ഒരു മുത്തശ്ശി ഗദയ്ക്കു രാജ്യാന്തര അംഗീകാരം

ജൂഡ് ആന്റണി ജോസഫ് സംവിധാനം ചെയ്ത ഒരു മുത്തശ്ശി ഗദ എന്ന ചിത്രത്തിനു രാജ്യാന്തര അംഗീകാരം. ചിത്രം പ്രാഗ് രാജ്യാന്തര ചലച്ചിത്രമേളയില്‍ പ്രദര്‍ശിപ്പിക്കും. മേളയിൽ ദക്ഷിണേന്ത്യയില്‍നിന്നു തിരഞ്ഞെടുത്ത ഏക ചിത്രമാണിത്.

വമ്പൻ താരങ്ങളാരുമില്ലാത്ത, പുതുമുഖങ്ങളേറെയുള്ള, പുതുമുഖ മുത്തശ്ശിമാർ പ്രധാന കഥാപാത്രങ്ങളാകുന്ന സിനിമ പ്രേക്ഷകർ ഏറ്റെടുത്തിരുന്നു. ആലുവ സ്വദേശി പുതുമുഖമായ രാജിനി ചാണ്ടിയും ഡബ്ബിങ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മിയും അവതരിപ്പിക്കുന്ന മുത്തശ്ശിമാരാണ് ഈ സിനിമയിലെ താരങ്ങൾ. മുത്തശ്ശി ഗദ മുന്നോട്ടുവയ്ക്കുന്ന പ്രമേയം തന്നെയാണ് ചിത്രത്തെ വ്യത്യസ്തമാക്കുന്നത്.

രണ്ടു തലമുറകളിലൂടെ കടന്നുപോകുന്ന ചിത്രം കുടുംബബന്ധങ്ങളുടെ പ്രാധാന്യത്തെപ്പറ്റിയും ഇന്നത്തെ തലമുറയുടെ മാറ്റങ്ങളെപ്പറ്റിയും പ്രതിപാദിക്കുന്നുണ്ട്. വിനീത് ശ്രീനിവാസന്‍, അപര്‍ണ ബാലമുരളി, അജു വര്‍ഗീസ്, സുരാജ് വെഞ്ഞാറമൂട്, ലെന, അപ്പു, രാജീവ് പിള്ള, വിജയരാഘവന്‍, രഞ്ജി പണിക്കര്‍, ലാല്‍ ജോസ് തുടങ്ങിയവരും ഈ ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്.

ഛായാഗ്രഹണം വിനോദ് ഇല്ലമ്പള്ളിയും ചിത്രസംയോജനം ലിജോ പോളുമാണ് നിര്‍വഹിച്ചിരിക്കുന്നത്. ഗാനങ്ങളും പശ്ചാത്തലസംഗീതവും ഷാന്‍ റഹ്മാന്റേതാണ്. ഇ ഫോര്‍ എന്റര്‍ടെയിന്‍മെന്റിന്റെ ബാനറില്‍ മുകേഷ് ആര്‍.മേത്തയാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്.