സെക്രട്ടറിയായി മോഹൻലാൽ; ഉദ്യോഗസ്ഥനായി ബിജു മേനോ‍ൻ

വെള്ളിമൂങ്ങ എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിന് ശേഷം ജിബു ജേക്കബ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൽ മോഹൻലാലും ബിജു മേനോനും. കോമഡിയ്ക്ക് പ്രാധാന്യം നൽകി ഒരുക്കുന്ന ചിത്രത്തില്‍ മോഹന്‍ലാല്‍ പഞ്ചായത്ത് സെക്രട്ടറിയുടെ വേഷത്തിലാണ് എത്തുന്നത്. സര്‍ക്കാര്‍ ഉദ്യോഗസ്ഥന്റെ വേഷമാണ് ബിജു മേനോന്റേത്.

പുതിയ ചിത്രത്തിന്റെ ഷൂട്ടിങ് ജൂണ്‍ 15ന് കോഴിക്കോട് വച്ച് ആരംഭിക്കും. ഒരു കുടുംബ ചിത്രം കൂടിയാണിത്. മീനയാണ് മോഹന്‍ലാലിന്റെ നായിക വേഷം അവതരിപ്പിക്കുക. ദൃശ്യം എന്ന സൂപ്പര്‍ ഹിറ്റ് ചിത്രത്തിന് ശേഷം മോഹന്‍ലാലിന്റെ നായികയായി മീന വീണ്ടും എത്തുന്ന ചിത്രം കൂടിയാണിത്.

അജു വർഗീസ്, സുരാജ് വെഞ്ഞാറമൂട്, നെടുമുടി വേണു, കലാഭവൻ ഷാജോൺ, സുധീർ കരമന എന്നിവരാണ് മറ്റുതാരങ്ങൾ. മുല്ല, പുതിയ മുഖം, എല്‍സമ്മ എന്ന ആണ്‍കുട്ടി, പുള്ളി പുലികളും ആട്ടിന്‍കുട്ടിയും എന്നീ ചിത്രങ്ങളുടെ തിരക്കഥ ഒരുക്കിയ എം സിന്ദുരാജാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത്.