമോൻ ടി. ജോണുമായുള്ള അഭിമുഖം കണ്ടു. ഡിജിറ്റൽ സിനിമയുടെ ആവിർഭാവത്തോടെ കേരളത്തിലെ തിയറ്ററുകളിലെ ചലച്ചിത്ര പ്രദർശനത്തിൽ (കാഴ്ചയിലും കേൾവിയിലും) ഉണ്ടായിട്ടുള്ള മോശമായ അവസ്ഥയെപ്പറ്റിയുള്ള പരാമർശം സന്തോഷിപ്പിച്ചു. ഇക്കാര്യം ഞാൻ പലരോടും പറഞ്ഞു നിരാശനായതാണ്. പുതുക്കിപണിത പ്രമുഖ തിയറ്ററിൽ കഴിഞ്ഞ അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ എന്റെ ‘ജലാംശം’ എന്ന ചിത്രം പ്രദർശിപ്പിച്ചിരുന്നു. ആദ്യ പ്രദർശനമായിരുന്നു. ചെന്നൈയിലെ ഒരു സ്റ്റുഡിയോയിൽ വച്ച് ചിത്രത്തിന്റെ അന്തിമരൂപം ആത്മവിശ്വാസം പകരുന്നതായിരുന്നു. ഏറ്റവും നല്ല ക്യാമറ കൊണ്ടു ചിത്രീകരണം നടത്തി.

നല്ല ലബോറട്ടറിയിൽ കളർ കറക്‌ഷൻ നിർവഹിക്കുകയും ചെയ്തു. എന്നാൽ ചലച്ചിത്രമേളയിലെ പ്രദർശനം തുടങ്ങിയതോടെ സ്ക്രീനിൻ നോക്കിയിരിക്കാൻ ലജ്ജ തോന്നി. അത്രയും മോശമാണു ചിത്രങ്ങളും ശബ്ദവും. പശ്ചാത്തല സംഗീതം ഇല്ലാതെ പുറത്തു കേൾക്കുന്നത് ആകെ സംഭാഷണം മാത്രം. മറച്ചുവയ്ക്കാതെ ഞാനെന്റെ നിരാശ പ്രൊജെക്ഷണിസ്റ്റുമായി പങ്കുവച്ചു. അദ്ദേഹത്തിന്റെ അഭിപ്രായമാണെന്നെ ഏറ്റവുമധികം അദ്ഭുതപ്പെടുത്തിയത്. ‘ചിത്രാഞ്ജലിയിൽ നിന്നു വരുന്ന പ്രിന്റുകളുടെ ശബ്ദം പലപ്പോഴും മോശമാണ്’. പുതിയ ചലച്ചിത്രകാരനാണെങ്കിൽ ഞാനതു വിശ്വസിച്ചുപോയേനെ.

മൊയ്തീന്‍ കണ്ട് തകര്‍ന്നുപോയി: ജോമോന്‍ ടി. ജോണ്‍

ഏതാണ്ട് പത്തു മുപ്പതു കൊല്ലത്തിലധികമായി ചിത്രാഞ്ജലിയിലെ ശബ്ദവിദഗ്ധരായ ഹരികുമാറിനോടും കൃഷ്ണനുണ്ണിയോടും ഒരുമിച്ചു ഹ്രസ്വചിത്രങ്ങളിലും മുഴുനീള ചിത്രങ്ങളിലും പ്രവർത്തിച്ചു പരിചയമുള്ളതുകൊണ്ടും ഇവർ ചെയ്ത ശബ്ദമടങ്ങുന്ന എന്റെ സിനിമകൾ പല വിദേശമേളകളിൽ കാണിക്കാൻ അവസരം കിട്ടിയിട്ടുള്ളതുകൊണ്ടും ഏറ്റവും ചെറിയ ശബ്ദംപോലും അവിടങ്ങളിൽ സ്ഫുടമായി കേട്ടിട്ടുള്ളതുകൊണ്ടും ഞാനദ്ദേഹത്തോടു വിയോജിപ്പ് പ്രകടിപ്പിച്ചു. ജലാംശം താരതമ്യേന പഴയതും പ്രശസ്തി കുറഞ്ഞതുമായ തിരുവനന്തപുരത്തെ മറ്റൊരു തിയറ്ററിലും കാണിച്ചു. മടിച്ചുമടിച്ചാണു ഞാൻ ചിത്രം കാണാൻ പോയത്. അദ്ഭുതമെന്നു പറയട്ടെ അവിടെ ചിത്രങ്ങളും ശബ്ദവും ഏറെ നന്നായിരിക്കുന്നു. ചിത്രത്തിലെ കറുപ്പിനും വെളുപ്പിനും മിഴിവ് വന്നിരിക്കുന്നു. ചെറിയ ശബ്ദം പോലും വേർതിരിച്ചു കേൾക്കാം. അപ്പോൾ ഉള്ളടക്കത്തിലല്ല അതു പ്രദർശിപ്പിച്ചതിലാണു കുഴപ്പം എന്നു പിടികിട്ടി.

നിശബ്ദ സിനിമയിൽ നിന്നു ശബ്ദ സിനിമയിലേക്കുള്ള പ്രയാണത്തിലും തുടർന്നുള്ള വളർച്ചയുടെ കാലത്തും പല വിധത്തിലുള്ള സ്റ്റാൻഡഡൈസേഷനു സിനിമയെന്ന മാധ്യമം വിധേയമായിട്ടുണ്ട്. പുതുതായി രംഗത്തുവന്ന ഡിജിറ്റൽ സാങ്കേതിക വിദ്യക്കും ഇത്തരം ചില ക്രമപ്പെടുത്തലുകൾ ആവശ്യമാണെന്നും അതിനായി ഛായാഗ്രാഹകരും ശബ്ദലേഖകരും പ്രദർശനശാലക്കാരും മറ്റു ബന്ധപ്പെട്ടവരും മുന്നോട്ടു വരുമെന്ന പ്രതീക്ഷയുമാണു ജോമോൻ ടി. ജോണിന്റെ പരാമർശം എന്നെ ആശ്വസിപ്പിക്കുന്നത്.