എന്റെ സ്വാതന്ത്ര്യ പ്രഖ്യാപനം

പാർവതി

21 വയസ്സു മുതൽ ഒറ്റയ്ക്കു താമസിക്കുകയും യാത്ര ചെയ്യുകയും ചെയ്യുന്ന ഒരു വ്യക്തിയാണു ഞാൻ. ഒരു സ്ത്രീയെന്ന നിലയിലല്ല, ഒരു വ്യക്തിയെന്ന നിലയിലാണു ഞാനിതൊക്കെ ചെയ്യുന്നത്. സ്ത്രീ, പുരുഷൻ എന്നിങ്ങനെ വേർതിരിച്ചു കാണുമ്പോഴാണ് ഇതിലൊക്കെ കൗതുകം തോന്നുന്നത്.

ലോകം അറിയാനും ഇഷ്ടമുള്ള സ്ഥലങ്ങൾ കാണാനും ഇഷ്ടമുള്ള ആഹാരം കഴിക്കാനുമെല്ലാമുള്ള ആഗ്രഹം എന്റെ സ്വാതന്ത്യമാണ്. വീട്ടുകാർ അതു പൂർണമായി മനസ്സിലാക്കി പിന്തുണയ്ക്കുന്നു എന്നതാണു വലിയ കാര്യം. ഒറ്റയ്ക്കുള്ള യാത്രകൾ ഏറെ ആസ്വദിക്കുന്നുണ്ട്. ഒരിക്കലും അതൊരു വലിയ വെല്ലുവിളിയായോ പ്രശ്നമായോ അനുഭവപ്പെട്ടിട്ടില്ല. ചില യാത്രകളിൽ വെല്ലുവിളികളും ബുദ്ധിമുട്ടുകളുമുണ്ടാവാം. അത്തരം പ്രശ്നങ്ങൾ മാത്രമേ എനിക്കും നേരിടേണ്ടി വന്നിട്ടുള്ളൂ. ചെറിയ യാത്രകളിൽ തുടങ്ങി വിദേശ രാജ്യങ്ങളിലേക്കു വരെ ഒറ്റയ്ക്കു യാത്ര പ്ലാൻ ചെയ്തു പോയപ്പോഴൊന്നും പെൺകുട്ടിയായതുകൊണ്ടുള്ള ഒരു പ്രത്യേകതയും തോന്നിയിട്ടില്ല. മറ്റേതൊരു വ്യക്തിയേയും പോലെ ആസ്വദിക്കുകയായിരുന്നു ഞാൻ.

ഇത്തരം യാത്രകൾ നൽകുന്ന അനുഭവങ്ങൾ പിന്നീടു ജീവിതത്തിൽ വലിയ സ്വാധീനം ചെലുത്തിയിട്ടുണ്ട്. ‘എന്ന് നിന്റെ മൊയ്തീൻ’ കഴിഞ്ഞുള്ള ഇടവേളയിൽ നടത്തിയ 34 ദിവസത്തെ യൂറോപ്യൻ ട്രിപ്പിൽ സ്റ്റോക്ക് ഹോമിൽ നിന്നു ഫിൻലൻഡിലേക്കുള്ള ഒരു യാത്രക്കിടെയാണു വീഗനായ ഒരു സ്ത്രീയെ പരിചയപ്പെടുന്നത്. ജൊവാൻ മക്കാർത്തർ എന്ന ഫോട്ടോ ജേർണലിസ്റ്റായിരുന്നു അത്. ‘വി അനിമൽസ്’ എന്ന പുസ്തകത്തിന്റെ രചയിതാവുമാണ്. അഞ്ചു മണിക്കൂർ അവരുമായി സംസാരിച്ചു

വെജിറ്റേറിയൻ ആവുക എന്നതിനപ്പുറം പാലും വെണ്ണയും തോൽ ഉൽപന്നങ്ങളും അടക്കം മൃഗങ്ങളുമായി ബന്ധപ്പെട്ട ഒന്നും ഉപയോഗിക്കാതെയുള്ള ജീവിത രീതിയാണ് വീഗനിസം. അന്നതു കേട്ടപ്പോൾ കൗതുകം തോന്നി. പക്ഷേ, പിന്നീടും ആറേഴു മാസം നോൺ വെജ് ആയി തന്നെ തുടർന്ന ശേഷമാണു വീഗനിസം സ്വന്തം ജീവിതത്തിൽ പ്രാവർത്തികമാക്കുന്നതിനെക്കുറിച്ചു ചിന്തിക്കുന്നത്. ഇപ്പോൾ ഞാനും വീഗൻ ആണ്.

നല്ല സൗഹൃദങ്ങളും സമ്മാനിക്കും ഇത്തരം യാത്രകൾ. ആ യൂറോപ്യൻ യാത്രയിൽ ഞാൻ പരിചയപ്പെട്ട രണ്ടു പെൺകുട്ടികൾ അടുത്തിടെ ഇന്ത്യയിലെത്തിയിരുന്നു. ഞാനുമായി ബന്ധപ്പെട്ടു പ്ലാൻ ചെയ്തു തന്നെയായിരുന്നു വരവ്. ഉത്തരേന്ത്യയിലെ പല സ്ഥലങ്ങളിലും ഞങ്ങൾ ഒരുമിച്ചു കറങ്ങി. ഇന്ത്യയിലെ വടക്കു കിഴക്കൻ സംസ്ഥാനങ്ങളും ശ്രീലങ്കയും കാണാൻ ഏറെ ആഗ്രഹമുള്ള സ്ഥലങ്ങളാണ്. കഴി‍ഞ്ഞ പുതുവർഷം ശ്രീലങ്കയിൽ ആഘോഷിക്കാനായിരുന്നു പ്ലാൻ. സുഹൃത്തിനൊപ്പം ടിക്കറ്റ് വരെ ബുക്ക് ചെയ്തെങ്കിലും മറ്റു ചില കാരണങ്ങളാൽ നടന്നില്ല. ആൺ-പെൺ വേർതിരിവല്ല, നമ്മുടെ കാഴ്ചപ്പാടും സമീപനവുമാണ് ഓരോ യാത്രകളും രസകരമാക്കുന്നത്.