റമസാന്‍ റിലീസുകള്‍ വൈകില്ല

സെന്‍സറിങ് വൈകുന്നത് പെരുന്നാള്‍ സിനിമകളുടെ റിലീസിനെ ബാധിക്കില്ലെന്ന് റീജണല്‍ ഓഫീസര്‍. ഈ ആഴ്ച തന്നെ സെന്‍സറിങ് പുനഃരാരംഭിക്കും. ഇതിനായി കനത്തസുരക്ഷ ഒരുക്കിയിട്ടുണ്ടെന്നും റീജിയണല്‍ ഓഫീസര്‍ പറഞ്ഞു.

ഏഴോളം ചിത്രങ്ങളാണ് റമസാന്‍ സീസണില്‍ റിലീസിനെത്താനിരിക്കുന്നത്. മമ്മൂട്ടിയുടെ അച്ഛാ ദിന്‍, കുഞ്ചാക്കോ ബോബിന്‍റെ മധുര നാരങ്ങ, ജയസൂര്യയുടെ ജിലേബി, സുരേഷ് ഗോപിയുടെ രുദ്ര സിംഹാസനം, ഷൈന്‍ ടോം ചാക്കോയുടെ വിശ്വാസം അതല്ലേ എല്ലാം, ദിലീപ് ചിത്രം ലവ് 24 ഇന്‍ടു 7‍, ഉണ്ണി മുകുന്ദന്റെ കെഎല്‍ ടെന്‍ പത്ത് എന്നീ ചിത്രങ്ങളാണ് വെളളിയാഴ്ച റിലീസിനൊരുങ്ങുന്നത്.

പ്രേമം വ്യാജപകര്‍പ്പുമായി ബന്ധപ്പെട്ട് സെന്‍സറിങ് നിര്‍ത്തി വച്ചതിനെതുടര്‍ന്നായിരുന്നു റിലീസുകള്‍ പ്രതിസന്ധിയിലായത്. നിര്‍ത്തിവച്ചത് റംസാന്‍ റിലീസുകളെ പ്രതിസന്ധിയിലാക്കും. വ്യാജ സിഡി വിവാദത്തില്‍ തിരുവനന്തപുരം സെന്‍സര്‍ ബോര്‍ഡ് ഓഫീസില്‍ ആന്‍റി പൈറസി സെല്‍ റെയ്ഡ് നടത്തിയിരുന്നു. ഇതിനെ തുടര്‍ന്ന് സെന്‍സര്‍ ബോര്‍ഡ് സംശയത്തിന്റെ നിഴലിലായ സാഹചര്യത്തില്‍ മതിയായ സുരക്ഷാ ക്രമീകരണങ്ങളും സി സി ടിവി ഉള്‍പ്പെടെ ഉള്ള നിരീക്ഷണ സംവിധാനങ്ങളും ഏര്‍പ്പെടുത്തിയ ശേഷം മതി ഇനി മുതല്‍ പുതിയ സിനിമകള്‍ സെന്‍സര്‍ ചെയ്തു തുടങ്ങുന്നത് എന്ന് സെന്‍സര്‍ ബോര്‍ഡ് തീരുമാനമെടുത്തിരുന്നു.