കമ്മട്ടിപ്പാടത്തെ കാഴ്ചകൾ പ്രായപരിധി എന്തിന്: മഞ്ജു വാരിയർ

ദുൽക്കർ നായകനായി എത്തിയ കമ്മട്ടിപ്പാടത്തെ പ്രശംസിച്ച് നടി മഞ്ജു വാരിയർ. സിനിമ എന്നു പറയുന്നതിനേക്കാൾ കമ്മട്ടിപ്പാടത്തെ ഒരു അനുഭവം എന്നാണ് മഞ്ജു വിശേഷിപ്പിച്ചത്. അസാധാരണമായ പ്രകടനമാണ് ദുൽക്കർ ഉൾപ്പടെയുള്ള താരങ്ങൾ കാഴ്ചവച്ചതെന്നും നടി പറഞ്ഞു.

മഞ്ജുവിന്റെ കുറിപ്പ് വായിക്കാം–

'കമ്മട്ടിപ്പാടം' കണ്ടു. അതിനെ സിനിമ എന്നുപറയുന്നതിനേക്കാള്‍ അനുഭവം എന്ന് വിളിക്കാനാണ് ഞാന്‍ ഇഷ്ടപ്പെടുന്നത്. അത്രമേല്‍ അസാധാരണമായ പ്രകടനമാണ് ഓരോരുത്തരുടെയും.
ദുല്‍ഖര്‍,വിനായകന്‍,മണികണ്ഠന്‍...നിങ്ങളില്‍ പ്രതിഭ ജ്വലിക്കുന്നു.

ഓരോ കഥാപാത്രവും ഉള്ളില്‍ പതിപ്പിക്കുന്നുണ്ട്, അവരവരുടേതായ അടയാളം. അതുകൊണ്ടു തന്നെ കണ്ടുതീര്‍ന്നിട്ടും എല്ലാവരും ഉള്ളില്‍ കൂടുവച്ചുപാര്‍ക്കുന്നു. 'കമ്മട്ടിപ്പാട'ത്തെത്തുമ്പോള്‍ ആദ്യത്തെ കുറച്ചുനിമിഷങ്ങള്‍ക്കുശേഷം നിങ്ങള്‍ മറന്നുപോകും,ഒരു സിനിമയാണ് കാണുന്നതെന്ന്. അതിലൂടെ കൂടുതല്‍ സഞ്ചരിക്കുമ്പോള്‍ അസാമാന്യമായ മികവും അമ്പരപ്പിക്കുന്ന ആഖ്യാനപാടവവുമുള്ള ഒരു സംവിധായകന്റെ വിരല്‍പ്പാട് ഓരോയിടത്തും കാണാം.

രാജീവ്..നിങ്ങള്‍ക്കുള്ള പ്രശംസയ്ക്ക് എന്റെ ഭാഷ അപൂര്‍ണം. മധുനീലകണ്ഠന്റെ ക്യാമറ ഒരിക്കല്‍ക്കൂടി നമ്മെ കൊതിപ്പിക്കുന്നു. 'കമ്മട്ടിപ്പാട'ത്ത് നൂറുമേനി വിളയിച്ച എല്ലാ അണിയറപ്രവര്‍ത്തകര്‍ക്കും ഹസ്തദാനം..

പക്ഷേ എനിക്ക് മനസ്സിലാകുന്നില്ല..എന്തിനാണ് സെന്‍സര്‍ ബോര്‍ഡ് ഈ ചിത്രത്തിന് എ സര്‍ട്ടിഫിക്കറ്റ് നല്കിയതെന്ന്?ഇതിലെ കാഴ്ചകള്‍ക്ക് എന്തിനാണ് പ്രായപരിധി നിശ്ചയിച്ചതെന്ന്..?'കമ്മട്ടിപ്പാടം' എല്ലാവരും കാണേണ്ട സിനിമതന്നെയാണ്.