മറക്കില്ല, നമ്മളിലെ ആ കൂട്ടുകാരനെ

ആ രണ്ടു കൂട്ടുകാരും അവരുടെ ടീച്ചറമ്മയും നമ്മൾ സ്നേഹത്തിന്റെ തണലിൽ ഇന്നും ചേർത്തുവയ്ക്കുന്ന കഥാപാത്രങ്ങളാണ്. അർബുദമെന്ന വിപത്തിനോട് പൊരുതി ഓർമകളിലേക്ക് ജിഷ്ണു പിൻനടക്കുമ്പോൾ ആ കഥാപാത്രം സിനിമയിലെവിടെയോ വച്ച് വിടപറഞ്ഞ സങ്കടം തോന്നുന്നില്ലേ. നമ്മൾ എന്ന കമൽ ചിത്രത്തിലൂടെ മലയാളത്തിന് നല്ല രണ്ട് നടൻമാരെയാണ് ലഭിച്ചതെന്ന് നമ്മൾ ഉറപ്പിച്ചു. ജിഷ്ണുവും സിദ്ധാർഥും. പിന്നീട് ഇരുവരും അത് തെളിയിക്കുകയും ചെയ്തു.

അനാഥത്വത്തിന്റെ ക്ഷോഭം മനസിലൊളിപ്പിക്കുന്ന ശിവനായി അഭിനയിച്ച് ജിഷ്ണു അന്ന് നൽകിയത് പ്രതീക്ഷകളായിരുന്നു. ശരീരത്തിനുള്ളിൽ അനുസരണയില്ലാതെ വളർന്ന് പന്തലിച്ച കോശങ്ങൾ പാതിവഴിയിൽ ആ ജീവിതത്തെ വലിച്ചെടുത്ത് കൊണ്ടുപോകുമ്പോൾ മനസ് ഒരുപാട് നോവുന്നുണ്ടെങ്കിൽ അതിലൊരു കാരണം നമ്മൾ എന്ന ചിത്രം തന്നെയാണ്. സ്വാഭാവിക അഭിനയത്തിന്റെ പാതയിൽ തന്നെയായിരുന്നു ജിഷ്ണുവിന്റെയും സഞ്ചാരം. നമ്മൾ അതിനുള്ള ഏറ്റവും നല്ല ഉദാഹരണമാണ്. ചലച്ചിത്രത്തിന്റെ അവസാന രംഗങ്ങളെ ഒന്നുകൂടി മനസിലേക്കു വിളിച്ചാൽ അത് അനുഭവിക്കാനുമാകും.

ആദ്യ ചിത്രത്തിനു ശേഷം വില്ലനായും സ്നേഹും കരുതലുമുള്ള മകനായും വെള്ളിത്തിരയിൽ അതിഭാവുകത്വമില്ലാത്ത അഭിനയം കാഴ്ചവച്ചുവെങ്കിലും ജിഷ്ണുവിനെ കുറിച്ചോർക്കുമ്പോള്‍ ആദ്യം ഓർമയിലേക്കെത്തുന്നതും നമ്മളിലെ ആ കഥാപാത്രം തന്നെ. ജിഷ്ണുവിനെ കൂടുതൽ അടുത്തറിയുന്നത് അദ്ദേഹത്തിന് രോഗം ബാധിച്ചതിനു ശേഷമാണ്. കുടുംബത്തോടും സുഹൃത്തുക്കളോടുമുള്ള അടുപ്പത്തിന്റെ ആഴം, ജീവിതത്തോടുള്ള സമീപനം ഇവയൊക്കെ നമ്മൾ അറിഞ്ഞത് ഫേസ്ബുക്ക് പോസ്റ്റുകളിലൂടെയായിരുന്നു. ജിഷ്ണു അവിടെ കുറിച്ച വരികളാണ് അദ്ദേഹത്തെ നമ്മിൽ അടയാളപ്പെടുത്തുന്നതെങ്കിൽ, എന്നമ്മേ ഒന്നു കാണാൻ എത്ര നാളായ് ഞാൻ കൊതിച്ചു...ഈ മടിയിൽ വീണുറങ്ങാൻ എത്ര നാളായി ഞാൻ നിനച്ചു...എന്ന ഗാനം ഇനി ജിഷ്ണുവിന്റെ ഓർമപ്പാട്ടാണ്.