‘ആദ്യം പ്രശ്നമില്ലെന്നു പറഞ്ഞു, പിന്നെ പറ്റില്ലെന്നും’

പ്രിയങ്ക ചോപ്ര, ഏലിയാസ്

പ്രിയങ്ക ചോപ്രയുടെ മുത്തശ്ശിയുടെ സംസ്കാര ചടങ്ങുകളുമായി ബന്ധപ്പെട്ട വിവാദങ്ങൾ ഒഴിയുന്നില്ല. ഇടവക പള്ളിയിൽ അടക്കാൻ പറ്റില്ല എന്ന പ്രതിഷേധം ഉണ്ടാകുമെന്ന് കരുതിയില്ലെന്നും മേരിയുടെ അവസാന ആഗ്രഹം അപ്പന്റേയും അമ്മയുടേയും കല്ലറയിൽ അടക്കണം എന്നതായിരുന്നുവെന്നും പ്രിയങ്കയുടെ മുത്തശ്ശിയുടെ അടുത്ത ബന്ധു ഏലിയാസ് പറയുന്നു.

ഹിന്ദുവിനെ കല്യാണം കഴിച്ചു ഹിന്ദു സമ്പ്രദായത്തിലാണ് ജീവിച്ചത് എന്നൊണ് അവർ പറയുന്ന കാരണം. എന്നാല്‍ വിവാഹശേഷം മേരി ഒരിക്കലും അമ്പലത്തിൽ പോയിട്ടില്ല. റജിസ്റ്റർ വിവാഹം ആണ് ചെയ്തത്. നാട്ടിൽ വരുന്ന സമയത്ത് വിവിധ പള്ളികളിൽ പോകുമായിരുന്നു. രണ്ടു വർഷം മുൻപ് ഇടവകപള്ളിയിൽ വന്ന് കുമ്പസാരിച്ച് കുർബാനകൊള്ളുകയും ചെയ്തിരുന്നു. ഇതിൽ നിന്നു തന്നെ മനസിലാക്കാം ക്രിസ്ത്യൻ സമ്പ്രദായമാണ് പിന്തുടർന്നതെന്ന്.

മരിക്കുന്നതിന് കുറച്ചുനാൾ മുൻപ് ഇടവകപള്ളിയിൽ അടക്കം ചെയ്യുന്നതിന് പ്രശ്നം ഉണ്ടോ എന്ന് ചോദിച്ചപ്പോൾ ‘ ഇല്ല’ എന്നാണ് മറുപടി ലഭിച്ചത്. കാതോലിക്ക ബാവയുടെ അടുക്കലും ചെന്ന് പറഞ്ഞു അപ്പോൾ ബാവ ചോദിച്ചു മാമോദീസ മുങ്ങിയതാണോ, ആണെങ്കിൽ പ്രശ്നമൊന്നും ഇല്ലെന്നും പറഞ്ഞു.

പള്ളിക്കമ്മറ്റിയുടെ മാത്രം തീരുമാനമായിരുന്നു ഇവിടെ അടക്കം ചെയ്യാൻ പാടില്ല എന്നത്. ഒരു മനുഷ്യന്റെ അന്ത്യാഭിലാഷമാണെന്നതു പോലും അവർ ചെവിക്കൊണ്ടില്ല. മുംബൈയിൽ നിന്ന് മൃതദേഹം ഇവിടെ കൊണ്ടുവന്നു. ബന്ധുക്കളെല്ലാവരും വന്നു. പല പ്രാവശ്യം പള്ളിക്കമ്മറ്റിക്കാരോട് അപേക്ഷിച്ചു. പക്ഷേ ഇവിടെ അടക്കാൻ പറ്റില്ലെന്നു പറഞ്ഞു. തിരുമേനിയെ പോയി കണ്ടു വിവരങ്ങൾ പറഞ്ഞപ്പോൾ പൊൻകുന്നത്ത് ഒരു യാക്കോബായ പള്ളിയിൽ സംസ്ക്കരിക്കാം എന്നു പറഞ്ഞു. അങ്ങനെയാണ് പൊൻകുന്നത്ത് അടക്കുന്നത്. കമ്മറ്റിക്കാർ പറയുന്നത് കേട്ടതല്ലാതെ ഇടവക വികാരി അഭിപ്രായം ഒന്നും പറഞ്ഞില്ല. കമ്മറ്റിക്കാർ പറയുന്ന പ്രാധാന കാരണം ഹിന്ദുവിനെ കല്യാണം കഴിച്ചു എന്നതാണ്.

എന്നാൽ ക്രിസ്തു സഭയുടെ എല്ലാ ആചാരങ്ങളും നോക്കിയിരുന്ന ആളായിരുന്നു. ഹിന്ദു സമ്പ്രദായം പിൻതുടർന്നിട്ടില്ല .പ്രിയങ്കയുടെ അഭിപ്രായത്തോട് തന്നെയാണ് ഞങ്ങളെല്ലാവരും യോജിക്കുന്നത്. പ്രിയങ്കയെ വളർത്തിയത് മുത്തശ്ശിയായിരുന്നു. വളരെ ദൗർഭാഗ്യകരമായി പോയി ഈ സംഭവം. ഏലിയാസ് പറഞ്ഞു.