ലീല വിവാദം: ചേംബറിന്റേത് കല്ലുവച്ച നുണയെന്ന് രഞ്ജിത്

ലീല ആവശ്യമായ രേഖകൾ സമർപ്പിക്കാത്തതിനാലാണ് തന്റെ ചിത്രം ലീലയ്ക്ക് പബ്ലിസിറ്റി ക്ലിയറൻസ് നല്കാത്തതെന്ന ഫിലിം ചേംബറിന്റെ വാദം കല്ലുവച്ച നുണയാണെന്ന് സംവിധായകൻ രഞ്ജിത്. ലീലക്ക് പബ്ലിസിറ്റി ക്ലിയറൻസ് ആവശ്യപ്പെട്ട് നിർമ്മാതാക്കളായ ക്യാപിറ്റോൾ തീയേറ്റർ ഒരു കത്ത് മാത്രമാണ് നൽകിയതെന്ന് ഫിലിം ചേംബർ സെക്രട്ടറി അനിൽ തോമസ് ബുധനാഴ്ച വാർത്താ സമ്മേളനത്തിൽ ആരോപിച്ചിരുന്നു. ക്ലിയറൻസിന് ആവശ്യമായ രേഖകൾ ഹാജരാക്കിയിരുന്നില്ല. അന്നേദിവസം തന്നെ രഞ്ജിത് ഹൈക്കോടതിയെ സമീപിക്കുകയും ചെയ്തു. ഇതിൽ ദുരൂഹതയുണ്ടെന്നും പറഞ്ഞിരുന്നു. ഇൗ ആരോപണത്തിന് യാതൊരു യുക്തിയുമില്ലെന്ന് രഞ്ജിത് ദുബായിൽ മനോരമഒാൺലൈനിനോട് പറഞ്ഞു.

ഒരു ഒാഫീസിനെ സമീപിക്കുമ്പോൾ ആവശ്യമായ രേഖകൾ കൊണ്ടുപോകാതെ ആരെങ്കിലും പോകുമോ?. മാർച്ച് 31ന് കത്തിനൊപ്പം എല്ലാ രേഖകളുമായാണ് എന്റെ പ്രതിനിധി ചേംബർ ഓഫീസിലെത്തിയത്. എന്നാൽ അവിടെയുണ്ടായിരുന്ന ഓഫീസ് ജീവനക്കാരൻ അത് വാങ്ങിയില്ല. സ്വീകരിക്കില്ല എന്നത് എഴുതിത്തരാൻ ആവശ്യപ്പെട്ടെങ്കിലും തയ്യാറായില്ല. തുടർന്ന് ഫിലിംചേംബർ പ്രസിഡന്റ് സെവൻ ആർട്സ് വിജയകുമാറിനെ ബന്ധപ്പെട്ടു.

പ്രൊഡ്യൂസേഴ്സ് അസോസിയേഷന്റെ സമ്മർദമുണ്ടെന്നും അവരുമായുള്ള തർക്കം പറഞ്ഞുതീർത്താൽ മാത്രമേ അനുമതി നല്കാനാകൂ എന്നുമായിരുന്നു അദ്ദേഹത്തിന്റെ മറുപടി. കോടതിയെ സമീപിക്കാൻ പോകുകയാണെന്ന് പറഞ്ഞപ്പോൾ അതായിരിക്കും ഉചിതമെന്ന് പറഞ്ഞതും വിജയകുമാറാണ്. അങ്ങനെയാണ് ഹൈക്കോടതിയെ സമീപിച്ചത്. അഞ്ച് മിനിറ്റിനകമാണ് ജഡ്ജി പ്രശ്നം തീർത്തത്. ചൊവ്വാഴ്ച പബ്ലിസിറ്റി ക്ലിയറൻസ് നൽകണമെന്ന കോടതി ഉത്തരവുമായി ഉടൻ തന്നെ അവരുടെ ഒാഫീസിലെത്തി. എന്നാൽ അന്ന് ക്ലിയറൻസ് തരാൻ തയ്യാറായില്ല. ബുധനാഴ്ച യോഗം ചേർന്നതിനുശേഷം മാത്രമേ നല്കാനാകൂ എന്നായിരുന്നു മറുപടി. ഏതായാലും ചിത്രം ഇൗ മാസം 22ന് റിലീസാകുമെന്നും രഞ്ജിത് പറഞ്ഞു.