തെരുവ് നായ വിഷയം; രഞ്ജിനിക്ക് പിന്തുണയുമായി റായി ലക്ഷ്മി

റായി ലക്ഷ്മി, രഞ്ജിനി

കേരളത്തില്‍ തെരുവ് നായ്ക്കളെ കൊല്ലുന്ന വിഷയത്തില്‍ രഞ്ജിനി ഹരിദാസിന് പിന്തുണയുമായി റായി ലക്ഷ്മി രംഗത്ത്. കേരളത്തില്‍ തെരുവ് നായ്ക്കളെ കൊല്ലാന്‍ നിയമതടസമില്ലെന്ന സര്‍ക്കാരിന്‍റെ ഉത്തരവിന് പിന്നാലെയാണ് റായി ലക്ഷ്മി ഈ നടപടിക്കെതിരെ രംഗത്തെത്തിയത്.

താരം തന്‍റെ ഔദ്യോഗിക ഫേസ്ബുക്കിലൂടെ രോഷം പ്രകടിപ്പിക്കുകയുണ്ടായി. ‘ വീണ്ടും ദുഃഖ വാര്‍ത്ത. കേരളത്തില്‍ തെരുവ് നായ്ക്കളെ കൊല്ലുന്നു. എന്താണ് ദൈവത്തിന്‍റെ സ്വന്തം നാട്ടില്‍ സംഭവിച്ചുകൊണ്ടിരിക്കുന്നത്. ഇപ്പോള്‍ മനുഷ്യരെ പോലും എനിക്ക് വെറുപ്പാണ്. റായി ലക്ഷ്മി പറഞ്ഞു.

രഞ്ജിനി ഉള്‍പ്പടെയുളള മൃഗസ്നേഹികള്‍ നേരത്തെ തന്നെ തെരുവ് നായ്ക്കളെ കൊല്ലുന്നതിനെതിരെ രംഗത്തെത്തയിരുന്നു. നായ്ക്കൾ‌ക്കും ലൈഫ് റജിസ്റ്റർ ചെയ്യാനുള്ള സംവിധാനം ഒരുക്കണം. ഇപ്പോൾ ഒരു വീട്ടിൽ ഒരു പട്ടിയെ വാങ്ങിയാൽ പഞ്ചായത്തിന്റെ കീഴിൽ അതിനെ റജിസ്റ്റർ ചെയ്യാം. അത് മരണപ്പെടുകയാണെങ്കിലും അവിടെ അറിയിക്കാം. അങ്ങനെ ആകുമ്പോൾ ഏതെങ്കിലും നായ തെരുവിൽ അലയുകയാണെങ്കിൽ കൃത്യമായി കണ്ടെത്താൻ കഴിയും. ഇപ്പോൾ എല്ലാവർക്കും ആധാർ കാർഡ് നിർബന്ധമാക്കിയതു പോലുള്ള എന്തെങ്കിലും ഫലപ്രദമായ മാര്‍ഗം ഇതിലും ഉണ്ടായേ മതിയാകൂ.’ രഞ്ജിനി പറയുന്നു.

ഇതിനിടെ അപകടകാരികളുമായ തെരുവു നായ്ക്കളെയും പേപ്പട്ടികളേയും നശിപ്പിക്കാന്‍ അടിയന്തരനടപടി സ്വീകരിക്കണമെന്ന് തിരുവനന്തപുരത്ത് ചേര്‍ന്ന സര്‍വകക്ഷി യോഗം സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. മനുഷ്യ ജീവനു ഭീഷണിയായ നായ്ക്കളെ കൊല്ലാന്‍ നിയമതടസമില്ലെന്നു വകുപ്പ് സെക്രട്ടറി അറിയിച്ചു. സംസ്ഥാനത്തുടനീളം തെരുവു നായ്ക്കളുടെ ആക്രമണം വര്‍ധിച്ച സാഹചര്യത്തിലാണ് യോഗം ചേര്‍ന്നത്.