നവാഗതരേ ഇതിലേ

60 കോടിയിലേറെ കലക്‌ഷൻ നേടിയ ബംപർ ഹിറ്റായ പ്രേമം ഒരുക്കിയത് രണ്ടാമത്തെ ചിത്രം ചെയ്ത അൽഫോൻസ് പുത്രനാണ്. വൻ ഹിറ്റുകളായ എന്ന് നിന്റെ മൊയ്തീനും വടക്കൻ സെൽഫിയും അമർ അക്ബർ അന്തോണിയും ചെയ്തതു നവാഗത സംവിധായകരാണ്. പോയ വർഷം നിർമാതാവിനു ലാഭമുണ്ടാക്കിക്കൊടുത്ത പത്തു സൂപ്പർ ഹിറ്റുകൾ ചെയ്ത സംവിധായകരിൽ പരിചയസമ്പന്നരെന്നു പറയാവുന്നതു രണ്ടുപേർ മാത്രം – ഭാസ്കർ ദ് റാസ്കൽ ചെയ്ത സിദ്ദീഖും സുസു സുധി വാൽമീകം സംവിധാനം ചെയ്ത രഞ്ജിത് ശങ്കറും.

2015ൽ പുറത്തിറങ്ങിയ 151 സിനിമകളിൽ 83 എണ്ണവും നവാഗത സംവിധായകരുടേതായിരുന്നു. ഇതിൽ നിർമാതാവിനു നഷ്ടം വരുത്താത്തത് 27 സിനിമകൾ മാത്രം. മൊത്തം സിനിമകൾക്ക് ഏതാണ്ട് 530 കോടിയോളം ചെലവായതിൽ തിരിച്ചുപിടിച്ചതു 180 കോടി രൂപ. തിയറ്ററിൽനിന്നുള്ള വരുമാനവും ടെലിവിഷനിൽ സിനിമ സംപ്രേഷണം ചെയ്യാൻ ചാനലുകൾ നിർമാതാക്കൾക്കു നൽകുന്ന സാറ്റലൈറ്റ് നിരക്കുംകൂടി ചേർന്നതാണ് ഈ തുക.

സാറ്റലൈറ്റ് തുകയിൽ കാര്യമായ വർധന ഉണ്ടായിട്ടില്ല. ആറു കോടിക്കു മുകളിൽ സിനിമ വാങ്ങുന്നതു നഷ്ടമാണെന്ന നിലപാടിലാണു ചാനലുകൾ. സൂപ്പർതാര ചിത്രങ്ങൾക്ക് ഏഴു കോടിയെങ്കിലും വേണമെന്ന വാദമാണു നിർമാതാക്കളുടേത്. സാറ്റലൈറ്റ് മാത്രം ആശ്രയിച്ചു സിനിമയെടുക്കുന്ന രീതിയും മാറി. കഴിഞ്ഞ വർഷത്തെ 151 സിനിമകളിൽ 60 സിനിമകളുടെ സാറ്റലൈറ്റ് അവകാശം മാത്രമേ വിറ്റുപോയിട്ടുള്ളൂ. മൂന്നു കോടിയിലേറെ മുടക്കിയ ചിത്രങ്ങൾ 25 ലക്ഷം രൂപയ്ക്കു സാറ്റലൈറ്റ് അവകാശം വിൽക്കാൻ തയാറാണെങ്കിലും പല ചാനലുകൾക്കും താൽപര്യമില്ല. പൈസയൊന്നും വേണ്ട, എന്റെ സിനിമയൊന്നു വെറുതെ കാണിക്കാമോ എന്നു ചോദിച്ച നിർമാതാക്കളുമുണ്ട്. എന്ന് നിന്റെ മൊയ്തീൻ, പ്രേമം തുടങ്ങിയ സിനിമകളെല്ലാം തിയറ്ററിലെ വിജയത്തിനുശേഷം സാറ്റലൈറ്റ് സംപ്രേഷണാവകാശം വിൽപന നടത്തി നേട്ടമുണ്ടാക്കിയതാണ്

നിർമാതാവിന്റെ റോൾ മാറുന്നു

മലയാള സിനിമയിൽ ഇനിയുണ്ടാകേണ്ടതു 100 കോടി വാരുന്ന ചിത്രമാണ്. അതിലേക്കു വലിയ ദൂരമില്ല. 60 കോടിയിലേറെ നേടിയ ദൃശ്യവും പ്രേമവും മൊയ്തീനുമെല്ലാമിട്ട മുന്നേറ്റം തുടർന്നാൽ മതി. കേരളത്തിൽ തിരുവനന്തപുരത്തെ ഏരീസ് മൾട്ടിപ്ലക്സിൽനിന്നു മാത്രം ബാഹുബലി കലക്ട് ചെയ്തതു മൂന്നു കോടി രൂപയാണ്.

മൂന്നു വർഷംകൊണ്ടു പുതുമുഖ സംവിധായകരെ വച്ച് ആറു സിനിമകൾ, മിക്കതും ഹിറ്റും. പരിചയസമ്പന്നനായ മുകേഷ് ആർ. മേത്ത എന്ന നിർമാതാവും പുതുമുഖമായ സി. വി. സാരഥിയും ചേർന്നു തുടങ്ങിയ ‘ഇ ഫോർ എന്റർടെയ്ൻമെന്റ്’ മലയാള സിനിമയ്ക്കുണ്ടാക്കിയ മാറ്റം ചെറുതല്ല. രാജീവ് രവി (അന്നയും റസൂലും), അനിൽ രാധാകൃഷ്ണ മേനോൻ (നോർത്ത് 24 കാതം), ജൂഡ് ആന്റ‌ണി ജോസഫ് (ഓം ശാന്തി ഓശാന), ഷിബു ബാലൻ (നഗരവാരിധി നടുവിൽ ഞാൻ), ശ്രീബാല കെ. മേനോൻ (ലവ് 24 x 7), ബേസിൽ ജോസഫ് (കുഞ്ഞിരാമായണം) എന്നിവയാണു മൂന്നു വർഷംകൊണ്ട് ഇ ഫോർ എന്റർടെയ്ൻമെന്റ് നിർമിക്കുകയും നിർമാണം കഴിഞ്ഞ ഉടനെ വാങ്ങി വിതരണം ചെയ്യുകയും ചെയ്ത ചിത്രങ്ങൾ.

ജോൺ പോൾ ജോർജ്, ജയകൃഷ്ണൻ എന്നിവരാണ് അടുത്ത സിനിമ ചെയ്യുന്നവർ. രണ്ടുപേരും പുതുമുഖങ്ങൾ. അതു കഴിഞ്ഞു പടമെടുക്കാൻ കാത്തുനിൽക്കുന്നവരും പുതുമുഖങ്ങളാണ്. ഇത്തരം നിർമാതാക്കൾ സിനിമയുടെ ഓരോ ഘട്ടത്തിലും ഇടപെടുന്നു; കൃത്യമായി പ്രതിഫലം കൊടുക്കുന്നു.

പശ്ചിമഘട്ടങ്ങളെ കേറിയും കടന്നും

കേരളത്തിനു പുറത്തുള്ള തിയറ്ററുകളിൽനിന്നു ലഭിക്കുന്ന വരുമാനത്തിൽ വൻ വർധനയുണ്ടായി. മുൻപു ബെംഗളൂരു, മുംബൈ തുടങ്ങിയ വൻ നഗരങ്ങളിൽ മാത്രമാണു മലയാള സിനിമയ്ക്കു നല്ല സ്വീകരണം ലഭിച്ചിരുന്നത്. പുതുച്ചേരിപോലുള്ള കേന്ദ്രങ്ങളിലും മലയാള സിനിമ റിലീസ് ചെയ്യുകയാണിന്ന്. പ്രേമം സിനിമ ചെന്നൈയിൽ 200 ദിവസങ്ങളാണു പിന്നിട്ടത്. കേരളത്തിനു പുറത്തു ഹിറ്റായ ചിത്രങ്ങൾക്ക് ഒരുകോടിയോളം രൂപ നിർമാതാവിനു ഷെയർ ലഭിക്കുന്നതിലേക്കു മലയാള സിനിമ മാറി.

കഥാവകാശത്തിനും നല്ല മാർക്കറ്റാണിപ്പോൾ. പ്രേമവും ബാംഗ്ലൂർ ഡേയ്സുമെല്ലാം തമിഴിലും തെലുങ്കിലും നല്ല നിരക്കിനു പോയി. സിദ്ദീഖിന്റെ ബോഡി ഗാർഡ് തമിഴിൽ വിജയമായി. ഹിന്ദിയിൽ 100 കോടി ക്ലബ് വരെയെത്തി. ദൃശ്യം ഏതാണ്ടെല്ലാ ദക്ഷിണേന്ത്യൻ ഭാഷകളിലും ഹിന്ദിയിലും ഇറങ്ങി.

ഇന്റർനെറ്റ് എന്ന മെഗാ കൊട്ടക

ഇന്റർനെറ്റ് എന്നു കേട്ടാൽ സിനിമക്കാർക്കു കലിയിളകുമായിരുന്നു പണ്ട്. കോപ്പിയടിയും വ്യാജ സിഡിയുടെ പ്രചാരണവും സിനിമയ്ക്കു ഭീഷണിയായിരുന്നു. ഇന്റർനെറ്റിലൂടെ സിനിമയെ നന്നായി വിറ്റു കാശാക്കാം എന്നു കാണിച്ചുതന്നതു കോർപറേറ്റ് കമ്പനിയായ യുടിവി മോഷൻ പിക്ചേഴ്സാണ്.

മോഹൻലാൽ നായകനായി ബി. ഉണ്ണിക്കൃഷ്ണൻ സംവിധാനം ചെയ്ത ഗ്രാൻഡ്മാസ്റ്റർ യുഎസിലെ ഇന്റർനെറ്റ് എന്റർടെയ്ൻമെന്റ് കമ്പനിയായ നെറ്റ്ഫ്ളിക്സിന് മോശമല്ലാത്ത തുകയ്ക്കാണ് ഇന്റർനെറ്റ് അവകാശം വിറ്റത്. സിനിമ കോപ്പി ചെയ്യാൻ കഴിയാത്തവിധം എൻക്രിപ്റ്റഡ് ആയ വേർഷൻ ഡൗൺലോഡ് ചെയ്തു കാണാൻ ആളുകൾക്ക് അവസരം നൽകുകയാണു കമ്പനി. അഞ്ചു ഡോളറാണ് ഒരു സിനിമയ്ക്ക് ഈടാക്കുന്നത്.ലാൽ ജോസിന്റെ നീനയും ഇത്തരമൊരു പരീക്ഷണം നടത്തിയതാണ്. ചിത്രം റിലീസ് ചെയ്തു നൂറാം ദിവസമാണ് ലാൽ ജോസ് ഈ അവകാശം വിറ്റത്. ഭാവിയിൽ മലയാള സിനിമയുടെ മികച്ച വരുമാനമാർഗമായി ഇതു മാറുമെന്നു ലാൽ ജോസ് പറയുന്നു.

സിനിമ കാണുന്നു, ഇടവേള ആയാൽ ഫോൺ എടുക്കുന്നു: ‘‘ഫസ്റ്റ് ഹാഫ് കണ്ടു...പടം മെച്ചമില്ല, മൈ റേറ്റിങ് 0.5.’’ ഇങ്ങനെ സിനിമയെ വിലയിരുത്തുന്ന കാലമാണ്. സിനിമയെ ഹിറ്റാക്കുന്നവരിൽ 16 – 27 പ്രായത്തിലുള്ളവരുടെ പങ്കു വലുതാണ്. ട്രെയിലറും ടീസറും കണ്ട് സിനിമ കാണണോ എന്നു തീരുമാനിക്കുന്നു അവർ. ടീസറോ ട്രെയ്‌ലറോ ഇറങ്ങിയാൽ അണിയറപ്രവർത്തകർ യു ട്യൂബിലെ അതിന്റെ പ്രതികരണമാണു നോക്കുന്നത്. കണ്ടവരുടെ എണ്ണം ലക്ഷത്തിലെത്തിയാൽ അതു തരംഗമായി.

സിനിമ തന്നത് സിനിമയ്ക്ക്

അൻവർ റഷീദ് എന്ന സംവിധായകൻ കോടീശ്വരനായി ജനിച്ചു സിനിമയിലെത്തിയ ആളല്ല. സിനിമ എന്ന മോഹവുമായി വന്ന സാധാരണക്കാരനാണ്. രാജമാണിക്യവും ഛോട്ടാ മുംബൈയും അണ്ണൻ തമ്പിയും ഉസ്ദാത് ഹോട്ടലുമൊക്കെ ഹിറ്റാക്കിയ സംവിധായകൻ.

നിർമാതാക്കൾ അൻവറിനായി ക്യൂ നിന്നു. ആറു വർഷത്തിനുശേഷമാണ് അൻവർ ഇപ്പോൾ വീണ്ടും സിനിമ സംവിധാനം ചെയ്യാൻപോകുന്നത്. ഇതിനകം തനിക്കു കിട്ടിയ പ്രതിഫലം ഉപയോഗിച്ചു സുഹൃത്തുക്കൾ ചേർന്ന് ആസൂത്രണം ചെയ്തൊരു സിനിമ നിർമിച്ചു – ബാംഗ്ലൂർ ഡേയ്സ്. തൊട്ടടുത്ത വർഷം വീണ്ടുമൊരു സിനിമ നിർമിച്ചു. നേരം എന്ന ഒരു സിനിമ മാത്രം സംവിധാനം ചെയ്ത അൽഫോൻസ് പുത്രനെ വച്ചു വീണ്ടുമൊരു സിനിമ. അതാണ് ‘പ്രേമം’ എന്ന വലിയ വിജയം. മൾട്ടിപ്ലക്സ്, മൾട്ടിസ്റ്റാർ

തിയറ്ററുകൾ കല്യാണമണ്ഡപവും സൂപ്പർ മാർക്കറ്റുമായി മാറിയെന്നു വിലപിക്കുന്നവർ മൾട്ടിപ്ലക്സ് വിപ്ലവം കാണാതിരിക്കരുത്. . മൾട്ടിപ്ലക്സ്‍ തിയറ്ററുകൾ വ്യാപകമായി. ടിക്കറ്റ് നിരക്കുകളും കുത്തനെ ഉയർന്നു. ഞായറാഴ്ചകളിൽ 400 രൂപവരെ ഒരു ടിക്കറ്റിന് ഈടാക്കുന്ന മൾട്ടിപ്ലക്സുകളുണ്ട്. 50 മൾട്ടിപ്ലക്സുകളെങ്കിലും പുതുതായി വരുന്നു. മലയാള സിനിമയുടെ മൊത്തവരുമാനത്തിന്റെ 30% വരെ മൾട്ടിപ്ലക്സുകളിൽനിന്നാണ്. തിയറ്റർ ഉടമകളിൽ ചിലർ മൾട്ടിപ്ലക്സുകൾക്ക് എതിരായിരുന്നു. വൻകിട നിർമാണ – വിതരണ കമ്പനികളുമായി നല്ല ബന്ധമുള്ള മൾട്ടിപ്ലക്സുകളെ തൊട്ടാൽ പിന്നെ അന്യഭാഷാ ചിത്രങ്ങൾ കിട്ടാത്ത അവസ്ഥ വരാമെന്നതുകൊണ്ട് ആ എതിർപ്പിനു ശക്തി കുറഞ്ഞു.

സിനിമ ഹിറ്റാണെങ്കിൽ കലക്‌ഷൻ രണ്ടാഴ്ചകൊണ്ടു തൂത്തുവാരുന്നതാണു പുതിയ രീതി. അഞ്ചു വർഷം മുൻപ് ഒരു സൂപ്പർ ഹിറ്റ് ചിത്രം നിർമാതാവിന് ശരാശരി ഏഴ് – എട്ട് കോടിയാണു നേടിക്കൊടുത്തിരുന്നതെങ്കിൽ, ഇന്നതു കുറഞ്ഞതു 15 – 16 കോടിയായി. റിലീസിനു മുൻപ് അഭിപ്രായമുള്ള യുവതാര – സൂപ്പർതാര ചിത്രങ്ങൾക്കു കേരളത്തിൽ 100 തിയറ്ററുകൾവരെ റിലീസിനു ലഭിക്കും. ആദ്യദിവസംതന്നെ നിർമാതാവിന് ഒരുകോടി രൂപയോളം ഷെയർ ലഭിക്കും. പടം ഒരാഴ്ച ഹൗസ് ഫുൾ ആയി ഓടിയാൽ മുടക്കിയ പണം തിരിച്ചുകിട്ടും.

ഇടിച്ചുതള്ളാതെ, വിയർത്തൊഴുകാതെ

തിയറ്ററുകളിലെ ഇടുങ്ങിയ ക്യൂ കൗണ്ടറിലെ തിക്കും തിരക്കും വിയർപ്പും കൂട്ടയിടിയുമൊക്കെ ഓർമയാവുകയാണ്. ടിക്കറ്റ് വിൽപ്പനയുടെ വലിയ പങ്ക് ഓൺലൈനായി.

ടിക്കറ്റ് വിൽപ്പനയിൽ വിപ്ലവകരമായ മാറ്റം സൃഷ്‌ടിച്ച ചരിത്രമാണു ബുക്ക് മൈ ഷോ ഡോട് കോമിന്റേത്. ബോംബെ സർവകലാശാലയിലെ സിഡെൻഹാം ഇൻസ്‌റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റിൽ സഹപാഠികളായിരുന്ന ആശിഷ് ഹെംരാജാനിയും രാജേഷ് ബാൽപാണ്ഡെയും പരീക്ഷിത് ഡാറും ചേർന്നാണ് 2007ൽ സിനിമകൾക്കും മറ്റു കലാപരിപാടികൾക്കുമൊക്കെയുള്ള ഓൺലൈൻ ടിക്കറ്റ് ബുക്കിങ് സാധ്യമാക്കുന്ന ഈ വെബ്‌സൈറ്റ് തുടങ്ങിയത്. ഇന്ന് ഇന്ത്യയിൽ ഓൺലൈൻ സംവിധാനത്തിൽ ബുക്ക് ചെയ്യുന്ന സിനിമ – എന്റർടെയ്‌ൻമെന്റ് ടിക്കറ്റുകളിൽ 80 ശതമാനവും വിൽക്കപ്പെടുന്നതു ബുക്ക് മൈ ഷോ വഴിയാണ്. ഒരേ മൾട്ടിപ്ലക്‌സിലെ വ്യത്യസ്‌ത സിനിമകൾക്കും ഒരേ സിനിമയ്‌ക്കു വിഭിന്ന തിയറ്ററുകളിലും ടിക്കറ്റ് ബുക്ക് ചെയ്യാനുള്ള അവസരവുമുണ്ട്.

ബുക്ക് മൈ ഷോയുടെ മൊത്തം വരുമാനത്തിൽ 70 ശതമാനത്തോളം സിനിമ ടിക്കറ്റ് വിൽപ്പനയിൽനിന്നുള്ള വിഹിതമാണ്. അരക്കോടിയിലേറെ ആളുകൾ പതിവായി സന്ദർശിക്കുന്ന സൈറ്റ് വഴി പ്രതിമാസം 60 ലക്ഷം ടിക്കറ്റുകൾ വിറ്റഴിയുന്നു. രാജ്യത്തെ ഇരുനൂറോളം നഗരങ്ങളിലായി മൾട്ടിപ്ലക്‌സ് അടക്കം 800 – 900 തിയറ്ററുകളിലേക്കുള്ള ടിക്കറ്റുകൾ ബുക്ക് മൈ ഷോ വഴി ലഭിക്കും.

സി. വി. സാരഥി

(നിർമാതാവ്, ഇ ഫോർ എന്റർടെയ്ൻമെന്റ്)

കഥയും തിരക്കഥയും അംഗീകരിച്ചശേഷമേ സിനിമ തുടങ്ങാൻ അനുവദിക്കാറുള്ളു. ഞങ്ങൾക്കും സിനിമയിൽ പൂർണ ഉത്തരവാദിത്തമുണ്ട്. യുവതലമുറയിലെ ആളുകളെ വിശ്വാസത്തിലെടുക്കുന്നത് അവരുടെ തിരക്കഥയിലൂടെയും കഥ പറയുന്ന രീതിയിലൂടെയുമാണ്. താരങ്ങളുടെ ഡേറ്റ് കിട്ടിയതുകൊണ്ടു മാത്രം സിനിമ എടുക്കുന്ന കാലം കഴിഞ്ഞു. എന്നാൽ, താരത്തിനും സിനിമയിൽ അഭിപ്രായം പറയാൻ അവസരം വേണം.

വേണു കുന്നപ്പള്ളി

(45 കോടി ചെലവു പ്രതീക്ഷിക്കുന്ന ആർ. എസ്. വിമൽ – പൃഥ്വിരാജ് ചിത്രം കർണന്റെ നിർമാതാവ്)

ബാഹുബലി എന്ന ചിത്രത്തിന്റെ നിർമാണരീതിയെക്കുറിച്ച് അണിയറ പ്രവർത്തകരോടു സുദീർഘമായി സംസാരിച്ചശേഷമാണ് കർണനു കൈകൊടുത്തത്. മലയാള സിനിമയിലെ ഇതുവരെയുള്ളതിൽ ഏറ്റവും വലിയ മുടക്കുമുതലാകും ഇത്. 15 കോടിയിൽ തുടങ്ങിയ ചർച്ച ദക്ഷിണേന്ത്യയിലെ മറ്റു ഭാഷകളിലേക്കുമെടുക്കാമെന്ന നിർദേശത്തോടെ വലുതാക്കിയതാണ്. ഏറ്റവും ചെലവേറിയ ചിത്രം എന്നറിയപ്പെടാനല്ല ആഗ്രഹം. ഏറ്റവും മികച്ച സാങ്കേതികവിദ്യ, വിഷ്വൽ ഇഫക്ട്സ്, വസ്ത്രസംവിധാനം തുടങ്ങി സാങ്കേതികമായി ലോകസിനിമയോടു കിടപിടിക്കുന്ന മലയാള സിനിമ ആകണം എന്നാണാഗ്രഹം. സിനിമ നിർമിക്കാൻ തീരുമാനിക്കുംമുൻപു ഞാൻ ബാഹുബലിയുടെ ക്യാമറാമാൻ സെന്തിലുമായി സംസാരിച്ചു. സെന്തിൽ സിനിമ ചെയ്യാമെന്നു സമ്മതിച്ചു.

തയാറാക്കിയത് വിനോദ് നായർ, ഉണ്ണി കെ. വാരിയർ, എൻ.ജയചന്ദ്രൻ