ദാ വന്നു, ദേ പൊട്ടി 68 സിനിമകൾ

ആറുമാസം 68 സിനികൾ, നേട്ടമുണ്ടാക്കിയത് ആറു സിനിമകൾ. മലയാള സിനിമയുടെ 2015 ജനുവരി‍ മുതൽ ജൂൺ അവസാനം വരെയുള്ള കണക്കെടുക്കുമ്പോൾ നഷ്ടം എത്രയെന്നു കൃത്യമായി പറയാൻ പറ്റില്ലെങ്കിലും സിനിമയുടെ വരവുചെലവു പുസ്തകത്തിൽ നഷ്ടം ബാക്കി.

സൂപ്പർസ്റ്റാറുകളിൽ നിന്ന് മലയാള സിനിമയുടെ നിയന്ത്രണം നിവിൻപോളി എന്ന യുവനടനിലേക്കു മാറിയെന്നതാണ് ആറുമാസത്തെ മറ്റൊരു പ്രത്യേകത. പതിവുപോലെ പരാജയത്തിൽ നിന്നുതന്നെയാണ് 2015 തുടങ്ങിയത്. നടൻ ശങ്കർ സംവിധാനം ചെയ്ത സാൻഡ് സിറ്റിയായിരുന്നു ആദ്യ റിലീസ്. സുരേഷ്ഗോപിയുടെ ശൈലിയിൽ പറഞ്ഞാൽ ദേ വന്നു ദാ പോയി. അതായിരുന്നു സാൻഡ് സിറ്റി. ഇതിനു പിന്നാലെ കുറേയേറെ ചിത്രങ്ങൾ വന്നു. പക്ഷേ, അതൊന്നും കാണാൻ പ്രേക്ഷകരെ കിട്ടിയിരുന്നില്ല.

ഫഹദ് ഫാസിലിൻറെ മറിയംമുക്ക് ആയിരുന്നു 2015ലെ ആദ്യത്തെ പ്രധാന ചിത്രം. എല്ലാ ചിത്രങ്ങളിലും വിജയം നേടാറുണ്ടായിരുന്ന ഫഹദിനും ഇക്കുറി കാലിടറി. ജയിംസ് ആൽബർട്ട് എന്ന തിരക്കഥാകൃത്ത് ആദ്യമായി സംവിധാനം ചെയ്ത ചിത്രം കഥയുടെ പോരായ്മകൊണ്ടു തന്നെ വൻപരാജയമായി. കയ്യെത്തും ദൂരത്തിനു ശേഷം ഫഹദ് നേരിട്ട ആദ്യ വൻ പരാജയം. പിന്നാലെയെത്തിയ ഹരവും ഒരു ഹരവുമുണ്ടാക്കാതെ പോയി.

ഫഹദിനെ പോലെ വൻ നഷ്ടമുണ്ടാക്കിയ നടൻ ജയസൂര്യയായിരുന്നു. ആട് ഒരു ഭീകര ജീവിയല്ല, കുമ്പസാരം, ലൂക്കാചുപ്പി എന്നീ മൂന്നു റിലീസുകളാണ് ജയസൂര്യയ്ക്കുണ്ടായിരുന്നത്. മൂന്നും തകർച്ചയായി പോയി. അതേപോലെ ആസിഫ് അലി നായകനായ രണ്ടു ചിത്രങ്ങളെത്തി. യൂ ടൂബ്രൂട്ടസ്, നിർണായകം. രൂപേഷ് പീതാംബരൻറെതായിരുന്നു യൂ ടൂ ബ്രൂട്ടസ്. കാലംതെറ്റിയെത്തിയ ന്യൂജനറേഷൻ ചിത്രമായിരുന്നു അത്. അതേപോലെ വി..കെ.പ്രകാശ് എന്ന സംവിധായകനും സഞ്ജയ്–ബോബി തിരക്കഥാടീമും ആദ്യമായി ഒന്നിച്ച നിർണായകവും തിയറ്ററിൽ ഒരിളക്കവുമുണ്ടാക്കാതെ പോയി.

സംവിധായകൻ കമലിൻറെ മകൻ ജുനൂസ് മുഹമ്മദ് ആദ്യമായി സംവിധാനം ചെയ്ത 100 ഡെയ്സ് ഓഫ് ലവ് ആയിരുന്നു ദുൽക്കർ സൽമാന്റെ മലയാള ചിത്രം. ആവറേജ് ഹിറ്റിനു മുകളിലേക്കു പോകാൻ ഇതിനും സാധിച്ചില്ല. മണിരത്നം സംവിധാനം ചെയ്ത ഓകെ കൺമണിയും കേരളക്കരയിൽ ഒകെയായിരുന്നില്ല.

മേജർ രവി സംവിധാനം ചെയ്ത പിക്കറ്റ് 43 , ശ്യാമപ്രസാദിന്റെ ഇവിടെ എന്നിവയായിരുന്നു പൃഥ്വിരാജിൻറെതായി റിലീസ് ചെയ്ത ചിത്രങ്ങൾ. നല്ലൊരു ചിത്രമായിരുന്നെങ്കിലും പ്രതീക്ഷിച്ച വിജയം നേടാൻ അതിർത്തിയിലെ കഥ പറഞ്ഞ ചിത്രത്തിനു സാധിച്ചില്ല.

യുവതാരങ്ങളെല്ലാം ഇങ്ങനെ പിന്നാക്കം പോയപ്പോൾ നേട്ടമുണ്ടാക്കിയ ഏക നടൻ നിവിൻപോളിയായിരുന്നു. നിവിൻപോളിയുടെ ഗ്രാഫ് കുത്തനെ ഉയർന്നമാസങ്ങളായിരുന്നു കഴിഞ്ഞുപോയത്. ഈ വർഷം ആദ്യം റിലീസ് ചെയ്ത്‍ത് രാജേഷ് പിള്ള സംവിധാനം ചെയ്ത മിലിയായിരുന്നു. മിലി കുടുംബപ്രേക്ഷകര്‍ ഒന്നടങ്കം എറ്റെടുത്ത ചിത്രം കൂടിയാണ്. തുടർന്നെത്തിയ ഒരു വടക്കൻ സെൽഫി നിവിൻ എന്ന നടനെ ആകെ മാറ്റിമറിച്ചു. പ്രജിത്ത് സംവിധാനം ചെയ്ത ചിത്രത്തിൻറെ ഹൈലൈറ്റ് വിനീത് ശ്രീനിവാസൻറെ തിരക്കഥയായിരുന്നു. കൂടെ അജുവർഗീസ് എന്ന നടൻറെ കോമഡികളും. നിവിൻ പോളിയുടെ വിജയത്തിൽ വലംകൈ ആയി എപ്പോഴുമുണ്ടാകാറുള്ള അജുവർഗീസ് ഇല്ലാതെയായിരുന്നു അടുത്ത ചിത്രമായ പ്രേമം എത്തിയത്.

അൽഫോൺസ് പുത്രൻറെ പ്രേമം എത്തിയതോടെ നിവിൻ കോടികളുടെ ലോകത്തേക്കുയർന്നു. പ്രതിഫലം എത്ര ചോദിച്ചാലും കൊടുക്കാൻ നിർമാതാക്കൾ തയാറായി നിൽക്കുന്ന സ്ഥിതിയിലേക്കു വളർന്നു. ഇപ്പോഴും തിയറ്ററിൽ തകർത്തോടുകയാണ് പ്രേമം. ഈ ചിത്രത്തിനൊപ്പം റിലീസ് ചെയ്ത ഇവിടെ തിയറ്ററിൽ പരാജയപ്പെട്ടപ്പോൾ ആ ക്ഷീണം നിവി‍ൻപോളിയെ ബാധിച്ചില്ല. മോഹൻലാലിൻറെ രണ്ടു ചിത്രങ്ങളെത്തി. ഇതിൽ സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത എന്നും എപ്പോഴും നേട്ടമുണ്ടാക്കിയപ്പോൾ ജോഷി സംവിധാനം ചെയ്ത ലൈല ഓ ലൈല ദുരന്തമായിപ്പോയി. മമ്മൂട്ടിയെ നായകനാക്കി ദീപു കരുണാകരൻ സംവിധാനം ചെയ്ത ഫയർമാൻ, സിദ്ദീഖിൻറെ ഭാസ്കർ ദ് റാസ്കൽ എന്നിവയും ജയം നേടി. മര്യാദ രാമനായിരുന്നു ദിലീപിന്റെ ചിത്രം. തെലുങ്കിലെ ഹിറ്റ് ചിത്രത്തിന്രെ കഥ മലയാളത്തിലേക്കു കൊണ്ടുവന്നപ്പോഴുള്ള എല്ലാ രസക്കേടുമുള്ളൊരു ചിത്രമായിരുന്നു ഇത്. അത് ദിലീപിന്റെ ജനപ്രീതിക്കു ദോഷമാകുകയും ചെയ്തു. പക്ഷേ ചന്ദ്രേട്ടൻ എവിടെയാ ദിലീപിന് ആശ്വാസവിജയമായി

ജയറാം നായകനായ തിങ്കൾ മുതൽ വെള്ളി വരെ, കാവ്യാ മാധവൻറെ ഷീ ടാക്സി എന്നിവയാണു വൻ പരാജയം ഏറ്റുവാങ്ങിയ രണ്ടു ചിത്രങ്ങൾ. ലാൽജോസ് ഒരുക്കിയ നീന പ്രമേയത്തിലെ വ്യത്യസ്തതകൊണ്ട് ശ്രദ്ധേമായി.

പേരുപോരും ഓർത്തുവയ്ക്കാത്ത ധാരാളം ചിത്രങ്ങൾ ഈ ആറുമാസം കൊണ്ട് തിയറ്ററിലെത്തി. എന്തിന് ഇത്തരം ചിത്രങ്ങളെന്നു ചോദിച്ചാൽ ഉത്തരമില്ല. ഇനിയും അതുപോലെയുള്ള ചിത്രങ്ങൾ റിലീസ് ചെയ്യും, മലയാള സിനിമകളുടെ നഷ്ടത്തിന്റെ കണക്കുകൾ കൂട്ടാൻ.