സു സു വിനെ വാനോളം പുകഴ്ത്തി ഋഷിരാജ് സിങ്

ജയസൂര്യ – രഞ്ജിത് ശങ്കർ ടീമിന്റെ ഏറ്റവും പുതിയ ചിത്രമായ സു സു ഋഷിരാജ് സിങിന് നന്നേ ബോധിച്ചു. ചിത്രം കണ്ടതിനു പിന്നാലെ അദ്ദേഹം ജയസൂര്യയെ നേരിട്ടു വിളിക്കുകയും അഭിനന്ദിക്കുകയും ചെയ്തു. കൂടാതെ ചിത്രത്തെ വാനോളം പുകഴ്ത്തി ഒരു ഫെയ്സ്ബുക്ക് പോസ്റ്റും ഇട്ടു അദ്ദേഹം.

യഥാർത്ഥ ജീവിതത്തിലെ കഥ സിനിമയാക്കിയ അണിയറക്കാരെയും അദ്ദേഹം അഭിനന്ദിച്ചു. കുട്ടികളെ തീർച്ചായയും കാണിച്ചിരിക്കേണ്ട ചിത്രം പ്രതിസന്ധികളെ നേരിടുന്നവർക്ക് പാഠമാണെന്നും അദ്ദേഹം കുറിപ്പിൽ പറയുന്നു. മികച്ച വിജയം നേടി പ്രദർശനം തുടരുന്ന സു സു വിനെ ഇതിനോടകം തന്നെ പ്രേക്ഷകർ ഏറ്റെടുത്തു കഴിഞ്ഞു. കേരളത്തിലെ തീയറ്ററുകൾക്കൊപ്പം വിദേശത്തും ചിത്രം റിലീസ് ചെയ്തു കഴിഞ്ഞു.

ചിത്രത്തിന്റെ പേര് സൂചിപ്പിക്കുന്നതു പോലെ വിക്കുള്ള സുധീന്ദ്രന്‍ എന്ന കഥാപാത്രത്തിലൂടെയാണ് കഥ വികസിക്കുന്നത്. ഡ്രീംസ് ആന്‍ഡ് ബീയോണ്ട്‌സിന്റെ ബാനറില്‍ രഞ്ജിത് ശങ്കറും ജയസൂര്യയും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. പാസഞ്ചർ എന്ന സൂപ്പർഹിറ്റ് സിനിമയുമായി മലയാള ചലച്ചിത്രലോകത്ത് എത്തിയ രഞ്ജിത്തിന്റെ ആറാമത്തെ സിനിമയാണ് സു സു സുധി വാത്മീകം.