ഫ്രാൻസിസ് മാർപാപ്പ സിനിമയിൽ

ഫ്രാൻസിസ് മാർപാപ്പ സിനിമയിൽ അഭിനയിക്കുന്നു. ‘ബിയോണ്ട് ദ് സൺ’ എന്ന ചിത്രത്തിലാണ് മാർപാപ്പ അഭിനയിക്കുന്നത്. വിവിധ സംസ്കാരങ്ങൾ പുലർത്തുന്ന കുട്ടികൾ തങ്ങൾക്കു ചുറ്റുമുള്ള ലോകത്ത് യേശുവിനെ തിരയുന്നതാണു കഥ. എങ്ങനെ എവിടെയാണു യേശുവിനെ അന്വേഷിക്കേണ്ടതെന്നു മാർപാപ്പ സിനിമയുടെ അവസാനഭാഗത്ത് അവർക്ക് ഉപദേശം നൽകുന്നുണ്ട്.

എന്നാൽ അദ്ദേഹം സിനിമയിൽ മുഴുനീള കഥാപാത്രമായി എത്തുന്നില്ലെന്ന് വത്തിക്കാൻ വക്താവ് വിശദീകരിച്ചു. മാർപാപ്പ സിനിമാഭിനയത്തിനു നാന്ദി കുറിക്കുന്നുവെന്ന് നേരത്തെ റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. ഈ വർഷാവസാനം പുറത്തിറങ്ങുന്ന ഈ ചിത്രത്തിൽനിന്നുള്ള വരുമാനം മാർപാപ്പയുടെ നാടായ അർജന്റീനയിൽ പാവപ്പെട്ട യുവാക്കൾക്കായി പ്രവർത്തിക്കുന്ന രണ്ടു ധർമസ്ഥാപനങ്ങൾക്കു നൽകും.