നല്ല സുഹൃത്തിന് യാത്ര പറഞ്ഞതിനു പിന്നാലെ...

തട്ടുകടയിൽ നിന്ന് എനിക്ക് ഭക്ഷണം കഴിക്കാൻ ഇഷ്ടമാണെന്ന് മണിച്ചേട്ടന് അറിയാമായിരുന്നു. എവിടെയാണ് നല്ല ഭക്ഷണം കിട്ടുകയെന്ന് അദ്ദേഹത്തിനും അറിയാമായിരുന്നു. പിന്നെ താമസിച്ചില്ല, ഒരൊറ്റ പോക്കായിരുന്നു ഒരിടത്തേക്ക് പോക്കായിരുന്നു ഒരിടത്തേക്ക്. തട്ടുകടയിലേക്ക് അദ്ദേഹം ചെന്നതു തന്നെ ഒരു വലിയ ആഘോഷമായിട്ടായിരുന്നു. ആ കടയിൽ ഉണ്ടായിരുന്ന ഓരോ ഡിഷസും ഒന്നിനു പുറകേ ഒന്നായി മുന്നിലേക്കു വന്നു. അദ്ദേഹത്തിനൊപ്പം ഭക്ഷണം കഴിക്കാനും അഭിനയിക്കാനും ഒരുപോലെ രസകരമാണ്. നമുക്ക് ഒരുപാടൊരുപാട് നല്ല സ്നേഹത്തിൽ ചാലിച്ച രസകരമായ മുഹൂർത്തങ്ങൾ പങ്കുവയ്ക്കുന്നൊരാൾ. ജീവിതത്തിൽ ഇതുവരെയെത്താൻ അദ്ദേഹം ഒരുപാടൊരുപാട് അധ്വാനിച്ചു. ...കലാഭവൻ മണി അന്തരിച്ച സമയത്ത് അദ്ദേഹത്തെ അനുസ്മരിച്ച് ജിഷ്ണു എഴുതിയ വാക്കുകളാണിത്.

സ്നേഹമൂറുന്ന ഭക്ഷണം ഒപ്പമിരുന്ന് കഴിച്ച ഈ രണ്ട് സുഹൃത്തുക്കളും ഇന്നില്ല. ഒരാൾ ഇക്കഴിഞ്ഞ ആറാം തീയതിയും മറ്റേയാൾ ഇന്നു രാവിലെയും നമ്മോടു വിടപറഞ്ഞു. ഒരാൾ ജീവിതത്തിലെ ഒട്ടും മധുരമില്ലാത്ത അനുഭവങ്ങളോടും മറ്റേയാൾ രോഗത്തോടും ധൈര്യമായി പടപൊരുതിയാണ് മരണത്തിലേക്ക് പോയത്. സൗഹൃദ മനോഭാവത്തിലെന്ന പോലെ ജീവിതത്തെ നേരിടാൻ കാണിച്ച ചങ്കൂറ്റത്തിലും ഇരുവർക്കും വലിയ സാമ്യം. റബേക്ക ഉതുപ്പ് കിഴക്കേമല എന്ന ചിത്രത്തിലാണ് മണിയും ജിഷ്ണും ഏറ്റവും ഒടുവിൽ അഭിനയിച്ചത്. ജിഷ്ണുവിന്റെ അവസാന ചിത്രവും അതുതന്നെയായിരുന്നു.