ടിന്‍റു ലൂക്കക്ക് സമ്മാനവുമായി മഞ്ജു വാരിയര്‍

കേരളത്തിന്‍റെ അഭിമാനമായ രാജ്യാന്തകായികതാരം ടിന്‍റു ലൂക്കയെ അഭിനന്ദിച്ച് നടി മഞ്ജു വാരിയര്‍. ഉഷ സ്കൂള്‍ ഓഫ് അത് ലറ്റിക്സില്‍ നേരിട്ടെത്തിയാണ് മഞ്ജു ടിന്‍റുവിനെ അഭിനന്ദിച്ചത്. പി.ടി ഉഷയെ നേരില്‍ കാണാന്‍ കഴിഞ്ഞത് ജീവിതത്തിലെ മറക്കാനാകാത്ത ദിവസമാണെന്നും മഞ്ജു പറയുന്നു.

ഉഷ സ്കൂൾ ഓഫ് അത് ലറ്റിക്സിന്റെ മിന്നുന്ന താരമായ, രാജ്യത്തിന്റെ യശസ്സ് വാനോളം ഉയർത്തിയ ടിന്റു ലൂക്കക്ക് ഒരു ചെറിയ സമ്മാനവും മഞ്ജു നല്‍കി. മഞ്ജുവിന്‍റെ ഫേസ്ബുക്ക് വായിക്കാം. ‘ ഇന്നലെ എന്റെ ജീവിതത്തിലെ മറക്കാനാവാത്ത ദിവസം ആണ്. നമ്മുടെ അത് ലറ്റിക്സ് ഇതിഹാസം, നമ്മളെല്ലാം പയ്യോളി എക്സ്പ്രസ്സ്‌ എന്ന് സ്നേഹത്തോടെ വിളിക്കുന്ന പി. ടി. ഉഷയെ നേരിൽ കണ്ട ദിവസം. ഉഷ സ്കൂൾ ഓഫ് അത് ലറ്റിക്സിന്റെ പ്രവർത്തനം നേരിൽ കാണാനും, അവിടത്തെ പ്രതിഭകളെ നേരിട്ട് അഭിനന്ദിക്കാനും കിട്ടിയ അവസരം കൂടിയായി അത്.

ഒരു പത്ര വാർത്തയാണ് എന്നെ ഉഷ സ്കൂളിൽ എത്തിച്ചത്. 800 മീറ്റർ ഓട്ടത്തിൽ സ്വർണ്ണം നേടി ഏഷ്യൻ ചാമ്പ്യൻഷിപ്പ് ജേതാവായ ടിന്റു ലൂക്കയെ കുറിച്ചുള്ള വാർത്ത. ഇത്രയും വലിയ വിജയത്തിനു സമൂഹത്തിൽ നിന്നും, അധികാരികളിൽ നിന്നും അർഹിക്കുന്ന അംഗീകാരം കിട്ടിയില്ല എന്ന് തോന്നി, കഠിനമായ പരിശ്രമവും, പരിശീലനവും അംഗീകരിക്കാതെ പോവരുത് എന്നും തോന്നി.

അങ്ങനെയാണ് ഞാൻ ഇവിടെയെത്തിയത്, വന്നപ്പോൾ ടിന്റുവിനെ പോലെ പലരും ഇവിടെയുണ്ടെന്നു മനസ്സിലായി. അവരെ ലോകത്തിനു മുൻപിലെത്തിക്കാൻ പി. ടി. ഉഷ ചെയ്യുന്ന സേവനങ്ങളും കേട്ടറിഞ്ഞു, എനിക്കും എന്തെങ്കിലും ചെയ്യണം എന്നും തോന്നി.

ഉഷ സ്കൂളിനു വേണ്ടി നൃത്തവുമായി ഒരു വൈകുന്നേരം, അതിൽ നിന്ന് കിട്ടുന്ന തുക അവർക്കുള്ളതാണ്‌, സ്കൂളിനും നാളത്തെ പ്രതിഭകൾക്കും. എന്റെ നിർദ്ദേശം സ്വീകരിച്ചതിനു പി. ടി. ഉഷയ്ക്ക് നന്ദി. മഞ്ജു പറഞ്ഞു.