അതിവേഗം ബഹുദൂരം രഞ്ജിത് ശങ്കർ

രഞ്ജിത്തും ജയസൂര്യയും

ഒരു സിനിമ ഷൂട്ടിങ് പൂർത്തിയാക്കാൻ എത്ര ദിവസങ്ങൾ വേണ്ടി വരും ? ഇൗ ചോദ്യത്തിന് വ്യക്തമായി ഒരുത്തരം തരാൻ വർഷങ്ങളായി സിനിമാരംഗത്തുള്ളവരെ കൊണ്ടു പോലും സാധിക്കില്ല. എങ്കിലും മിനിമം ഒരു 45 ദിവസം എങ്കിലും വേണ്ടി വരും ഒരു സിനിമ ക്യാമറയിൽ പകർത്താൻ‌ എന്നാണ് പൊതുവേയുള്ള ധാരണ. ശരിയായ പ്ലാനിങ്ങും നല്ല ടീം വർക്കും ഉണ്ടെങ്കിൽ ചുരുങ്ങിയ ദിവസങ്ങൾ മതി ഒരു സിനിമ ഷൂട്ട് ചെയ്യാനെന്നാണ് സംവിധായകൻ രഞ്ജിത് ശങ്കറിന്റെ അഭിപ്രായം.

തന്റെ ഏറ്റവും പുതിയ സിനിമയായ സു സു സുധീ വാത്മീകം വെറും 28 ദിവസം കൊണ്ടാണ് അദ്ദേഹം പൂർത്തിയാക്കിയത്. മമ്മൂട്ടി നായകായ വർഷം അദ്ദേഹം പൂർത്തിയാക്കിയത് റെക്കോർഡ് സമയം കൊണ്ടാണ്. വെറും 24 ദിവസം. ടീം വർക്ക് കൊണ്ടു മാത്രമാണ് ഇത്രയും വേഗം സിനിമ ചിത്രീകരിക്കാൻ സാധിക്കുന്നതെന്ന് അദ്ദേഹം പറയുന്നു.

ചിത്രത്തിന്റെ അണിയറക്കാർക്ക് ഏറ്റവും നന്നായി ജോലി ചെയ്യാനുള്ള സാഹചര്യം ഉണ്ടാക്കി കൊടുത്താൽ അവർ അവരുടെ പരമാവധി സിനിമയ്ക്കായി പരിശ്രമിക്കും. എന്നു വച്ച് ഇത്ര വേഗം സിനിമ ചെയ്യുന്നത് ഒരു നേട്ടമല്ലെന്നും അദ്ദേഹം കൂട്ടിച്ചേർക്കുന്നു. ആ സിനിമ പ്രേക്ഷകർ സ്വീകരിക്കുമ്പോഴാണ് അതൊരു നേട്ടമായി മാറുന്നത്. 100 ദിവസമെടുത്ത് ഷൂട്ട് ചെയ്യേണ്ട സിനിമകൾ അത്ര സമയമെടുത്ത് തന്നെ ചെയ്യണം. ഞാൻ എഴുതുന്ന തിരക്കഥകൾ അത്തരത്തിലായതു കൊണ്ടു കൂടിയാണ് എനിക്ക് വേഗത്തിൽ സിനിമ തീർക്കാൻ സാധിക്കുന്നത്. ഒരു പിരീഡ് സിനിമയൊന്നും ഒരിക്കലും ഇത്ര വേഗം ചെയ്യാൻ സാധിക്കില്ല. അദ്ദേഹം പറഞ്ഞു.

ആരുടെയും അസിസ്റ്റന്റായോ അസോസിയേറ്റായോ പ്രവർത്തിക്കാത്ത രഞ്ജിത് തന്റെ ആദ്യ ചിത്രമായ പാസഞ്ചർ പൂർത്തിയാക്കിയത് 35 ദിവസങ്ങൾ കൊണ്ടാണ്. പുണ്യാളൻ അഗർബത്തീസ് 27 ദിവസം കൊണ്ടും മോളി ആന്റി 25 ദിവസം കൊണ്ടുമാണ് രഞ്ജിത് പൂർത്തിയാക്കിയത്. 41 ദിവസമെടുത്ത് പൂർത്തിയാക്കിയ അർജുനൻ സാക്ഷി മാത്രമാണ് അൽപമെങ്കിലും നീണ്ടത്.

രഞ്ജിത് ശങ്കറും ജയസൂര്യയും ചേർന്ന് ഡ്രീംസ് ആൻഡ് ബീയോണ്ട്സിന്റെ ബാനറിൽ നിർമിക്കുന്ന സു സു സുധി വാത്മീകത്തിന്റെ ഡബ്ബിങ് നടക്കുകയാണ്. സുധീന്ദ്രൻ എന്ന ഉറ്റസുഹൃത്തിന്റെ ജീവിതത്തിൽ നിന്ന് പ്രചോദനമുൾക്കൊണ്ട് രഞ്ജിത് ചെയ്യുന്ന സിനിമ നവംബർ 20-ന് തീയറ്ററുകളിൽ എത്തും.