Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

രൺജിപണിക്കർ എന്ന അച്ഛൻ

renji-panicker രൺജി പണിക്കർ മക്കളോടൊപ്പം

കർകശക്കാരും സ്നേഹംപ്രകടിപ്പിക്കാത്തവരും ഗൗരവക്കാരുമായിരുന്നു ഒരുകാലത്ത് മലയാളസിനിമയിലെ അച്ഛൻ കഥാപാത്രങ്ങൾ. ചാക്കോമാഷിനെപ്പോലെയൊരു അച്ഛൻ എല്ലാമക്കളുടെയും പേടിസ്വപ്നമായിരുന്നു. കാലം മാറി മക്കളെ സുഹൃത്തുക്കളെപ്പോലെ കാണുന്ന അച്ഛൻ കഥാപാത്രങ്ങൾക്ക് കർകശക്കാരായ അച്ഛൻ കഥാപാത്രങ്ങൾ വഴിമാറി. എങ്കിലും എനിക്കിതുപോലൊരു അച്ഛനുണ്ടായിരുന്നെങ്കിലെന്ന് കേരളത്തിലെ ആൺകുട്ടികളും പെൺകുട്ടികളും സ്വപ്നം കണ്ടത് ഓംശാന്തി ഓശാനയിലെ മത്തായി ഡോക്ടറേയും പ്രേമത്തിലെ ജോർജ്ജിന്റെ അച്ഛനെയും കണ്ടപ്പോഴാണ്.

ജേക്കബിന്റെ സ്വർഗരാജ്യം ഇറങ്ങിയതോടെ എന്റെ അച്ഛൻ ഇങ്ങനെ ആയിരുന്നെങ്കിലെന്ന് പ്രായഭേദമന്യേ ഒരോ മലയാളികളും ചിന്തിച്ചിട്ടുണ്ടാകും. ഈ അച്ഛൻ കഥാപാത്രങ്ങൾക്കെല്ലാം ഒരൊറ്റ മുഖമായിരുന്നു- രൺജിപണിക്കറുടെ മുഖം. യഥാർഥ ജീവിതത്തിൽ താൻ എങ്ങനെയുള്ള അച്ഛനാണെന്നും, തന്റെ അച്ഛൻ എങ്ങനെയായിരുന്നുവെന്നും രൺജിപണിക്കർ മനോരമ ഓൺലൈനുമായി പങ്കുവെക്കുന്നു.

മലയാള സിനിമയിൽ മാറ്റം കൊണ്ടുവന്ന അച്ഛൻ കഥാപാത്രങ്ങൾ ആ സിനിമയുടെ സംവിധായകരുടെ മിടുക്കാണ്. എന്നാൽ ജീവിതത്തിലും ഏറെക്കുറേ ഞാൻ പ്രേമത്തിൽ കണ്ടതുപോലെയൊരു അച്ഛനാണ്. മക്കളോട് വളരെ സൗഹൃദത്തോടെ ഇടപഴകുന്ന ആളാണു ഞാൻ. മക്കളുടെ സ്വാതന്ത്ര്യങ്ങൾ നല്ലതുപോലെ അനുവദിച്ചുകൊടുക്കാറുണ്ട്. മകന് സിനിമയിലേക്ക് വരാൻ താൽപ്പര്യമുണ്ടെന്നു പറഞ്ഞപ്പോൾ എതിർത്തിട്ടില്ല പകരം വളരെ കൃത്യമായി സിനിമ എന്ന മേഖലയെക്കുറിച്ച് പറഞ്ഞുകൊടുത്തു. ഒട്ടും സുരക്ഷിതമല്ലാത്ത മേഖലയാണ് സിനിമ. സിനിമയിൽ നിൽക്കുന്ന ഒരാൾക്ക് ജീവിതാവസാനം വരെ നേരിടേണ്ടിവരുന്ന അനിശ്ചിതാവസ്ഥയുണ്ട്. നമ്മളെ അതിശയിപ്പിക്കുകയോ, വേദനപ്പിക്കുയോ മുറിവേൽപ്പിക്കുകയോ ചെയ്യുന്ന ഒരു മേഖലയാണ് സിനിമ.

നിരന്തരമായി സുരക്ഷിതത്വം തേടാൻ പറ്റിയ മാർഗമല്ല സിനിമ എന്നാണ് ഞാൻ നിഥിനോട് പറഞ്ഞത്. എന്തുകൊണ്ടാണ് അച്ഛൻ മക്കളോട് ബലം പിടിക്കുന്നതെന്ന് എനിക്ക് മനസ്സിലാകാത്ത ഒരു കാര്യമാണ്? പണ്ട് എന്റെ അച്ഛൻ ബലം പിടിച്ചിരുന്നു അതുകൊണ്ട് ഞാനും ബലം പിടിക്കുന്നു എന്നു ചിന്തിക്കുന്നവരാണ് പൊതുവേ. അച്ഛൻ മകൾക്ക് ഭയപ്പെടേണ്ട ഒരാളാണ് എന്ന ചിന്ത കാലാകാലങ്ങളായി പിന്തുടർന്നു പോകുന്നുണ്ട്. എന്റെ അച്ഛനും വലിയ സ്നേഹപ്രകടനങ്ങൾക്കൊന്നും മുതിരുന്ന ആളായിരുന്നില്ല. ആഴ്ച്ചയിൽ ഒരു നാലുദിവസമെങ്കിലും
എനിക്ക് അച്ഛന്റെ തല്ലുകിട്ടുമായിരുന്നു. അതുപക്ഷെ എന്റെ കയ്യിലിരുപ്പ് കൊണ്ടുകൂടിയാണ്, അതുവച്ചുകൊണ്ട് അച്ഛനെ വിലയിരുത്താൻ പറ്റില്ല.

പക്ഷെ അച്ഛൻ എന്നേക്കാൾ ലിബറലായിരുന്നു. എന്നെ ഏറ്റവും കൂടുതൽ സ്വാധീനിച്ചിട്ടുള്ളത് അച്ഛനാണ്. അച്ഛന്റെ എഴുത്ത് വായന സിനിമ തുടങ്ങിയ അഭിരുചികളാണ് എന്റെ ജീവിതത്തെ തീരുമാനിച്ചത്. അമ്മ എന്നെ ചാർട്ടേണ്ട് അക്കൗണ്ടന്റ് ആക്കണം, ഡോക്ടറാക്കണം തുടങ്ങിയ ആഗ്രഹങ്ങളുമായി നടക്കുന്ന കാലത്താണ് ഞാൻ പത്രപ്രവർത്തനം പഠിക്കാൻ പോകുന്നത്. എന്റെ അച്ഛന്റെ ഏറ്റവും വലിയ സന്തോഷമായിരുന്നു അത്. അച്ഛന്റെ രാഷ്ട്രീയ അഭിരുചികളാണ് എന്റെ രാഷ്ട്രീയ ചിന്താഗതികളെ സ്വാധീനിച്ചത്.

ഞാൻ ഏഴാം ക്ലാസിൽ പഠിക്കുന്ന സമയത്ത് ഒരിക്കൽ ഉച്ചയ്ക്ക് പരീക്ഷയുണ്ടായിരുന്നില്ല. രാവിലെ മാത്രമായിരുന്നു പരീക്ഷ, ആ പരീക്ഷ കഴിഞ്ഞാൽ സ്വതന്ത്രനാണ്. പിറ്റേദിവസം രാവിലയെ പിന്നെ പരീക്ഷയുള്ളൂ. അന്ന് അച്ഛൻ എന്നെ അടുത്തുവിളിച്ചിട്ട് പറഞ്ഞു നിനക്ക് ഇന്ന് ഉച്ചയ്ക്ക് ശേഷം പരീക്ഷയില്ലല്ലോ എന്നാൽ പോയി ഒരു സിനിമ കണ്ടോളൂ, വൈക്കം മുഹമ്മദ് ബഷീറിന്റെ മുച്ചീട്ടു കളിക്കാരന്റെ മകൾ എന്ന കഥ തോപ്പിൽ ഭാസി സിനിമയാക്കിയിട്ടുണ്ട് പോയി കാണൂ എന്നു പറഞ്ഞു. അന്നത്തെ കാലത്ത് അച്ഛനെ പേടിച്ച് പാത്തുംപതുങ്ങിയും കൂട്ടുകാർ സിനിമയ്ക്ക് പോയിരുന്നപ്പോഴാണ് എന്റെ അച്ഛൻ ഇങ്ങനെയൊരു സ്വാതന്ത്ര്യം അനുവദിച്ചു തന്നത്. ഞാൻ ഏറെ വൈകി വീട്ടിലെത്തിയാലും അച്ഛൻ ചോദ്യം
ചെയ്യാറൊന്നുമില്ലായിരുന്നു. എനിക്കു പക്ഷെ അത് പറ്റില്ല, മക്കൾ ഒരുപാട് വൈകിയെത്തിയാൾ അച്ഛനെന്ന നിലയിലുള്ള എന്റെ ആശങ്കകൾ ഞാൻ അവരുമായി പങ്കുവെക്കും.

എന്റെ അച്ഛൻ പ്രധാനാധ്യാപകനായിരുന്നു, ചൂരൽവിടിയില്ലാതെ അച്ഛനെ കാണാൻ സാധിക്കാറില്ല. ശരിക്കും പറഞ്ഞാൽ കുട്ടികളെ തല്ലുന്നതിൽ തെറ്റില്ല. പറഞ്ഞാൽ മനസ്സിലാകാത്ത പ്രായത്തിൽ തല്ലുന്നത് ഒരു ശിക്ഷണരീതിയാണ്. അമിതമായിട്ട് തല്ലുന്നവരുടെ മക്കൾ മാത്രമേ വഴിതെറ്റിപോയിട്ടുള്ളൂ. കുടുംബജീവിതത്തിലെ നിരാശകളും മോഹഭംഗങ്ങളും കുട്ടികളെ ഉപദ്രവിച്ച് തീർക്കരുത്. അവരെ തിരുത്താനായി തല്ലുന്നതിൽ തെറ്റില്ല. ഇന്ന് നമ്മുടെ നാട്ടിൽ തല്ലുകൊണ്ട പലരുമാണ് ഇന്ന് നന്നായിട്ടുള്ളത്. എന്നോട് പലരും എന്റെ അച്ഛന്റെ കയ്യിൽ നിന്നും കിട്ടിയ തല്ലിനെ വളരെ അഭിമാനപൂർവ്വം പറയുന്നത് കേട്ടിട്ടുണ്ട്. അധ്യാപകന്റേതായ നിർബന്ധങ്ങൾ ഉണ്ടായിരുന്നെങ്കിലും സ്വതന്ത്രചിന്താഗതികളുള്ള വ്യക്തിയായിരുന്നു എന്റെ അച്ഛൻ.  

Your Rating: