ജേക്കബിന്റെ സ്വർഗരാജ്യത്തിൽനിന്ന് ധ്യാനിനെ ഒഴിവാക്കാൻ കാരണം

മഴവിൽ മനോരമ വിഷു പ്രത്യേക പരിപാടിക്കിടെ ഓഡിയൻസിന്റെ ഇടയിൽ നിന്നായിരുന്നു വിനീത് ശ്രീനിവാസിനെ കുഴക്കിയ ആ ചോദ്യം ഉയർന്നത്. ദേഷ്യം പിടിപ്പിക്കുന്ന ചോദ്യങ്ങൾക്കും ചിരിച്ചുകൊണ്ട് മറുപടി പറയുന്ന വിനീത് ഈ ചോദ്യത്തെയും സ്വതസിദ്ധമായ ശൈലിയിൽ തന്നെ നേരിട്ടെങ്കിലും ഒടുവിൽ ഒരപേക്ഷ, ഇങ്ങനെയൊന്നും ചോദിക്കല്ലെ കെട്ടോ എന്ന്.

ജേക്കബിന്റെ സ്വർഗരാജ്യത്തിൽ ധ്യാൻ ചേട്ടനെന്താ ഒരു റോൾ കൊടുക്കാതിരുന്നത് എന്നായിരുന്നു ചോദ്യം. കുടുംബക്കലഹമുണ്ടാക്കാനാണോ എന്നു ചോദിച്ചായിരുന്നു വിനീത് മറുപടി പറഞ്ഞു തുടങ്ങിയത്. ധ്യാൻ സ്വന്തം നിലയിൽ സിനിമകൾ കമ്മിറ്റ് ചെയ്ത് ചെയ്യുന്നുണ്ട്.

പിന്നെ, ഈ ചിത്രത്തിൽ ധ്യാനിനെപ്പറ്റി ചിന്തിച്ചിട്ടില്ല. ഒരു ചേട്ടന്റെ റോളിൽ പ്രായവും പക്വതയുമൊക്കെ ഉള്ള ആളെയാണ് ആവശ്യം. അത് ആദ്യം സ്വന്തമായി ചെയ്യാമെന്നു കരുതിയെങ്കിലും പിന്നെ നിവിൻ വന്നപ്പോൾ ആ റോളിന് കറക്ട് ആണെന്നു തോന്നിയിട്ടുണ്ട്. അനിയന്റെ റോളിൽ എൻആർഐ ഔട്ട്ലുക്ക് ഉള്ളയാളെയായിരുന്നു വേണ്ടിയിരുന്നത്. ശ്രീനാഥ് ആ റോളിലേയ്ക്ക് കൺവിൻസിഡായിരുന്നു. അതുകൊണ്ടാണ് ഇവരൊക്കെ കാസ്റ്റിങ്ങിലേയ്ക്ക് വന്നതെന്നും വിനീത്.