മണിയൻപിള്ള രാജുവിന്റെ മധുരപ്രതികാരം

സിനിമാജീവിതത്തിലെ രസകരമായ അനുഭവം പങ്കുവച്ച് നടൻ മണിയൻ പിള്ളരാജു. അഭിനയകാലത്തിന്റെ ആദ്യ ഘട്ടങ്ങളിൽ ഉണ്ടായ അനുഭവമാണ് നടൻ തുറന്നുപറഞ്ഞത്.

‘അഭിനയിക്കാൻ വന്ന കാലത്ത് പിന്നിൽ നിന്ന് കുത്തിയ ഒരുപാട് പേരുണ്ട്. ‘വാളെടുത്താൽ വാളാൽ’ എന്ന സിനിമ. കോൺസ്റ്റബിളിന്റെ വേഷം, ഡയലോഗില്ല. കൂടെ അഭിനയിക്കുന്ന ബഹദൂർക്ക എനിക്കു വേണ്ടി സംസാരിച്ചു. രക്ഷയില്ല. മടങ്ങിയ എനിക്ക് പ്രൊഡക്ഷൻ മാനേജർ വണ്ടി തന്നില്ല. ഉമാ ലോഡ്ജിലേക്ക് ഓട്ടോ ചാർജ് രണ്ടു രൂപയാണ്. രണ്ടും കൽപിച്ച് ഓട്ടോ വിളിച്ചു. ആ കാശ് കടമായി തന്നത് ലോഡ്ജിനടുത്തുളള മുറുക്കാൻ കടക്കാരനാണ്.

വർഷങ്ങൾക്കു ശേഷം ‘ചിരിയോ ചിരി’ കഴിഞ്ഞ് മദ്രാസിലെ രഞ്ജിത്ത് ഹോട്ടലിൽ താമസിക്കുമ്പോൾ ഒരു പ്രൊഡക്ഷൻ മാനേജർ കാണാന്‍ വന്നു പറഞ്ഞു. ‘സ്കൂൾ തുറക്കുന്ന സമയമാണ്, മക്കൾക്ക് ബുക്ക് വാങ്ങാൻ 500 രൂപ തന്ന് സഹായിക്കണം.

ആയിരം രൂപ ഞാൻ കൊടുത്തു. അടുത്ത സിനിമയിൽ എന്തെങ്കിലും ചെറിയ അവസരം വാങ്ങിക്കൊടുക്കാൻ ഏർപ്പാടും ചെയ്തു. ‘സാറിനെ മരിച്ചാലും മറക്കില്ല’ എന്നു പറഞ്ഞു നിന്ന ആളോട് ഞാൻ ആ സത്യം വെളിപ്പെടുത്തി, ‘പണ്ട് വാളെടുത്തവൻ വാളാൽ’ എന്ന സിനിമയുടെ ലൊക്കേഷനിൽ നിന്ന് നിങ്ങൾ ഇറക്കിവിട്ട സുധീർ കുമാറാണ് ഞാൻ. അന്ന് എന്റെ സമയം മോശമായിരുന്നു.’ ഞാൻ കൊടുത്ത 1000 രൂപ അയാളുടെ കൈയിലിരുന്ന് പൊളളുന്നത് ഞാൻ കണ്ടു. ഇങ്ങനെയുളള മധുരപ്രതികാരങ്ങളൊക്കെ പലരോടും ചെയ്തിട്ടുണ്ട്. - മണിയൻ പിള്ള പറയുന്നു.

മണിയൻ പിള്ളയുമായുള്ള അഭിമുഖത്തിന്റെ പൂർണ രൂപം