ജയറാമിനെ വിമര്‍ശിക്കാന്‍ കാരണമുണ്ടെന്ന് പ്രതാപ് പോത്തന്‍

ഫേസ്ബുക്കിലൂടെ മലയാളത്തിലെ പ്രമുഖനടനെതിരെ നടത്തിയ പ്രതികരണത്തിന്‍റെ വിശദീകരണവുമായി പ്രതാപ് പോത്തന്‍ രംഗത്തെത്തി. ആദ്യ പോസ്റ്റില്‍ പേരുവെളിപ്പെടുത്തിയിരുന്നില്ലെങ്കിലും ഇതില്‍ ജയറാമിന്‍റെ പേര് പരാമര്‍ശിച്ചുകൊണ്ടാണ് കുറിപ്പിന്‍റെ തുടക്കം.

‘ജയറാമിന്‍റെ മകന്‍ അഭിനയിക്കുമെന്ന കാര്യം എനിക്ക് അറിയില്ലായിരുന്നു. രണ്ട് പുതിയ സിനിമകള്‍ സംവിധാനം ചെയ്യാനുള്ള ഒരുക്കത്തിലാണ് ഞാന്‍. ഒരു ചിത്രത്തിന്‍റെ നിര്‍മാതാവ് ആണ് ജയറാമിന്‍റെ മകനെക്കുറിച്ച് പറയുന്നത്. അവന്‍ ചെയ്ത കുറച്ച് മിമിക്രി രംഗങ്ങളുടെ വിഡിയോയും കാണിക്കുകയുണ്ടായി.

എന്‍റെ സഹോദരനാണ് ജയറാമിനെ സിനിമയില്‍ കൊണ്ടുവരുന്നത്. അതുകൊണ്ട് ജയറാമിന്‍റെ മകനെ യോജിച്ചൊരു വേഷത്തില്‍ മലയാളസിനിമയില്‍ പരിചയപ്പെടുത്തിയാല്‍ വളരെ നന്നാകുമെന്ന് എനിക്കു തോന്നി.

നിര്‍മാതാക്കള്‍ ജയറാമിനോട് ഇക്കാര്യം സംസാരിച്ചപ്പോള്‍ എന്നോട് വിളിക്കാന്‍ ആവശ്യപ്പെട്ടു. ഞാന്‍ വിളിച്ച് സംസാരിക്കുകയും ചെയ്തു. നിര്‍മാതാക്കളുടെ കാര്യത്തില്‍ ഒക്കെ ആണെന്നും അവനോട് ഇക്കാര്യം ചോദിക്കണമെന്നും ജയറാം പറഞ്ഞു. കഥ എന്താണെന്ന് പോലും കേള്‍ക്കാതെയാണ് ഇത്രയും പറഞ്ഞതും.

ഞാന്‍ രണ്ട് ദിവസം വെയ്റ്റ് ചെയ്തു. രണ്ടു പ്രോജക്ടുകളില്‍ ഞാന്‍ സംവിധാനം ചെയ്യാന്‍ ഒരുങ്ങുന്ന രണ്ടാമത്തെ ചിത്രമെന്ന നിലയില്‍ എനിക്ക് ക്ഷമയുണ്ടായിരുന്നു. മൂന്ന് ദിവസം കഴിഞ്ഞ് ഞാന്‍ തിരിച്ചുവിളിച്ചു. അപ്പോള്‍ അദ്ദേഹം പറഞ്ഞത്, അടുത്തവര്‍ഷം ഒക്ടോബര്‍ വരെ മകന് തിരക്കാണെന്നാണ്. മകന് കഥ കേള്‍ക്കാന്‍ താല്‍പര്യമുണ്ടോയെന്നും ജയറാമിനോട് ചോദിച്ചു. കഥകേള്‍ക്കാന്‍ താല്‍പര്യമില്ലെന്ന് മാത്രമല്ല അവന്‍ പഴയ സംവിധായകര്‍ക്കൊപ്പം പ്രവര്‍ത്തിക്കാനില്ലെന്നും ജയറാം പറഞ്ഞു.

ഇതെന്നില്‍ വിഷമമുണ്ടാക്കി. അതുകൊണ്ടാണ് അങ്ങനെയൊരു ഫേസ്ബുക്ക് സ്റ്റാറ്റസ് ഇടേണ്ടതായി വന്നത്. ഒരു ഓഫര്‍ നിരസിക്കുന്നതിന് മാന്യമായ രീതിയും മോശമായ രീതിയുമുണ്ട്. അതില്‍ രണ്ടാമത്തെ വഴിയാണ് ഇവിടെ തിരഞ്ഞെടുക്കപ്പെട്ടത്. ഇതെന്നെ വല്ലാതെ വിഷമിപ്പിച്ചു. പിന്നെയാണ് അദ്ദേഹത്തിന്‍റെ മകന്‍ തമിഴ് സിനിമയില്‍ അഭിനയിക്കുന്ന കാര്യം ഞാന്‍ അറിയുന്നത്.

ജയറാമിനെതിരെ കുറിച്ച സ്റ്റാറ്റസ് മൂലം സോഷ്യല്‍മീഡിയയില്‍ എനിക്കെതിരെ ഉയര്‍ന്ന പ്രതിഷേധത്തെ ഞാനൊട്ടും വകവെക്കുന്നില്ല. പ്രതാപ് പോത്തന്‍ പറഞ്ഞു. ജയറാമിന്‍റെ മകനോട് യാതൊരു വിദ്വേഷവുമില്ലെന്നും എല്ലാ ആശംസകളും നേരുന്നുവെന്നും പ്രതാപ് പോത്തന്‍ പറയുന്നു.