അനുപം ഖേറിന് പാകിസ്ഥാൻ വീസ നിഷേധിച്ചു

അനുപം ഖേർ

കറാച്ചി സാഹിത്യോൽസവത്തിൽ പങ്കെടുക്കാൻ ബോളിവുഡ് താരം അനുപം ഖേറിന് പാക്കിസ്ഥാൻ വീസ നിഷേധിച്ചു. സംഘാടകർ ക്ഷണിച്ച മറ്റു 17 ഇന്ത്യക്കാർക്കും വീസ നൽകുകയും ചെയ്തു. വെള്ളിയാഴ്ച ആരംഭിക്കുന്ന സാഹിത്യോൽസവത്തിന് വീസ ലഭിച്ചവരിൽ കോൺഗ്രസ് നേതാവ് സൽമാൻ ഖുർഷിദും നടി നന്ദിത ദാസും ഉൾപ്പെടുന്നു. എന്നാൽ അനുപം ഖേർ വീസയ്ക്ക് അപേക്ഷ നൽകിയിട്ടില്ലെന്നാണ് പാക്കിസ്ഥാൻ ഹൈക്കമ്മീഷന്റെ വാദം.

അനുപം ഖേർ അപേക്ഷ നൽകിയാൽ പത്തുമിനിട്ടിനകം തന്നെ വീസ അനുവദിക്കുമെന്ന് പാക്കിസ്ഥാൻ ഹൈക്കമ്മീഷൻ അറിയിച്ചിട്ടുണ്ട്. അനുപം ഖേർ വീസയ്ക്കുവേണ്ടി ഇതുവരെ അപേക്ഷ നൽകിയിട്ടില്ല. അപേക്ഷ കിട്ടിയാലുടൻ നടപടി ക്രമങ്ങൾ ആരംഭിക്കും. മറ്റുള്ളവരെ പോലെ അദ്ദേഹവും അപേക്ഷ നൽകണമെന്നാണ് ഞങ്ങളുടെ ആഗ്രഹമെന്നും അബ്ദുൽ ബാസിത് പറഞ്ഞു.

വികാരക്ഷോഭമുളവാക്കിയേക്കാവുന്ന ഇന്ത്യ – പാക്ക് ബന്ധം, മതവിഷയങ്ങൾ എന്നിവയിൽ അനുപം ഖേർ സമൂഹ മാധ്യമങ്ങളിൽ വളരെ സജീവമായി ഇടപെടുകയും അഭിപ്രായങ്ങൾ രേഖപ്പെടുത്തുകയും ചെയ്യുന്നതിനാൽ വീസയ്ക്ക് അപേക്ഷിക്കേണ്ടതില്ലെന്ന് അറിയിച്ചിരുന്നുവെന്ന് പാക്ക് സർക്കാരിലെ ചില കേന്ദ്രങ്ങൾ പറഞ്ഞു. ഖേർ ഒഴികെയുള്ള 17 പേർക്കു മാത്രമേ വീസ നൽകുകയുള്ളൂവെന്നും ഖേറിനായി അപേക്ഷ നൽകേണ്ടതില്ലെന്നും ഹൈക്കമ്മിഷനിൽ നിന്ന് അറിയിച്ചിരുന്നതായി സംഘാടകരും പറഞ്ഞിരുന്നു.

യുഎസ്, ബ്രിട്ടൻ, ഇന്ത്യ, ബംഗ്ലദേശ് എന്നിവ ഉൾപ്പെടെ വിവിധ വിദേശരാജ്യങ്ങളിൽ നിന്നായി 35 പ്രതിനിധികൾ സാഹിത്യോൽസവത്തിന് എത്തുന്നുണ്ട്. കഴിഞ്ഞ മേയിൽ പാക്കിസ്ഥാനിലെ ലഹോറിലേക്ക് അദ്ദേഹത്തിനു ക്ഷണം ലഭിച്ചപ്പോഴും വീസ നൽകിയിരുന്നില്ല. പത്മഭൂഷൻ ബഹുമതി നൽകി ഇന്ത്യ അനുപം ഖേറിനെ ആദരിച്ചത് ഈയിടെയാണ്.