രാജേഷ്, അതിവേഗത്തിൽ മുന്നോട്ട് കുതിച്ച പ്രതിഭ: റഹ്മാൻ

രാജേഷ് പിള്ള, റഹ്മാൻ

അന്തരിച്ച സംവിധായകന്‍ രാജേഷ് പിള്ളയെ അനുസ്മരിച്ച് നടൻ റഹ്മാൻ. രാജേഷ് പിള്ളയുടെ വിയോഗ വാർത്ത അറിഞ്ഞപ്പോൾ ആദ്യം മനസ്സിലെത്തിയത് ചുവപ്പു സിഗ്നൽ ആണെന്ന് റഹ്മാൻ പറയുന്നു. അതിവേഗത്തിൽ മുന്നോട്ടു കുതിച്ചുകൊണ്ടിരുന്ന ഒരു യുവ പ്രതിഭയാണ് യാത്ര അവസാനിപ്പിച്ച് മടങ്ങുന്നതെന്ന് റഹ്മാൻ പറയുന്നു.

റഹ്മാന്റെ ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം

ജീവിതത്തിന്റെ ട്രാഫിക് പോസ്റ്റിൽ പെട്ടെന്നൊരു റെഡ് സിഗ്നൽ. രാജേഷ് പിള്ളയുടെ വിയോഗ വാർത്ത അറിഞ്ഞപ്പോൾ ആദ്യം മനസ്സിലെത്തിയത് ഈ ചുവപ്പു സിഗ്നലാണ്. അതിവേഗത്തിൽ മുന്നോട്ടു കുതിച്ചുകൊണ്ടിരുന്ന ഒരു യുവ പ്രതിഭ അങ്ങനെ യാത്ര അവസാനിപ്പിച്ചു മടങ്ങുന്നു.

മോഹൻലാലിനും ജൂനിയർ എൻടിആറിനുമൊപ്പം അഭിനയിക്കുന്ന ‘ജനതാ ഗാരേജ്’ എന്ന തെലുങ്കു ചിത്രത്തിന്റെ ഹൈദരാബാദിലെ ലൊക്കേഷനിലാണ് ഞാൻ. രാജേഷ് പിള്ള മരിച്ചുവെന്നും മരിച്ചില്ലെന്നുമുള്ള വാർത്തകൾ ഫോണിൽ വന്നുകൊണ്ടിരുന്നപ്പോൾ മനസ്സിൽ പ്രാർഥിക്കുകയായിരുന്നു. ഒന്നും സംഭവിച്ചിട്ടുണ്ടാവരുതേ... മരണ വാർത്ത സത്യമായിരിക്കരുതേ... ജീവിതത്തിലേക്ക് കൂടുതൽ വേഗത്തിൽ രാജേഷ് മടങ്ങി വരണേ...

പക്ഷേ, ഞങ്ങളുടെ പ്രാർഥനകൾ വെറുതെയായി എന്ന് ഇപ്പോൾ കേൾക്കുന്നു. ട്രാഫിക് എന്ന സിനിമയിൽ രാജേഷിന്റെ നിർദേശങ്ങൾക്കനുസരിച്ച് അഭിനയിച്ച ഓരോ ഷോട്ടും മനസ്സിലേക്ക് ഓടിവരുന്നു... ഒരു അസാമാന്യ പ്രതിഭയാണ് താൻ എന്നു വിളിച്ചുപറയുന്നതായിരുന്നു രാജേഷിന്റെ ചിന്തകൾ. ആ ചിന്തകളൊക്കെ രാജേഷിന്റെ സിനിമകളിലൂടെ നമ്മോടു ഇനിയും സംസാരിച്ചുകൊണ്ടിരിക്കും. അകാലത്തിൽ പൊലിഞ്ഞ പ്രിയ സുഹൃത്തേ... വിട...