സിനിമാ പോസ്റ്റർ അംഗീകരിക്കൽ: സ്വകാര്യ ഏജൻസിക്കെതിരെ രഞ്ജിത്തിന്റെ ഹർജി

സിനിമാ പോസ്റ്ററുകളും പ്രചാരണ സാമഗ്രികളും പരിശോധിച്ച് അംഗീകരിക്കാനുള്ള അധികാരം സെൻട്രൽ ബോർഡ് ഓഫ് ഫിലിം സർട്ടിഫിക്കേഷനെയോ ചലച്ചിത്ര അക്കാദമിയെയോ ഏൽപിക്കണമെന്ന് ആവശ്യപ്പെട്ടു സംവിധായകനും നിർമാതാവുമായ രഞ്ജിത് ഹൈക്കോടതിയിൽ ഹർജി നൽകി. കേരള ഫിലിം ചേംബർ ഓഫ് കൊമേഴ്സ് പോലുള്ള സ്വകാര്യ ഏജൻസികളിൽനിന്ന് ഈ ചുമതല എടുത്തുമാറ്റണമെന്നും ഹർജിയിൽ ആവശ്യപ്പെടുന്നു.

പ്രൊഡ്യൂസേഴ്സ് അസോസിയേഷനുമായുള്ള തർക്കത്തിന്റെ പേരിൽ, തന്റെ പുതിയ ചിത്രമായ ലീലയുടെ പോസ്റ്റർ പരിശോധിച്ചു മുദ്രവച്ചു നൽകാൻ കേരള ഫിലിം ചേംബർ ഓഫ് കൊമേഴ്സ് തയാറാകുന്നില്ലെന്നാണ് ആക്ഷേപം. അശ്ലീലമുണ്ടോ എന്നു പരിശോധിക്കാനല്ലാതെ മറ്റു കാര്യങ്ങൾ വിലയിരുത്താൻ അവർക്ക് അധികാരമില്ലെന്നാണ് ഹർജിയിലെ വാദം.