പൃഥ്വിരാജിന് വേണ്ടി സൃഷ്ടിക്കപ്പെട്ട നായകൻ

അനാർക്കലി സിനിമയ്ക്ക് വേണ്ടി പൃഥ്വിരാജ് എടുത്ത ത്യാഗങ്ങളെക്കുറിച്ച് സംവിധായകൻ സച്ചി പറയുന്നു.

∙പൃഥ്വിരാജും ഡൈവിങും

അനാർക്കലിയിലെ നേവി ഓഫിസറും പിന്നീടു ഡൈവിങ് പരിശീലകനുമാവുന്ന നായകനെ പൃഥ്വിരാജിനു വേണ്ടി സൃഷ്ടിച്ചതാണ്. ഡ്യൂപ്പില്ലാതെയാണ്‌ സാഹസികരംഗങ്ങൾ പൃഥ്വി അഭിനയിച്ചത്. ഓക്‌സിജിൻ ഇല്ലാതെ 30 മീറ്റർ വരെ ആഴത്തിൽ പോകാൻ പരിശീലനം നേടി. ഷൂട്ടിങ് തീരുന്നതിനു മുമ്പു തന്നെ ഡൈവിങ്ങിൽ ഏറ്റവും ആദരിക്കപ്പെടുന്ന ആഗോള സർട്ടിഫിക്കേഷൻ നൽകുന്ന പ്രഫഷനൽ അസോസിയേഷൻ ഓഫ്‌ ഡൈവിങ് ഇൻസ്‌ട്രക്‌റ്റേഴ്‌സ്‌ (പാഡി) എന്ന ഓസ്‌ട്രേലിയൻ ഏജൻസിയിൽ നിന്നു പൃഥ്വിരാജിനും ഛായാഗ്രാഹകനായ സുജിത്‌ വാസുദേവിനും ഗ്രേഡ്‌ വൺ സർട്ടിഫിക്കേഷൻ ലഭിച്ചു.

∙അഞ്ചു സംവിധായകർ അഭിനയിക്കുന്ന ചിത്രം

രഞ്‌ജി പണിക്കർ, മേജർ രവി, ശ്യാമപ്രസാദ്‌, വി. കെ. പ്രകാശ്‌, മധുപാൽ എന്നിവർ അഭിനയിക്കുന്നു. അമിർഖാന്റെ പികെയിൽ ഗാനങ്ങളെഴുതിയ എഴുതിയ മനോജ് മുംതാഷിർ എഴുതി വിദ്യാസാഗർ ഈണമിട്ട ഖവാലി പാടി അഭിനയിക്കുന്നത്‌ ശ്യാമപ്രസാദാണ്‌.

അനാർക്കലിയെന്ന പേര്

പ്രസിദ്ധമായ സലിം-അനാർക്കലി പ്രണയകഥയാണ് ഈ പേരുകേൾക്കുമ്പോൾ ഓർമയിൽ വരുന്നത്. ഈ പേര്‌ സിനിമയ്‌ക്കിട്ടപ്പോൾത്തന്നെ ഒട്ടേറെപ്പേർ അനാർക്കലിയുടെ ആത്മാവ്‌ ഇതിനെ പിന്തുടരുമെന്നു മുന്നറിയിപ്പു നൽകിയിരുന്നു. അനാർക്കലിയുടെ ശവകുടീരത്തിൽപ്പോയി പ്രാർഥിക്കാൻ ഡൽഹിയിലും ആഗ്രയിലും ഞങ്ങൾ അന്വേഷിച്ചു. ഒടുവിലാണറിഞ്ഞത്‌ അതു ലാഹോറിലാണെന്ന്‌. സാങ്കേതിക കാരണങ്ങളാൽ പാക്കിസ്ഥാൻ യാത്ര എളുപ്പമല്ലാത്തതിനാൽ ഏകാകിയും അനുരാഗിയുമായ ആ അനശ്വര ആത്മാവിനു തല കുനിക്കാനേ ഞങ്ങൾക്ക്‌ സാധിച്ചുള്ളു.