‘ഞാൻ മത്സരിക്കുന്നതിൽ നിന്റെ അഭിപ്രായം’

മുകേഷ് കൊല്ലത്തു സ്ഥാനാർഥിയാകുമെന്ന അഭ്യൂഹങ്ങൾ പ്രചരിക്കുന്നതിനിടെ മുകേഷ് തന്നെ രമേഷ് പിഷാരടിയോടു ചോദിച്ചു: ഞാൻ മൽസരിക്കുന്നതിനെക്കുറിച്ച് എന്താണു നിന്റെ അഭിപ്രായം?

ചേട്ടൻ ജയിച്ചാൽ കൊല്ലത്തിനു നല്ലൊരു എംഎൽഎയെ കിട്ടും. പക്ഷേ, എറണാകുളത്ത് എന്റെ കുടുംബം പട്ടിണിയാകും. ചേട്ടൻ പോകുന്നതോടെ നമ്മൾ ഒരുമിച്ചുള്ള ഷോ നിൽക്കും. എന്റെ കാര്യം പരുങ്ങലിലുമാകും. എന്തായാലും, മുകേഷ് സ്ഥാനാർഥിയായതോടെ കൊല്ലത്തു പ്രചാരണത്തിനു പിഷാരടി ഒറ്റയ്ക്കല്ല പോയത്, ഒപ്പം സുരാജ് വെഞ്ഞാറമൂടുമുണ്ടായിരുന്നു.

മിക്ക വേദികളിലും സുരാജ് തകർപ്പൻ പ്രസംഗം. മുകേഷേട്ടനെ നിങ്ങളെങ്ങനെയെങ്കിലും ജയിപ്പിക്കണമെന്നു സുരാജ് കടുത്ത ആത്മാർഥയോടെ പറയുന്നു. ഇത്രയും സ്നേഹം കണ്ടപ്പോൾ പിഷാരടി അടുത്ത വേദിയിൽ തന്റെ മനസ്സും തുറന്നു: മുകേഷ് ചേട്ടൻ സ്ഥാനാർഥിയായപ്പോത്തന്നെ ഏഷ്യാനെറ്റിലെ ‘സെൽ മീ ദി ആൻസറി’ലേക്കു സുരാജ് വന്നു. ചേട്ടൻ എംഎൽഎ ആയാൽ ഇനി വരാനിരിക്കുന്ന ടിവി ഷോ എല്ലാം പിടിക്കാം എന്നമട്ടിലാണു സുരാജിന്റെ പ്രസംഗം. പ്രചാരണവേദിയിൽ മിമിക്രി കാണിക്കണമെന്നാവശ്യപ്പെട്ട ജനം അതോടെ കയ്യടിച്ചു പിരിഞ്ഞു.

കേരളത്തിലെ തിരഞ്ഞെടുപ്പുവേദികളിൽ താരപ്രചാരകരുടെ നെട്ടോട്ടമാണ്. ബിജെപിക്കുവേണ്ടി സുരേഷ് ഗോപി, കോൺഗ്രസിനുവേണ്ടി സലിംകുമാർ – അങ്ങനെ പോകുന്നു ആ നിര. കാസർകോടുമുതൽ ഹരിപ്പാടുവരെ യുഡിഎഫ് സ്ഥാനാർഥികൾക്കുവേണ്ടി അക്ഷീണം പ്രചാരണത്തിനിറങ്ങിയിരിക്കുകയാണു സലിംകുമാർ. നാദാപുരത്തു കോൺഗ്രസ് സ്ഥാനാർഥി പ്രവീൺകുമാറിന്റെ പ്രചാരണത്തിനു പോകുകയായിരുന്നു സലിംകുമാർ. വടകരയിൽ യുഡിഎഫിന്റെ യോഗത്തിലെ ആൾക്കൂട്ടം കണ്ടപ്പോൾ സലിമിനൊരാവേശം. വെറുതേ കാറിന്റെ ഗ്ലാസ് താഴ്ത്തി കൈ വീശി. പ്രവർത്തകരുണ്ടോ വിടുന്നു. രണ്ടു വാക്കു പറഞ്ഞിട്ടു പോകണമെന്നായി അവർ. വടകരയിലെ സ്ഥാനാർഥിയുടെ പേര് പോന്ന വഴിക്കു നോക്കിവച്ചതിനാൽ സലിംകുമാറിനു തെറ്റിയില്ല. വേദിയിൽ കയറി പ്രസംഗം നടത്തി നാദാപുരത്തേക്കു പോയി.

എൽഡിഎഫ് വരും, എല്ലാം ശരിയാകും എന്നു പറയുന്നവരോട് ഇവിടെ ഇപ്പോൾത്തന്നെ എല്ലാം ശരിയാണെന്നാണു സലിമിന്റെ വാദം. കഴിഞ്ഞ ദിവസം കോട്ടയത്തു ഷൂട്ടിങ് കഴിഞ്ഞു താമസിച്ച ഹോട്ടലിൽ ചായ കൊണ്ടുവന്ന പയ്യനു സലിംകുമാറിന്റെ രാഷ്ട്രീയ സ്നേഹത്തെക്കുറിച്ചു നല്ല ധാരണ. സാറേ, അടുത്ത മുറിയിൽ എകെജിയുണ്ട് എന്നായി പയ്യൻ. താൻ കോൺഗ്രസിനുവേണ്ടി പ്രചാരണം നടത്തിയതുകൊണ്ട് ഇനി എകെജി എങ്ങാനും നേരിട്ടു വന്നോ എന്നായി സലിമിനു സംശയം. ചെന്നു നോക്കിയപ്പോൾ സാക്ഷാൽ എ.കെ.ആന്റണി.

ഉടനെ വി.ഡി.സതീശനുവേണ്ടി സ്ക്വാഡ് വർക്കിനിറങ്ങാനാണു സലിമിന്റെ തീരുമാനം. സലിംകുമാറും 101 വനിതകളും. ഈ പരിപാടിക്ക് എന്തു പേരിടണമെന്ന് ആലോചിച്ചിരിക്കുകയാണദ്ദേഹം. തിരഞ്ഞെടുപ്പ് അനൗൺസ്മെന്റ് രംഗത്തേക്കു സലിംകുമാറിനെ കൊണ്ടുവന്ന കെ.പി.ധനപാലനും ഇക്കുറി മൽസരരംഗത്തുള്ളതിനാൽ ധനപാലനുവേണ്ടിയും സലിം സജീവമാണ്.

മഹാരാജാസിൽ കെഎസ്‌യു നേതാവായിരുന്ന ടിനി ടോമും എറണാകുളത്തു പ്രചാരണരംഗത്ത് ഓടിനടക്കുന്നു. കളമശേരി മണ്ഡലത്തിലെ എൻഡിഎ സ്ഥാനാർഥി വി.ഗോപകുമാറിനുവേണ്ടി വോട്ടുചോദിക്കാൻ നടൻ ജയറാം രംഗത്തു വന്നിരുന്നു. സുഹൃത്ത് എന്ന നിലയിലാണു വോട്ടുചോദിക്കുന്നതെന്നു കുന്നുകരയിൽ നടത്തിയ യോഗത്തിൽ ജയറാം പറഞ്ഞു. കവിയൂർ പൊന്നമ്മയും ഗോപകുമാറിനു വോട്ടുചോദിക്കാൻ കുന്നുകരയിലെ യോഗത്തിലെത്തിയിരുന്നു.

ആലപ്പുഴയിലെ എൽഡിഎഫ് സ്ഥാനാർഥി തോമസ് ഐസക്കിന്റെ ഫെയ്സ്ബുക് ലേഖനങ്ങൾ സമാഹരിച്ചു പ്രസിദ്ധീകരിച്ച ബുക്കിന്റെ പ്രകാശനച്ചടങ്ങിനും പ്രചാരണത്തിനുമായി ആലപ്പുഴയിൽ നടൻ മമ്മൂട്ടിയും എത്തി. ബിജെപി സ്ഥാനാർഥി പി.എസ്.ശ്രീധരൻപിള്ളയ്ക്കുവേണ്ടി ചെങ്ങന്നൂർ മണ്ഡലത്തിൽ നടൻ സുരേഷ് ഗോപി എംപിയും സംവിധായകൻ മേജർ രവിയും എത്തിയിരുന്നു.

കെപിഎസി ലളിത ധർമടത്തു വോട്ടുചോദിച്ചെത്തിയതു പിണറായി വിജയനെ ജയിപ്പിക്കാനല്ല, തന്റെ സന്തോഷത്തിനാണ്. കാരണം, താൻ വോട്ടുചോദിച്ചില്ലെങ്കിലും പിണറായി ജയിക്കുമെന്നു ലളിത പറയും. പക്ഷേ, മനസ്സു പറയുമ്പോൾ അദ്ദേഹത്തിനായി വോട്ടുചോദിക്കാതിരിക്കുന്നതെങ്ങനെ എന്ന ആമുഖത്തോടെ പിണറായിക്കൊരു വോട്ടുചോദിക്കും. പിന്നെ പൊന്നരിവാളമ്പിളിയിൽ കണ്ണെറിഞ്ഞ കെപിഎസിയിലെ നാടകക്കാലം ആറ്റിക്കുറുക്കി ഓർമിച്ചെടുക്കും. ജിഷയുടെ ഘാതകർക്കു തൂക്കുകയർ നൽകണമെന്ന് ആവശ്യപ്പെടും; അത്രമാത്രം.