ആ സ്വർഗരാജ്യത്തിന് പിന്നിലെ സംഭവകഥ

വിനീത് ശ്രീനിവാസൻ സുഹൃത്ത് ഗ്രിഗറി ജേക്കബിനൊപ്പം, നിവിൻ‌ പോളി

ഒരു യഥാർഥ ജീവിതകഥയിൽ നിന്ന് ഒരു സിനിമയിലേക്കുള്ള യാത്രയുടെ കഥ വിനീത് ശ്രീനിവാസൻ പറയുന്നു. ആ സ്വർഗരാജ്യം ഇവിടെയുണ്ട് കെട്ടു കഥകളേക്കാൾ വിചിത്രമാണ് ചില കുടുംബങ്ങളുടെ കെട്ടുറപ്പിന്റെ കഥകൾ. വിധിയെ തോൽപിച്ച ഒരു കുടുംബത്തിന്റെ പോരാട്ടത്തിന്റെ കഥ പറയുന്ന ജേക്കബിന്റെ സ്വർഗരാജ്യം എന്ന ചിത്രത്തിന് ആധാരമായ ആ കുടുംബം ഇപ്പോഴും നമുക്കിടയിൽ സ്വസ്ഥമായി ജീവിക്കുന്നുണ്ട്. ഒരു യഥാർഥ ജീവിതകഥയിൽ നിന്ന് ഒരു സിനിമയിലേക്കുള്ള യാത്രയുടെ കഥ വിനീത് ശ്രീനിവാസൻ പറയുന്നു.

ജേക്കബിന്റെ കഥ

ദുബായ് യാത്രക്കിടയിലാണു വിനീത് തിരുവല്ലാക്കാരനായ ഗ്രിഗറി ജേക്കബ് എന്ന യുവാവിനെ യാദൃശ്ചികനായി പരിചയപ്പെടുന്നത്. പിന്നീട് ആ പരിചയം സൗഹൃദമായി വളർന്നു. എപ്പോഴും തെളിഞ്ഞ ചിരിയുമായി സന്തോഷത്തോടെ നടക്കുന്ന ആ യുവാവിന്റെ ജീവിതത്തിലെ പ്രതിസന്ധികളെക്കുറിച്ചറിയാൻ അൽപം വൈകി.

ബിസിനസുകാരൻ ജേക്കബ് സക്കറിയായും ഭാര്യ ഷേർളിയും നാലുമക്കളും വർഷങ്ങളായി ദുബായിലാണു താമസം. ജേക്കബിന്റെ മൂത്തമകനാണ് ഗ്രിഗറി. സന്തോഷത്തോടെ ജീവിതം മുന്നോട്ടു പോകുന്നതിനിടയിൽ ബിസിനസ് ആവശ്യങ്ങൾക്കുവേണ്ടി ജേക്കബ് ഒരിക്കൽ ഒരു ആഫ്രിക്കൻ രാജ്യത്തേക്ക് പോയി . ഈ സമയത്താണു മുൻപ് നടത്തിയ ഒരു പണമിടപാടിന്റെ പേരിൽ കേസ് വരുന്നത്. യാത്രാ സ്വാതന്ത്ര്യം നിഷേധിക്കപ്പെട്ടു(ട്രാവൽ ബാൻ) ജേക്കബ് വിദേശത്തു പെട്ടു പോയി...

ഭർത്താവിനെ തിരികെ കൊണ്ടുവരാനുള്ള ഉത്തരവാദിത്തം ഭാര്യ ഏറ്റെടുത്തു.കുടുംബഭാരം മുഴുവൻ ചുമലിലേറ്റി പോരാട്ടത്തിനിറങ്ങിയ ഷേര്‍ളി പ്രതിസന്ധികളെ ഓരോന്നായി മറികടന്ന് വർഷങ്ങൾക്കു ശേഷം ജേക്കബിനെ തിരികെയെത്തിച്ചു.ഇതിനിടയിൽ കുടുംബത്തിന്റെ കാര്യത്തിൽ അവർ വിട്ടുവീഴ്ച ചെയ്തതേയില്ല. കുടുംബനാഥനെ തിരികെകിട്ടാൻ ചങ്കുറപ്പോടെ പൊരുതിയ കുടുംബത്തിന്റെ വിജയം കൂടിയായിരുന്നു ഈ സംഭവം.

സിനിമക്കഥ ഗ്രിഗറിയുടെയും കുടുംബത്തിന്റെയും അനുവാദത്തോടെയാണു സംഭവം സിനിമയാക്കാൻ വിനീത് തീരുമാനിച്ചത്. സിനിമയ്ക്കുവേണ്ടി ചെറിയ വ്യത്യാസങ്ങൾ വരുത്തി എന്നതൊഴിച്ചാൽ ബാക്കിയെല്ലാം യഥാർഥ സംഭവങ്ങൾ തന്നെ.

ടൈറ്റിൽ കഥാപാത്രത്തിന്റെ പേരു പോലും യഥാർഥമാണ് , ജേക്കബ് സക്കറിയ. ഗ്രിഗറിയുടെ കുടുംബത്തിന്റെ ജീവിതത്തിൽ യഥാർഥത്തിൽ നടന്ന ചില സന്ദർഭങ്ങൾ അതേ പോലെ തന്നെ ചിത്രത്തിലുണ്ട്.

ചിത്രീകരണ സമയത്ത് ചില സീനുകൾ എടുക്കുമ്പോൾ ഗ്രിഗറിയും സെറ്റിലുണ്ടാകും. ചില സന്ദർഭങ്ങൾ ഷൂട്ട് ചെയ്യുമ്പോൾ അവന്റെ കണ്ണുകൾ നിറയുന്നത് കണ്ടിട്ടുണ്ടെന്ന് വിനീത് പറയുന്നു. പക്ഷേ ഒരിക്കൽ പോലും ചിത്രത്തിന്റെ തിരക്കഥ കാണണമെന്നു ഗ്രിഗറിയോ കുടുംബാംഗങ്ങളോ വാശിപിടിച്ചില്ല. അത്രയ്ക്കു വിശ്വാസമായിരുന്നു അവർക്കു വിനീതിനെ. ജേക്കബ് സക്കറിയ എന്നു കഥാപാത്രത്തെ വിളിക്കുമ്പോൾ വിളി കേൾക്കാൻ ഏറ്റവും അനുയോജ്യൻ രഞ്ജി പണിക്കർ തന്നെയാണെന്നു തിരക്കഥയെഴുതുമ്പോൾ വിനീതിനു തോന്നി.