ജഗതി ശ്രീകുമാർ അമ്പിളിയായതെങ്ങനെ ?

നടൻ ‍ജഗതി ശ്രീകുമാറിനെ ‍അമ്പിളി എന്നു വിളിക്കുന്നതിന്റെ രഹസ്യം വെളിപ്പെടുത്തി മകൾ ശ്രീലക്ഷ്മി ശ്രീകുമാർ. പപ്പയെ ചലച്ചിത്ര മേഖലയിൽ അടുപ്പമുള്ളവരെല്ലാം വിളിക്കുന്നത് അമ്പിളിച്ചേട്ടൻ എന്നാണ്. എന്നാൽ ഇതിന്റെ പിന്നിലെ രഹസ്യം പലർക്കുമറിയില്ല. വീട്ടിലെ ഒാമനപ്പേരായിരിക്കുമെന്ന് കരുതി എല്ലാവരും അത് തുടർന്ന് പോന്നു. എന്നാൽ ‍‍‍ജഗതിയുടെ മകളും നടിയും അവതാരകയുമായ ശ്രീലക്ഷ്മി തന്നെ അതിന്റെ പിന്നിലെ രഹസ്യം വെളിപ്പെടുത്തി.

പപ്പ ജനിച്ചത് ഒരു വെളുത്ത വാവിനായിരുന്നു. പൂർണചന്ദ്രന്റെ ഒാർമയ്ക്കാണ് പപ്പയെ വീട്ടുകാർ അമ്പിളി എന്നു വിളിച്ചത്. പിന്നീട് പപ്പയോട് അടുപ്പമുള്ള ഒാരോരുത്തരും അമ്പിളി എന്നു തന്നെ വിളിച്ചു. പപ്പയെ കാണാനാവാത്തതിന്റെ വിഷമത്തിലാണ് ഇപ്പോൾ ശ്രീലക്ഷ്മി. കാണണമെന്നാഗ്രഹമുണ്ട്., പക്ഷേ നടക്കില്ലെന്നറിയാം., ശ്രീലക്ഷ്മി പറഞ്ഞു.

ബികോം അവസാന വർഷ വിദ്യാർഥിനിയാണ് ശ്രീലക്ഷ്മി ഇപ്പോൾ. അതുകൊണ്ട് തന്നെ തൽക്കാലം സിനിമകളോട് വിടപറഞ്ഞിരിക്കുകയാണ്. ഇനി ഡിഗ്രിക്കു ശേഷമേ സിനിമയിലേക്കുള്ളൂ. തന്റെ അഭിനയ മോഹം പണ്ടേ പപ്പയ്ക്കറിയാമായിരുന്നുവെന്ന് ശ്രീലക്ഷ്മി പറയുന്നു. ഒന്നിനോടും നോ പറയുന്ന ആളല്ല അദ്ദേഹം. പപ്പയുടെ സ്നേഹം ഇപ്പോൾ ലഭിക്കാത്തതിന്റെ വിഷമുണ്ട്. ജീവിതത്തിലും അതിന്റേതായ ബുദ്ധിമുട്ടുകളുണ്ട്.

എന്റെ പഠനത്തിനു വേണ്ട തുക നൃത്തത്തിലൂടെയും സിനിമയിലൂടെയും അവതാരക വേഷത്തിലൂടെയുമെല്ലാം ‍ഞാൻ സ്വയം കണ്ടെത്തുകയാണ്. പപ്പ എത്രയും വേഗം പഴയ ജീവിതത്തിലേക്ക് തിരിച്ചു വരണമെന്ന പ്രാർഥന മാത്രമേ ഉള്ളൂ, ശ്രീലക്ഷ്മി മനോരമ ഒാൺലൈനോട് പറ‍ഞ്ഞു.