പത്തേമാരിക്കു പാരയായി അന്യഭാഷാ സിനിമകൾ

സിനിമ കാണാൻ ആളുണ്ട്. പക്ഷേ ടിക്കറ്റുമില്ല. തീയറ്ററുമില്ല. നല്ല സിനിമകൾ ലഭിക്കുന്നില്ലെന്നു പരാതി പറയുന്ന തീയറ്ററുകാർ പത്തേമാരി എന്ന ചിത്രത്തിന്റെ ഷോകൾ വെട്ടിക്കുറച്ച് പകരം അന്യഭാഷാ ചിത്രങ്ങൾ പ്രദർശിപ്പിക്കുന്നത് പ്രതിഷേധത്തിന് വഴി വെയ്ക്കുന്നു.

ടിക്കറ്റ് ലഭിക്കാതായതോടെ കോഴിക്കോട് ശ്രീ തീയറ്ററിൽ ഇന്നലെ രാത്രി സംഘർഷമുണ്ടായി. നൂറ് കണക്കിനാളുകളാണ് ടിക്കറ്റ് കിട്ടാതായതോടെ ബഹളമുണ്ടാക്കിയത്. തൊട്ടപ്പുറത്തെ തീയറ്ററിൽ പ്രദർശിപ്പിച്ചിരുന്ന അന്യഭാഷാ ചിത്രത്തിനാവട്ടെ ആളുമില്ലായിരന്നു. ഒടുവിൽ പൊലീസ് എത്തിയാണ് രംഗം ശാന്തമാക്കിയത്.

പത്തേമാരി അവാർഡ് സിനിമയാണെന്ന് തെറ്റിദ്ധരിച്ചാണ് തീയറ്ററുകാർ ഷോ സമയങ്ങൾ വെട്ടിക്കുറച്ചത്. എന്നാൽ ആദ്യ ദിനം മുതൽ തന്നെ മികച്ച പ്രേക്ഷക പ്രതികരണം നേടുന്ന ചിത്രം സമീപകാലത്തെ ഏറ്റവും മികച്ച ചിത്രങ്ങളിലൊന്നാണെന്നാണ് ആളുകൾ ഒന്നടങ്കം പറയുന്നത്. ഒരു നെഗറ്റീവ് റിവ്യൂ പോലുമില്ലാത്ത ചിത്രത്തെ തീയറ്ററുകാർ അവഗണിക്കുന്നതിന്റെ കാര്യം മനസ്സിലാകുന്നില്ലെന്ന് സിനിമാപ്രേമികൾ പറയുന്നു.