രഞ്ജിത്തിന്റെ 'ലീല' ഒാൺലൈനിൽ 'റിലാക്സാ'യി കാണാം

സംവിധായകൻ രഞ്ജിത് വാർത്താ സമ്മേളനത്തിൽ സംസാരിക്കുന്നു. ഇറാം ഗ്രൂപ്പ് ചെയർമാൻ സിദ്ദിഖ് അഹമ്മദ്, നടന്മാരായ ബിജുമേനോൻ, സുരേഷ് കൃഷ്ണ എന്നിവർ സമീപം.

ക്യാപിറ്റോൾ മൂവീസിന്റെ ബാനറിൽ സംവിധായകൻ രഞ്ജിത് നിർമാണവും സംവിധാനവും നിർവഹിച്ച പുതിയ ചിത്രം ലീല കേരളത്തോടൊപ്പം ഇന്ത്യക്ക് പുറത്ത് ഒാൺലൈനിൽ റിലീസ് ചെയ്യുന്നു. ഇതാദ്യമാണ് ഒരു ഇന്ത്യൻ ഭാഷാ ചിത്രം റിലീസ് ചെയ്യുന്ന ദിവസം ഇന്റർനെറ്റിലും പുറത്തിറങ്ങുന്നതെന്ന് രഞ്ജിത് പറഞ്ഞു. ഇൗ മാസം 22നാണ് ചിത്രം കേരളത്തിലെ തിയറ്ററുകളിലെത്തുക.

ദുബായ് ആസ്ഥാനമായുള്ള ഇറാം ഗ്രൂപ്പിന് കീഴിലുള്ള റീലാക്സ് ഡോട് ഇൻ ആണ് ചിത്രം ഇന്റർനെറ്റിലൂടെ റിലീസ് ചെയ്യുന്നത്. ലോകത്തെവിടെയുമുള്ള പ്രേക്ഷകർക്ക് ചിത്രം കാണാൻ പുതിയ സംവിധാനം വഴിയൊരുക്കും. സൈറ്റിൽ റജിസ്റ്റർ ചെയ്ത ശേഷം ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് 45 ദിർഹം(15 യുഎസ് ഡോളർ) അടച്ചാൽ കുടുംബത്തിന് ഒന്നിച്ചിരുന്ന് എച്ച്ഡി മേന്മയോടെ ആസ്വദിക്കാം. റജിസ്ട്രേഷൻ ഇതിനകം ആരംഭിച്ചതായി ഇറാം ഗ്രൂപ്പ് ചെയർമാൻ സിദ്ദിഖ് അഹമ്മദ് പറഞ്ഞു.

റജിസ്റ്റർ ചെയ്തു കഴിഞ്ഞാൽ 24 മണിക്കൂറിൽ എപ്പോൾ വേണമെങ്കിലും ചിത്രം കാണാം. ഉപയോഗിക്കുന്ന കംപ്യുട്ടർ സിസ്റ്റത്തിന്റെ എെപി അഡ്രസ് വാട്ടർമാർക്കായി സ്ക്രീനിലുണ്ടാകുമെന്നതിനാൽ ചിത്രം ആരെങ്കിലും പകർത്താൻ ശ്രമിച്ചാൽ അവരെ കണ്ടെത്താൻ സാധിക്കും. കൂടാതെ, പൊതുയിടങ്ങളിൽ ചിത്രം പ്രദർശിപ്പിക്കാനും പാടില്ല. നിയമലംഘകർ നടപടി നേരിടേണ്ടിവരും. ​ഗൾഫിലും മറ്റും തിയറ്ററുകൾ ലഭ്യമല്ലാത്തതിനാൽ പല മികച്ച ചിത്രങ്ങളും പ്രേക്ഷകർ കാണാതെ പോകുന്നു എന്നതാണ് ഇത്തരമൊരു ആശയത്തിന് കാരണമായതെന്ന് രഞ്ജിത് പറഞ്ഞു.

നടൻ മമ്മൂട്ടിയോടാണ് ആദ്യം ഇക്കാര്യം പങ്കുവച്ചത്. ഇതാണ് സിനിമയുടെ ഭാവിയെന്ന് പറഞ്ഞ് അദ്ദേഹം പ്രോത്സാഹിപ്പിച്ചു. കഴിഞ്ഞ ദിവസം മോഹൻലാലിനോടും വിഷയം ചർച്ച ചെയ്തു. ഭാവിയിലും തന്റെ ചിത്രങ്ങൾ ഇത്തരത്തിൽ റീലീസ് ദിവസം മുതൽ ഇന്റർനെറ്റിൽ പ്രദർശിപ്പിക്കും. മമ്മൂട്ടി, മോഹൻലാൽ എന്നിവരുടെ ചിത്രങ്ങൾ ഒഴിച്ച് ബാക്കിയുള്ളവരുടേതിന് ഗൾഫിൽ തിയറ്ററുകൾ കിട്ടാൻ പ്രയാസമാണ്.

ലീല എന്ന ചിത്രത്തിലെ കേന്ദ്ര കഥാപാത്രമായ കുട്ടിയപ്പനെ അവതരിപ്പിക്കാൻ ആദ്യം മമ്മൂട്ടി, മോഹൻലാൽ എന്നിവർ തയ്യാറായെങ്കിലും ഒടുവിൽ ബിജുമേനോനാണ് ഭാഗ്യം ലഭിച്ചത്. അദ്ദേഹം തന്നെയാണ് ആ കഥാപാത്രത്തിന് ഏറ്റവും അനുയോജ്യനെന്ന് ചിത്രം പൂർത്തിയായപ്പോൾ ബോധ്യമായി. ഉണ്ണി ആറിന്റെ ലീല എന്ന ചെറുകഥയെ ആസ്പദമാക്കി കഥാകാരൻ തന്നെയാണ് ചിത്രത്തിന് തിരക്കഥയൊരുക്കിയത്. പാർവതി നമ്പ്യാരാണ് നായിക. സുരേഷ് കൃഷ്ണ, വിജയരാഘവൻ, ഇന്ദ്രൻസ്, ജഗദീഷ്, സുധീർ കരമന, മുത്തുമണി, പ്രിയങ്ക നായർ എന്നിവരാണ് മറ്റു അഭിനേതാക്കൾ. ബിജു മേനോൻ, സുരേഷ് കൃഷ്ണ, ഇറാം ഗ്രൂപ്പ് പ്രതിനിധി വിമൽ എന്നിവരും വാർത്താ സമ്മേളനത്തിൽ സംബന്ധിച്ചു.