ചുംബനം, സമരം, വാണിഭം ഒടുവിൽ പ്ലിംഗ് !!!

ചുംബന സമരത്തിന്റെ അപ്പോസ്തോലരായതോടെയാണ് രാഹുൽ പശുപാലനെയും ഭാര്യ രശ്മി ആർ നായരെയും കേരളം അറിയുന്നത്. സമരവും ധർണയും ലാത്തിയടിയും ഒരുപാട് കണ്ടവരാണ് മലയാളികളെങ്കിലും ചുംബന സമരമെന്നു കേട്ടപ്പോൾ തളർവാതം പിടിച്ചു കിടന്ന വൃദ്ധർ പോലും എണീറ്റ് സമരവേദിയിലേക്ക് വച്ചു പിടിച്ചു.

ചുംബനസമരവും അതിന് മാധ്യമങ്ങൾ കൊടുത്ത പ്രാധാന്യവും പശുപാലനും ഭാര്യയ്ക്കും സെലിബ്രിറ്റി ഇമേജ് നൽകി. പൊലീസ് വാഹനത്തിൽ വച്ച് രാഹുലും രശ്മിയും ചുംബിക്കുന്ന ചിത്രം അന്താരാഷ്ട്ര മാധ്യമങ്ങളിൽ പോലും ഇടം പിടിച്ചു. അപ്പൊ അവരും വിചാരിച്ചു കാണും. സമരം സിനിമയാക്കിയാലൊ എന്ന് ? കൂടുതൽ ചിന്തിക്കാതെ പടം അനൗൺസ് ചെയ്തു. രാഹുൽ പശുപാലൻ സംവിധാനം. കഥയും തിരക്കഥയും ഭാര്യയുടെ വക. ഒന്നാന്തരമൊരു പേര് ‘പ്ലിംഗ്’.

പ്ലിംഗ് സിനിമയുടെ ലൊക്കേഷന്‍ ചിത്രം

കിസ് ഒാഫ് ലവ് സമരവും 2016–ലെ കേരളാ നിയമസഭയിലേക്കുള്ള തെരഞ്ഞെടുപ്പുമാണ് പശുപാലൻ തന്റെ ചിത്രത്തിൽ വിഷയമാക്കാനിരുന്നത്. ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിച്ചതുമാണ്. പക്ഷേ ഇപ്പോൾ സംവിധായകനും ഭാര്യയും പെൺവാണിഭക്കേസിൽ പിടിയിലായതോടെ അണിയറക്കാർ പ്ലിംഗ്. കാശു മുടക്കിയ പ്രൊഡ്യൂസർ പ്ലിംഗോട് പ്ലിംഗ്.

കേസിൽ അറസ്റ്റിലായെന്നു വച്ച് അവർ കുറ്റക്കാരാണെന്നോ അല്ലെന്നോ നമുക്ക് വിധിക്കാനാവില്ല. എന്തായാലും കേസും പുക്കാറുമായി കുറച്ചു നാൾ നടക്കേണ്ടി വരുമെന്നു സാരം. അങ്ങനെയായാലും കുഴപ്പമില്ല. അതും കൂടി സിനിമയുടെ തിരക്കഥയുടെ ഭാഗമാക്കാവുന്നതല്ലേ?

കഥയിൽ വേണമെങ്കിൽ ഒരു ട്വിസ്റ്റും ആകാം. പെൺവാണിഭമെന്നു തെറ്റിദ്ധരിച്ച് പശുപാലനെ അറസ്റ്റ് ചെയ്ത പൊലീസ് പിന്നീട് തിരിച്ചറിയുന്നു. അത് വാണിഭമല്ലായിരുന്നു. സ്ത്രീ ശാക്തീകരണത്തിനുവേണ്ടിയുള്ള പശുപാലന്റെയും ഭാര്യയുടെയും അതീവ മൂല്യബോധത്തോടെയുള്ള പ്രവർത്തനമായിരുന്നുവെന്ന്. അപ്പോൾ ആരു പ്ലിംഗി ?