പറവൂർ ഭരതന്‍ എന്ന നാടൻചിരി

മലയാളത്തില്‍ മികച്ചവില്ലന്മാരായി അരങ്ങേറിയ താരങ്ങള്‍ പിന്നീട് ഹാസ്യതാരങ്ങളായി മാറിയ ചരിത്രമുണ്ട്. ഹാസ്യതാരമായി മാറിയ വില്ലന്മാരും പില്‍ക്കാലത്ത് നായകന്മാരായിട്ടുണ്ട്. എന്നാല്‍ ചില കൊടുംവില്ലന്മാര്‍ ഹാസ്യതാരമായി തന്നെ മലയാളികളെ പൊട്ടിച്ചിരിപ്പിച്ച് നിലനിന്നു.

ഇതില്‍ വില്ലനില്‍ നിന്നും ഹാസ്യത്തിലേക്ക് ചേക്കേറിയ ആദ്യതാരം ഒരുപക്ഷേ, പറവൂര്‍ ഭരതനായിരിക്കും. ഓളവും തീരവും പോലുള്ള സിനിമകളില്‍ ‘ കണ്ണൂര്‍ ജയില്‍ ആണുങ്ങള്‍ക്കുളളതാ’ എന്നു പറഞ്ഞ് മീശപിരിച്ചുനടന്ന ഭരതന്‍ പില്‍ക്കാലത്ത് കിന്നാരം പോലുള്ള പടങ്ങളില്‍ നേരിയ ഹാസ്യഭാവമണിഞ്ഞ് ഒടുവില്‍ മീശയില്ലാവാസുവായി മഴവില്‍ക്കാവടിയിലൂടെ അത്യുഗ്രന്‍ പൊട്ടിച്ചിരിയായി മാറി. പിന്നെ എത്രയോ സിനിമകളില്‍ ആ രൂപവും ഭാവവും ആളുകളെ പൊട്ടിച്ചിരിപ്പിച്ചു.

ഇന്‍ ഹരിഹര്‍ നഗര്‍, മേലെപ്പറന്പില്‍ ആണ്‍വീട്, അമ്മയാണേ സത്യം, ജൂനിയര്‍ മാന്‍ഡ്രേക്, കുസൃതികുറുപ്പ്, അരമന വീടും അഞ്ഞൂറേക്കറും, കുടുംബവിശേഷം തുടങ്ങി നിരവധി ചിത്രങ്ങളില്‍ പൊട്ടിച്ചിരിയുടെ മാലപ്പടക്കവുമായി മലയാളികള്‍ക്ക് മുന്നിലെത്തി.