ആ പരാതി കേട്ട് ഞാൻ തകർന്നു പോയി: മേഘ്ന

വിവാഹം കഴിക്കാമെന്ന് വാഗ്ദാനം നൽകി താനാരേയും ചതിച്ചിട്ടില്ലെന്ന് നടി മേഘ്നാ രാജ്. ഈ ആരോപണം ഉന്നയിച്ചിരിക്കുന്ന ജനാർദ്ധനനെന്നയാളെ എനിക്ക് അറിയില്ല. എന്തിനാണ് ഇത്തരമൊരു നീക്കം എനിക്കെതിരെ നടത്തിയതെന്നും അറിയില്ല. ആരെയും പഴിക്കാനില്ല. പക്ഷേ എനിക്കാകെ ഷോക്ക് ആയിപ്പോയി ഈ വിഷയം. എനിക്ക് മാത്രമല്ല, കുടുംബത്തിനും തെലുങ്ക് ചലച്ചിത്ര ലോകത്തിനും അത് ആകെ ഞെട്ടലുണ്ടാക്കി. മേഘ്ന മനോരമ ഓൺലൈനോട് പറഞ്ഞു.

ഇന്നേവരെ എന്നിൽ നിന്ന് ഒരു പ്രശ്നവുമുണ്ടായിട്ടില്ല ആർക്കും. ഒരു ബ്ലാക് മാർക്കും കലാജീവിതത്തിലുണ്ടായിട്ടില്ല. അതുകൊണ്ടു തന്നെ ഇത്തരമൊരു കാര്യം സംഭവിച്ചതിൽ എനിക്കൊരുപാട് വിഷമമുണ്ട്. ഈ പരാതി കൊടുത്തയാൾക്ക് മാനസിക പ്രശ്നമുണ്ട് എന്നാണ് ഞങ്ങൾ അറിഞ്ഞത്. എനിക്കറിയില്ല ഇതിലും എന്തെങ്കിലും സത്യമുണ്ടോയെന്ന്. എന്തുതന്നെയായാലും കേസുമായി മുന്നോട്ടു പോകും. മേഘ്ന മനോരമ ഓൺലൈനോട് പറഞ്ഞു.

ഒരു കാരണവുമില്ലാതെ ആർക്കെങ്കിലും എതിരെ പരാതി കൊടുത്ത് അവരെ താഴ്ത്തിക്കെട്ടാനുള്ള ശ്രമം ഒരിക്കലും അനുവദിക്കാൻ പാടില്ല. അതുകൊണ്ടാണ് ഞാൻ കേസുമായി മുന്നോട്ടു പോകുന്നത്. ആരാണ് ഇതിനു പിന്നിലെന്ന കാര്യം പുറത്തുവരരുത്. ഇനിയാരും ആർക്കെതിരെയും ഇത്തരം ആരോപണങ്ങൾ ഉന്നയിക്കാൻ മുതിരരുത്. ഇങ്ങനൊരു വിഷമം ആർക്കുമുണ്ടാകരുത്. കര്‍ണാടക ഫിലിം ചേംബറിൽ ഇന്നലെ പരാതി നൽകിയിരുന്നു. തെലുങ്ക് ഇൻഡസ്ട്രി എനിക്കൊപ്പമുണ്ട്. ഫിലിം ചേംബറിലെ ഉന്നതർക്കൊപ്പം പോയി നാളെ കർണാടക ആഭ്യന്തര മന്ത്രിക്ക് പരാതി നൽകും. ഞാൻ ഈ സംഭവത്തിൽ പൊലീസിൽ നൽകിയ പരാതിയിൽ അന്വേഷണം തുടരുകയാണ്.

പൊലീസ് നടത്തിയ അന്വേഷണത്തിൽ തെളിവുകളൊന്നും എനിക്കെതിരല്ല. വ്യാജ പരാതി തന്നെയെന്ന നിഗമനത്തിലാണ് അവർ. പക്ഷേ എന്തു തന്നെയായാലും കേസുമായി ഞാൻ മുന്നോട്ട് പോകും. ഇത് വെറുമൊരു ആരോപണം മാത്രമല്ല, നമ്മുടെ അഭിമാനത്തെയാണ് മുറിവേൽപ്പിക്കുന്നത്. ഞാനൊരു സെലിബ്രിറ്റി ആയതുകൊണ്ട് വലിയ അന്വേഷണം നടക്കുകയും സത്യം പുറത്തുവരികയും ചെയ്യും പക്ഷേ ഒരു സാധാരണക്കാരിയാണെങ്കിലോ. മേഘ്ന ചോദിക്കുന്നു.

െമ്മറീസ്, ബ്യൂട്ടിഫുൾ എന്നീ ചിത്രങ്ങളിലൂടെ മലയാളി അടുത്തറിഞ്ഞ മറുനാടൻ അഭിനേത്രിയാണ് മേഘ്ന. തെലുങ്ക് സിനിമകളിലെ അഭിനേതാക്കളായ സുന്ദർ രാജിന്റെയും പ്രമീളയുടെയും മകൾ. തനിക്ക് വിവാഹ വാഗ്ദാനം നൽകി മേഘ്ന പറ്റിച്ചുവെന്നും തന്റെ പണവും ആഭരണവും മേഘ്ന തട്ടിയെടുത്തുവെന്നുമാണ് തമിഴ്നാട് ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന ജനാർദ്ധനനെന്ന വ്യാപാരിയുടെ പരാതി വ്യക്തമാക്കുന്നത്. ബംഗളുരു സിറ്റി പൊലീസ് കമ്മീഷണർക്ക് ഇ മെയില്‍ വഴിയാണ് ഇദ്ദേഹം പരാതി നൽകിയത്. തങ്ങളുടെ ബന്ധം തെളിയിക്കുന്ന രേഖകൾ മേഘ്ന മോഷ്ടിച്ചുവെന്നും പരാതിയിലുണ്ട്. ജെ പി നഗർ പൊലീസ് ആണ് കേസ് അന്വേഷിക്കുന്നത്. മേഘ്ന പറഞ്ഞു.