പൊലീസിനെന്താ സിനിമയോട് വിരോധം?

കേരള പൊലീസിന്റെ ഓപ്പറേഷന്‍ ഗുരുകുലയുടെ ഭാഗമായി ക്ലാസ് കളഞ്ഞ് തീയ്യറിലെത്തുന്ന വിദ്യാര്‍ഥികളെ കണ്ടെത്താന്‍ പ്രത്യേക സംഘത്തെ നിയോഗിച്ചിരുന്നു. ഇതിന്‍റെ ഭാഗമായി കോട്ടയം നഗരത്തിലെ തിയറ്ററുകളില്‍ നിന്ന് 25 സ്കൂള്‍ വിദ്യാര്‍ഥികളെയും തിരുവനന്തപുരം നഗരത്തില്‍ നിന്നും 52 കുട്ടികളെയും പൊലീസ് കണ്ടെത്തിയിരുന്നു.

എന്നാല്‍ പൊലീസിന്‍റെ ഈ നീക്കം സിനിമാപ്രേമികള്‍ക്കിടയിലും വിദ്യാര്‍ഥികള്‍ക്കിടയിലും പ്രതിഷേധത്തിനിടയാക്കി. പൊലീസിന്‍റെ ഈ പ്രവൃത്തി ആവിഷ്കാരസ്വാതനന്ത്ര്യത്തിനെതിരെയുള്ള കൈകടത്താലാണെന്നും മറ്റെന്തൊക്കെ ജോലികള്‍ പൊലീസിന് ചെയ്യാനുണ്ടെന്നും ഒരുകൂട്ടര്‍ ആരോപിക്കുന്നു.

ഈ വാര്‍ത്തയെക്കുറിച്ച് ലിബര്‍ട്ടി ബഷീറിന്‍റെ പ്രതികരണം ഇങ്ങനെ

ക്ലാസ് കട്ട് ചെയ്ത് വരുന്ന വിദ്യാര്‍ഥികളെ പൊലീസ് കണ്ടെത്തി പറഞ്ഞയക്കുന്നത് നല്ല കാര്യമായാണ് എനിക്ക് തോന്നുന്നത്. എന്നാല്‍ ഇതുമായി ബന്ധപ്പെടുത്തി തിയറ്ററില്‍ സിനിമ കാണാന്‍ വരുന്ന എല്ലാകുട്ടികളെയും പരിശോധിക്കുന്നതും ചോദ്യം ചെയ്യുന്നതും തെറ്റായ കാര്യമാണ്. കാരണം ഇക്കൂട്ടത്തില്‍ വീട്ടില്‍ മാതാപിതാക്കളോട് പറഞ്ഞും മറ്റും വരുന്നവരും കാണും. അവരെയും ചോദ്യം ചെയ്യുന്നത് തീര്‍ച്ചയായും മോശമായ കാര്യമാണ്.

ക്ലാസ് കട്ട് ചെയ്ത് വരുന്ന കുട്ടികളാണെന്ന് കണ്ടെത്താന്‍ പൊലീസ് ശരിയായ മാര്‍ഗം സ്വീകരിക്കേണ്ടി വരും. അല്ലാതെ തിയറ്ററുകളില്‍ സിനിമാ കാണാ‍ന്‍ വരുന്ന കുട്ടികളെയെല്ലാം പൊലീസ് സംശയത്തിന്‍റെ കണ്ണില്‍ നോക്കരുതെന്നാണ് എനിക്ക് പറയാനുള്ളത്.

വാര്‍ത്തയോട് ഒരു പിതാവിന്‍റെ അഭിപ്രായം കേള്‍ക്കാം

വളരെ നല്ല കാര്യം...പണ്ട് കുട്ടികള്‍ ക്ലാസ് കട്ട്‌ ചെയ്തു സിനിമക്ക് പോകാറുണ്ട്... എന്നാല്‍ കാലം മാറി , ഇന്ന് കേള്‍ക്കുന്നതെല്ലാം വളരെ മോശം വാര്‍ത്തകള്‍ ആണ് , അതിനാല്‍ ഇത്തരം സാഹചര്യങ്ങളില്‍ നിന്ന് കുട്ടികളെ തടയാന്‍എല്ലാവരും ശ്രമിക്കണം. എസ്.പി. ദിനേശ്സാറിന് സ്പെഷ്യല്‍സല്യുട്ട്.

കോട്ടയം ഡിവൈഎസ്പി അജിത്ത് പ്രതികരിക്കുന്നു

കൊളജില്‍ പഠിക്കുന്ന വിദ്യാര്‍ഥികളെ ഒഴിച്ചുനിര്‍ത്തി ക്ലാസ് കട്ടുചെയ്ത് നടക്കുന്ന സ്കൂള്‍കുട്ടികളെയാണ് ഓപ്പറേഷന്‍ ഗുരുകുലത്തിലൂടെ തിയറ്ററുകളില്‍ നിന്നും മറ്റുസ്ഥലങ്ങളില്‍ നിന്നും പൊലീസ് പരിശോധിച്ച് കണ്ടെത്തുന്നതെന്ന് കോട്ടയം ഡിവൈഎസ്പി അജിത്ത് പറഞ്ഞു.

കുട്ടികളുടെ ഹാജര്‍ നില സ്കൂളുകളില്‍ ഉറപ്പുവരുത്തേണ്ടത് അത്യാവശ്യകാര്യം തന്നെയാണ്. ഒരു കുട്ടിയുടെ വ്യക്തിത്വവികാസം നടക്കുന്നത് അവരുടെ സ്കൂള്‍ കാലഘട്ടങ്ങളിലാണ്. അതുകൊണ്ട് തന്നെ നേരായ വഴിയ്ക്ക് അവരെ നടത്തേണ്ടത് നാമേവരുടെയും കടമയാണ്. ഓപ്പറേഷന്‍ ഗുരുകുല ഇനിയും തുടരുമെന്നും അദ്ദേഹം പറഞ്ഞു.