ദുൽഖറിന്റെ തീവ്രത്തെ നശിപ്പിച്ചു; നിർമാതാവിനെതിരെ രൂപേഷ് പീതാംബരൻ

സംവിധായകൻ അറിയാതെ അദ്ദേഹത്തിന്റെ ചിത്രം തമിഴിൽ ഡബ്ബ് ചെയ്ത് പുറത്തിറക്കുക. മലയാളത്തിലെ യുവസംവിധായകനാണ് ഇങ്ങനെയൊരു അനുഭവം ഉണ്ടായത്. ദുൽഖർ നായകനായി എത്തിയ തീവ്രം എന്ന ചിത്രമാണ് ആത്തിരം എന്ന പേരിൽ ഡബ്ബ് ചെയ്ത് തമിഴിൽ പുറത്തിറക്കുന്നത്. ചിത്രത്തിന്റെ ട്രെയിലറും ഇവർ‌ പുറത്തിറക്കി.

തന്റെ അറിവില്ലാതെ ദുൽഖർ നായകനായ തീവ്രം സിനിമയുടെ തമിഴ് പതിപ്പ് പുറത്തിറക്കുന്നതിനെതിരെ സംവിധായകനായ രൂപേഷ് പീതാംബരൻ രംഗത്തെത്തി. തന്റെ അറിവോ സമ്മതോ ഇല്ലാതെയാണ് ഇങ്ങനെയൊരു തീരുമാനമെന്നും നിർമാതാവായ വിസി ഇസ്മായിൽ ആണ് ഇതിന് പിന്നിലെന്നും രൂപേഷ് ആരോപിക്കുന്നു.

നിയമപരമായി ഇക്കാര്യം നേരിടുന്നതിൽ യാതൊരു പ്രയോജനവുമില്ല. ഭാവിയിൽ മറ്റൊരു സംവിധായകനും ഈ നിര്‍മാതാവിനൊപ്പം സിനിമ ചെയ്യരുതെന്ന് ആഗ്രഹിക്കുന്നതുകൊണ്ടാണ് ഇക്കാര്യം തുറന്നുപറയുന്നതെന്നും രൂപേഷ് പറഞ്ഞു.

മാത്രമല്ല സിനിമയുടെ തമിഴ് പതിപ്പിന്റെ അവസ്ഥ വളരെ ദയനീയമാണെന്നും രൂപേഷ് വ്യക്തമാക്കുന്നു. മലയാളത്തില്‍ റിലീസ് ചെയ്തപ്പോൾ ഈ സിനിമയ്ക്ക് ലഭിച്ച പ്രചാരം ഇതേ സിനിമയുടെ തമിഴ് പതിപ്പിലൂടെ നശിപ്പിച്ചതിൽ നന്ദിയുണ്ടെന്ന് രൂപേഷ് പറഞ്ഞു. സഹായിച്ചില്ലെങ്കിലും ഉപദ്രവിക്കരുതെന്നും സിനിമ ഇഷ്ടപ്പെടുന്ന നവാഗതസംവിധായകർ ഈ നിർമാതാവിൽ നിന്ന് രക്ഷപ്പെടണമെന്നും രൂപേഷ് വ്യക്തമാക്കി.

സ്ഫടികത്തിലെ ആടു തോമയുടെ ചെറുപ്പകാലം അവതരിപ്പിച്ചുകൊണ്ട് സിനിമയിലെത്തിയ രൂപേഷ് പീതംബരൻ ആദ്യമായി സംവിധാനം ചെയ്ത ത്രില്ലർ ചിത്രമായിരുന്നു തീവ്രം. 2012 ൽ പുറത്തിറങ്ങിയ സിനിമയുടെ പ്രമേയം ഇന്നും കാലികപ്രസക്തി ഏറിയതാണ്.