മാതൃകയായി മഞ്ജു

മഞ്ജു വാരിയർ

നല്ല സിനിമയുടെ പെരുമഴക്കാലം പ്രേക്ഷകർക്ക് നൽകിയാണ് 2015 അവസാനിക്കുന്നത്. ക്രിസ്മസ് റിലീസായി തിയറ്ററുകളിലെത്തിയ ചിത്രങ്ങളെല്ലാം തന്നെ മികച്ച അഭിപ്രായം നേടി മുന്നേറുന്നു. ഒന്നിനെപ്പറ്റിയും പ്രേക്ഷകർക്ക് മോശാഭിപ്രായമില്ല. ഒരു തരത്തിൽ പറഞ്ഞാൽ വളരെ അപൂർവമായ ഒരു കാഴ്ച.

ബോക്സ് ഒാഫിസിൽ മത്സരങ്ങൾ പതിവാണെങ്കിലും അതൊക്കെ ഒരു വശത്തേക്ക് മാറ്റി നിർത്തി തങ്ങളുടെ സഹപ്രവർത്തകരെയും മറ്റും സിനിമകളുടെ അണിയറക്കാരെയും അഭിനന്ദിക്കാൻ വിശാല മനസ്സുള്ളവർക്കെ കഴിയൂ. അതിനൊരുത്തമ മാതൃകയാകുകയാണ് മഞ്ജു വാരിയർ.

മഞ്ജു ഫെയ്സ്ബുക്കിൽ കുറിച്ചതിങ്ങനെ.

നല്ല സിനിമകളുടെ പെരുമഴക്കാലമാണ് ഈ ക്രിസ്മസ്. എന്നെപ്പോലുള്ള സിനിമാപ്രേമികളെ സംബന്ധിച്ചടത്തോളം ഇത് സന്തോഷിക്കാനുള്ള സമയമാണ്.

തിയറ്ററുകളിലെ ഈ തിരക്കും ഞാൻ ആസ്വദിക്കുകയാണ്. ചാർലി സൂപ്പറാണ്, മാജിക്കലും. ചെറുപ്പത്തിന്റെ ഉണർവുകൊണ്ട് ശ്രദ്ധേയമാണ് അടി കപ്യാരെ കൂട്ടമണി. ടു കൺട്രീസിനും ബോക്സ്ഓഫീസിൽ മികച്ച പ്രതികരണം ലഭിക്കുന്നു. എന്റെ കൊച്ചു സിനിമയായ ജോ ആൻഡ് ദ് ബോയിയും നന്നായി മുന്നേറുന്നു.

ബോളിവുഡിലൊക്കെ അടുത്ത കാലത്തായി താരങ്ങൾ മറ്റു സിനിമകളുടെ പ്രമോഷനുകൾക്ക് പോകാറുണ്ടെങ്കിലും മലയാളത്തിൽ ഇതാദ്യമായായിരിക്കും സ്വന്തം ചിത്രം തീയറ്ററിൽ ഒാടുമ്പോൾ തന്നെ കൂടെയുള്ള മറ്റു സിനിമകളെയും പ്രശംസിച്ച് ഒരു താരം രംഗത്തെത്തുന്നത്. മഞ്ജുവിന്റെ മാതൃക മറ്റുള്ളവരും പിന്തുടരട്ടെ.