നിലപാടിനാൽ ശക്തം, റാണി പത്മിനി

ഞാനാള് ‘ഹോട്ട്’ അല്ലേ...? എനിക്ക് ഭയങ്കര ഹ്യൂമർസെൻസല്ലേ...? എന്നൊക്കെ സ്വയം പുകഴ്ത്തി അതിൽ സംതൃപ്തി കണ്ടെത്തുന്ന ഒരാൾ. മറ്റുള്ളവർ തന്നെപ്പറ്റി എന്തുപറയുന്നു എന്നു കേൾക്കാതെ ‘ഞാൻ പറയുന്നത് മാത്രം ഞാൻ കേട്ടാൽ മതി’ എന്ന ചിന്തയുമായി നടക്കുന്ന അവൾ–പത്മിനി.

ചിന്തകളിങ്ങനെയൊക്കെണെങ്കിലും എല്ലാ സാമൂഹിക നിയന്ത്രണങ്ങൾക്കും വിധേയയായിട്ടാണ് പത്മിനിയുടെ ജീവിതം; അതവൾ തിരിച്ചറിയുന്നുമില്ല. എന്നാൽ ആരോടും ഒന്നും പറഞ്ഞുകൊടുക്കാതെ തന്നെ തന്റെ പ്രവൃത്തികളിലൂടെ താനാരാണെന്നു ലോകത്തിനു കാണിച്ചു കൊടുക്കുന്ന മിടുക്കിയാണ് റാണി. രണ്ട് വിരുദ്ധ ധ്രുവങ്ങൾ– എന്നിട്ടും അവർ കാന്തം ഇരുമ്പിലെന്ന പോലെ ഒട്ടിച്ചേർന്നു, ഒരുമിച്ചൊരു യാത്ര തുടങ്ങി. ഒരു അടക്കവും ഒതുക്കവുമില്ലാത്ത യാത്ര. ആ അടക്കവും ഒതുക്കവുമില്ലായ്മയായിരുന്നു ആഷിഖ് അബുവിന്റെ ‘റാണി പദ്മിനി’യുടെ ഹൈലൈറ്റും. റാണിയുടെയും പദ്മിനിയുടെയും യാത്രകൾക്കിടയിൽ ഇടയ്ക്കൊക്കെ പഴമ സാറ്റ് കളിക്കാനെത്തി. നാരായണിച്ചേച്ചിയായും ശങ്കരൻ വൈദ്യരുടെ കഷായം മണക്കുന്ന തറവാടായുമൊക്കെ...ഒപ്പം വ്റൂം വ്റൂം ഇരമ്പവുമായി ന്യൂജെൻ യുവത്വത്തിന്റെ ത്രസിപ്പിക്കുന്ന കാഴ്ചകളും.

പേരിനൊപ്പം ഒരു സന്ദേശവും കൂടെ ചുമക്കേണ്ട ഗതികേടൊന്നും റാണി പദ്മിനിയുടെ മേൽ സംവിധായകൻ അടിച്ചേൽപ്പിച്ചിട്ടില്ലെന്നതാണ് ഏറ്റവും ആശ്വാസകരം. അതിന് തന്റെ ന്യായീകരണം ഒരു അതിസാധാരണ നാട്ടിൻപുറ കഥയിലൂടെ അദ്ദേഹം ചിത്രത്തിൽ വ്യക്തമാക്കുന്നുമുണ്ട്. ശരിയായ സന്ദേശമാണെന്നു തെറ്റിദ്ധരിപ്പിച്ച് പല വികലതകളും പ്രചരിപ്പിക്കുന്ന നിലവിലെ സിനിമാസാഹചര്യത്തിൽ ഇത്തരമൊരു നീക്കം ഏറെ പ്രസക്തവുമാണ്. മുടി പറ്റെവെട്ടി, ഫുൾകൈ ഷർട്ടുമിട്ട്, അതിന്റെ കൈ ഒന്നു തെറുത്തുകയറ്റി, നെഞ്ചും വിരിച്ച് നടക്കുന്നതിനെയാണോ ആണത്തം എന്നുവിളിക്കേണ്ടത്? ചിത്രത്തിലെ റാണി അങ്ങനെയൊരാളാണ്. എന്നാൽ പദ്മിനിയാകട്ടെ ഒരു നാടിനെക്കൊണ്ടുതന്നെ നല്ല അനുസരണയുള്ള കുട്ടി എന്നു പറയിപ്പിച്ച കക്ഷിയും. പക്ഷേ അവർ ഇരുവരും പലപ്പോഴും പരസ്പരം തിരുത്തുന്നുണ്ട്– ഇങ്ങനെയല്ല വേണ്ടത് അങ്ങനെയാണു വേണ്ടത് എന്നൊക്കെ. അതെല്ലാം അവർ നേരത്തെത്തന്നെ പലരിൽ നിന്നുമായി കേട്ടതുമാണ്.

നാട്ടിലെ പേരുകേട്ട ശങ്കരൻ വൈദ്യരുടെ മകൾക്ക് അനുസരണയോടെയേ ജീവിക്കാനാവുകയുള്ളൂ. ചെറുപ്പം മുതലേ ഒറ്റയ്ക്ക് പുസ്തകക്കൂമ്പാരങ്ങൾക്കിടയിൽ ജീവിച്ച റാണിക്ക് പക്ഷേ തന്നെ ആശ്രയിച്ചു ജീവിക്കുന്നവർക്കു വേണ്ടി ഒറ്റയ്ക്കു തന്നെ പോരാടിയേ മതിയായിരുന്നുള്ളൂ. എന്നിരുന്നാലും ഉള്ളിന്റെയുള്ളിൽ അവർ ഇരുവരും കാത്തുസൂക്ഷിച്ച ഒരു വ്യക്തിത്വമുണ്ട്. അതാണ് ‘റാണി പദ്മിനി’യുടെ നട്ടെല്ലും. അതൊരിക്കലും കപടമായ ഡയലോഗുകളിലൂടെയോ അല്ലെങ്കിൽ ആൺമട്ടിലുള്ള വേഷവിതാനങ്ങളിലൂടെയോ നേടിയെടുത്തതല്ല. മറിച്ച് നല്ലതും മോശവുമായ ജീവിതാനുഭവങ്ങളിലൂടെയായിരുന്നു. അതിനൊരു ഫെമിനിസ്റ്റ് അഹങ്കാരവുമില്ല. ആൺകുട്ടിയില്ലാത്തതിന്റെ പേരിൽ വിഷമിക്കുന്ന അമ്മയ്ക്കു മുന്നിൽ, ആ വീടിന്റെ ആശ്രയമാകാൻ ആണല്ലെങ്കിലും തന്നെക്കൊണ്ടാകും എന്നു പറയിപ്പിക്കേണ്ടത് റാണിയുടെ വാശിയായിരുന്നു. അതേസമയം, അവളെ നല്ല രീതിയിൽ തിരുത്താൻ ഒരാൾ ആവശ്യവുമായിരുന്നു. എന്നാൽ പദ്മിനിക്ക് എല്ലാവരുമുണ്ടായിരുന്നു. അല്ലെങ്കിൽ എല്ലാവരുമുണ്ടെന്ന് അവൾക്ക് തോന്നിയിരുന്നു.

ആ തോന്നൽ പോലും ഇല്ലാതായ നിമിഷത്തിലാണ് അവളും വീടുവിട്ടിറങ്ങുന്നത്. ആ യാത്രയിലാകട്ടെ അവൾക്ക് അവളെപ്പോലെയല്ലാത്ത ഒരാളെ അടുത്ത് വേണമായിരുന്നു. അതായിരുന്നു ആ വിരുദ്ധ പെൺനക്ഷത്രങ്ങൾ. ഇരുവരും രണ്ടുവഴികളിൽ നിന്നു വന്നവർ. എന്നാൽ യാത്രയ്ക്കിടെ പതിയെപ്പതിയെ മറ്റെയാളില്ലാതെ സ്വയം തിരിച്ചറിയാൻ വല്ലാതെ ബുദ്ധിമുട്ടിപ്പോകുന്ന രണ്ട് വ്യക്തിത്വങ്ങൾ. അവരുടെ ചിറകുകൾ ഒതുക്കിവച്ചിരിക്കുകയായിരുന്നു ഇത്രയും നാൾ. അങ്ങനെ ഒതുങ്ങിയിരിക്കുന്നതാണ് നല്ലതെന്നായിരുന്നു എല്ലാവരും അവരോട് പറഞ്ഞിരുന്നത്. നാടും നഗരവും അക്കാര്യത്തിലെന്തോ ഒരു വ്യത്യാസവും കാണിച്ചില്ല. ചിറകൊതുക്കിയിരുന്നാൽ പിന്നെങ്ങനെയാണ് പറക്കാനാവുക? മാത്രവുമല്ല, പാറിപ്പറക്കാൻ ആഗ്രഹിക്കുന്ന മനസ്സുമായി എത്രനാൾ അടച്ചിട്ട നാലു ചുമരുകൾക്കുള്ളിൽ ജീവിക്കാനാകും? വീട്ടിൽ ഒറ്റയ്ക്കാവുന്ന സ്ത്രീക്ക് നേരിടാവുന്നതിൽ കൂടുതലൊന്നും പുറത്ത് അവരെ കാത്തിരിക്കുന്നില്ലെന്ന് പറഞ്ഞ് അങ്ങനെയാണ് അവർ ചിറകുകൾ കുടഞ്ഞ് വാനിലേക്കിറങ്ങുന്നത്. അതുകൊണ്ടുതന്നെയായിരിക്കണം ചിത്രത്തിന്റെ ഒരുഘട്ടത്തിൽ തനിക്കു കീഴെ വൻമലനിരകളും പൈൻകാടുകളും പച്ചവിരിച്ചു നിന്ന കാഴ്ചകൾക്കും ആകാശനീലിമയുടെ ഗാംഭീര്യത്തിനും മുന്നിൽ റാണിയുടെയും പദ്മിനിയുടെയും കണ്ണുകൾ നിറഞ്ഞൊഴുകിയതും. ‘നീയൊരു പെണ്ണാണ് ആ ഓർമ വേണം, അടങ്ങി ഒതുങ്ങിയിരുന്നോണം....’ എന്ന വാക്കുകൾക്കു മുകളിലൂടെയായിരുന്നു സത്യത്തിൽ അവരിരുവരും ആ നിമിഷം പറന്നുയർന്നത്.

ആണിനെയും കവച്ചുവച്ചുപോകുന്ന വിധത്തിലാകണം പെണ്ണ് എന്ന വിധത്തിൽ നിലവിലെ പല സിനിമാക്കാരും പിന്തുടരുന്ന ഉട്ടോപ്യൻ സ്ത്രീശാക്തീകരണ ചിന്താഗതിയൊന്നും ആഷിഖ് അബു പിന്തുടർന്നിട്ടില്ല. ഒരാൾ വീണാൽ, അത് ആണായാലും പെണ്ണായാലും, കൈപിടിച്ചുയർത്തേണ്ടത് മറ്റേയാളാണെന്ന കാര്യം ഓർമിപ്പിക്കുന്നുമുണ്ട് ചിത്രം. അവിടെ മത്സരബുദ്ധിയോടെയാണ് പെരുമാറുന്നതെങ്കിൽ ആർക്കാണ് ജയം? ആർക്കാണ് തോൽവി? മത്സരബുദ്ധിയോടെ സിനിമയിലും ജീവിതത്തിലും പോരാടുന്ന പല ആൺ–പെൺ ശക്തികൾ ചിന്തിക്കേണ്ടതാണിത്. ഗിരിനിരകൾ കീഴടക്കാനാഗ്രഹിക്കുന്ന, ഹൃദയത്തിൽ കാറിരമ്പം മിടിപ്പുകളാക്കിയ ആളാണ് പദ്മിനിയുടെ ഭർത്താവ്. അയാളോട് മത്സരിക്കുകയല്ല പദ്മിനിയിവിടെ. കാരണം അവരിരുവരും പലപ്പോഴും പരസ്പരം മനസിലാക്കിയവരാണ്. ആ തിരിച്ചറിവിലാണ് കാര്യം, അല്ലാതെ തിരിച്ചടിക്കുന്നതിലല്ല എന്നു പറഞ്ഞുതരും ‘റാണി പദ്മിനി’. ഒപ്പം ആണായി നടിക്കുന്നതിലല്ല പെണ്ണിലെ ശക്തിയെ തിരിച്ചറിയുന്നിടത്താണ് ജീവിത വിജയമെന്ന കാഴ്ച റാണിയും തന്റെ ജീവിതത്തിലൂടെ തെളിയിക്കുന്നുണ്ട്.

റാണി പത്മിനി റിവ്യു വായിക്കാം

എന്നാൽ ഇതൊന്നും കഥാപാത്രങ്ങളുടെ വായിൽ തിരുകിക്കയറ്റിയ ഫെമിനിസ്റ്റ് ഡയലോഗുകളിലൂടെയല്ല സംവിധായകൻ സാധ്യമാക്കിയത്. അവിടെയാണ് ചിത്രത്തിന്റെ വിജയവും. മഞ്ഞുമൂടിയ മലനിരകളും അരുവികളുമെല്ലാമായി കാഴ്ചകളാൽ സമ്പന്നമാണ് ചിത്രം. അത്തരം കാഴ്ചകളുടെ സൗന്ദര്യം ആസ്വദിക്കുന്നതിനിടെ കടിച്ചാൽ പൊട്ടാത്ത ഡയലോഗുകൾ കൂടി വന്നാൽ കല്ലുകടി ഉറപ്പ്. അതുകൊണ്ടുതന്നെ വൈവിധ്യമാർന്ന ഷോട്ടുകളുടെ, കഥ പറയുന്ന കാഴ്ചകളുടെ, കൂട്ടുപിടിച്ചാണ് സംവിധായകന്റെ സഞ്ചാരം. പഞ്ച് ഡയലോഗുകൾ വളരെ കുറവ്, എന്നാൽ പഞ്ച് കാഴ്ചകൾ ഒട്ടേറെ...ഒപ്പം നെഞ്ചിടിപ്പേറ്റുന്ന ഹിമാലയൻ പാതകളുടെ ഒരിക്കലും മറക്കാനാകാത്ത ആസുരഭാവം പൂണ്ട ‘സൗന്ദര്യ’വും കൺനിറയെ കാണാം.

റാണി പദ്മിനി ഒരു സ്ത്രീപക്ഷ സിനിമയല്ല. ചിത്രം സ്ത്രീയുടെ പക്ഷം പിടിക്കുന്നതു പോലുമില്ല. മറിച്ച് സ്ത്രീ–പുരുഷൻ എന്നീ പക്ഷഭേദങ്ങൾ ആവശ്യമുണ്ടോയെന്നാണ് ചിത്രത്തിന്റെ അന്വേഷണം. ഞാനാണ് വലുത് എന്നു പറഞ്ഞ് വീറോടെ പോരാടാനായിരുന്നെങ്കിൽ സൃഷ്ടിയുടെ സമയത്ത് മനുഷ്യന് തിരിച്ചറിവ് കൊടുക്കേണ്ട ആവശ്യമില്ലായിരുന്നല്ലോ. അവരെയും പല്ലും നഖവും നൽകിയ മൃഗങ്ങളാക്കിയാൽ മതിയായിരുന്നില്ലേ? അപ്പോൾ തിരിച്ചറിവാണ് പ്രധാനം.

പുരുഷമേധാവിത്തം, സ്ത്രീശക്തി തുടങ്ങിയ സ്ഥിരം ക്ലീഷെ സിനിമാസന്ദേശപ്രചാരണങ്ങൾക്കിടെ റാണി പത്മിനി ഒരാശ്വാസമാകുന്നതും ഈ തിരിച്ചറിവ് പകരുന്നതുകൊണ്ടാണ്...