ഞാന്‍ ആരുടെ പക്ഷത്തു നില്‍ക്കും!

അഞ്ചാണ്ടുകൾ കൂടുമ്പോൾ കേരളനാട്ടിൽ അരങ്ങേറാറുള്ള കുരുക്ഷേത്ര യുദ്ധത്തിനു ശംഖുനാദം മുഴങ്ങിക്കഴിഞ്ഞു. അംഗരാജാക്കന്മാരെ സമന്വയിപ്പിക്കാനും പോരാളികളെ തിരഞ്ഞെടുക്കാനും യുദ്ധത്തിൽ സ്വീകരിക്കേണ്ട മുറകൾക്കും ഒരുക്കങ്ങൾ അണിയറയിൽ തുടങ്ങിക്കഴിഞ്ഞു. ഏതു പക്ഷത്തു നിൽക്കണം എന്ന അവസ്ഥയിലാണ് ഞാനിപ്പോൾ. ഏതു ചേരിയിൽ നിന്നാലും വെട്ടേറ്റു വീഴുന്നവരിൽ എന്റെ മിത്രങ്ങളുണ്ടാകും. പക്ഷേ, ജന്മബന്ധങ്ങളിലൂടെ എന്റെ രക്തത്തിലലിഞ്ഞുചേർന്ന ഒരു പക്ഷപാത രാഷ്ട്രീയം എനിക്കുണ്ട്. ഞാനതു പല സ്ഥലത്തും തുറന്നു പറഞ്ഞിട്ടുണ്ട്, ‘ഞാനൊരു കോൺഗ്രസുകാരനാണ്’.

കാലമെന്നിലേൽപ്പിച്ച ചില ശാരീരിക അസ്വസ്ഥതകൾമൂലം രണ്ടുവർഷത്തോളം എന്റെ കർമരംഗത്തുനിന്ന് എനിക്കു വിട്ടുനിൽക്കേണ്ടിവന്നു. ആ സമയത്ത് എന്റെ മരണവാർത്തകൾ എനിക്കുതന്നെ വായിക്കേണ്ട ‘ഭാഗ്യവും’ വന്നുചേർന്നു. ഫെയ്സ്ബുക്കിലും വാട്സാപ്പിലും എന്റെ മരണം നാട്ടുകാർ ആഘോഷിച്ചുകൊണ്ടിരിക്കുമ്പോൾ എന്നെ ആശ്വസിപ്പിക്കുവാനും എന്റെ കുടുംബത്തിനു ധൈര്യം പകരാനും എന്റെ വീട്ടിലെത്തിയും ഫോണിലൂടെയും ബന്ധപ്പെട്ട എന്റെ ഒരുപാടു സുഹൃത്തുക്കൾ ഉണ്ട്.

ആഭ്യന്തരമന്ത്രിയുടെ തിരക്കുകൾ കുറച്ചുസമയത്തേക്കു മാറ്റിവച്ച് അമൃത ഹോസ്പിറ്റലിൽ വന്ന് ഒരുപാടു സമയം എന്നോടൊപ്പം ചെലവഴിച്ച രമേശ് ചെന്നിത്തല, ഹൈബി ഈഡൻ, ഞായറാഴ്ചയായിരുന്നിട്ടും സർക്കാരിന്റെ ചെക്കും പാസാക്കി അതുമായി ഐസിയുവിന്റെ വാതിലിൽ ഒരുപാടു സമയം കാത്തിരുന്ന പറവൂരിന്റെ എംഎൽഎ വി.ഡി. സതീശൻ, അസുഖവിവരമറിഞ്ഞ് തിരുവനന്തപുരത്തുനിന്നു പറവൂരിലെ ‘ലാഫിങ് വില്ല’യിലെത്തിയ എം.എ. ബേബി, കണ്ണൂരിൽനിന്ന് എന്നെത്തേടി വന്ന കല്ല്യാശേരിക്കാരൻ ടി.വി. രാജേഷ് എംഎൽഎ, ഫോണിലൂടെ എന്റെ വീട്ടുകാർക്കു ധൈര്യം പകർന്ന് എന്താവശ്യമുണ്ടെങ്കിലും വിളിക്കാൻ മടിക്കരുത് എന്നു പറഞ്ഞ് എന്റെ ഭാര്യയെയും മക്കളെയും ആശ്വസിപ്പിച്ച പ്രിയപ്പെട്ട മമ്മുക്ക, ദിലീപ്, അരൂരിലെ സ്ഥാനാർഥി സിദ്ധിഖ്, നാദിർഷാ, കുഞ്ചൻ, ആൽവിൻ ആന്റണി, പി. ജയരാജൻ, കുമ്മനം രാജശേഖരൻ, എ.എൻ. രാധാകൃഷ്ണൻ... അങ്ങനെ നീണ്ടുപോകുന്നു ആ നിര.

ഇവരുടെയൊക്കെ പ്രാർഥനയുടെ ഫലമാകാം, ഒടുവിൽ മരണത്തെ അതിജീവിച്ച്... അല്ല, ഈശ്വരനോട് ആയുസിന് എക്സ്റ്റൻഷൻ വാങ്ങി ആരോഗ്യവാനായി ഞാൻ തിരിച്ചെത്തിയിരിക്കുന്നു. ഹരിപ്പാട് രമേശ് ചേട്ടനു വേണ്ടി പ്രചാരണത്തിനിറങ്ങണമെന്ന് ആഗ്രഹമുണ്ട്. എറണാകുളത്ത് ഹൈബി ഈഡനു വേണ്ടി... അരൂരിൽ സിദ്ധിഖിനു വേണ്ടി... പറവൂരിൽ സതീശനു വേണ്ടി... അപ്പോഴും മറുചേരിയിൽ നിൽക്കുന്ന കുമ്മനവും ടി.വി. രാജേഷും എഎൻആറും പടയാളികളല്ലെങ്കിലും മറുപക്ഷത്തു നിലയുറപ്പിച്ച എം.എ. ബേബിയും പി. ജയരാജനും എന്റെ മുന്നിൽ ഒരുപാടു ചോദ്യങ്ങളവശേഷിപ്പിച്ച് ബാക്കിനിൽക്കുന്നു.

കണ്ണൂരിൽ നിന്നു ജയരാജേട്ടൻ വിളിക്കുമ്പോൾ ഞാൻ പറയും : ചേട്ടാ നമ്മൾ രണ്ടുപേരും അന്ധരായ പാർട്ടിക്കാരാണ്. നിങ്ങൾ അന്ധനായ കമ്യൂണിസ്റ്റ്, ഞാൻ അന്ധനായ കോൺഗ്രസും. അതു കേട്ടു ജയരാജേട്ടൻ ചിരിക്കും. അപ്പോൾ ഞാൻ പറയും. ഒരു കാര്യത്തിൽ എനിക്കു ബഹുമാനമുണ്ട്. നിങ്ങളുടെ നേതാക്കൾ മക്കളെ എന്തെങ്കിലും സ്ഥാനത്തെത്തിക്കാൻ നെട്ടോട്ടമോടുമ്പോൾ നിങ്ങൾ മക്കളെ സഖാക്കളാക്കി. പിന്നെ ഒരു കാര്യം നിങ്ങളുടെ മഹത്വം ഒരിക്കലും പുറത്തുവരില്ല.അതു വരണമെങ്കിൽ നിങ്ങൾ മരിക്കണം. എന്റെ ക്രൂരമായ ഫലിതത്തിനും അദ്ദേഹം ചിരിച്ചുകൊണ്ടു മറുപടി നൽകി.

അസുഖത്തിന്റെ മൂർധന്യ സമയത്തു ഞാൻ മനസ്സറിഞ്ഞു വിളിക്കാത്ത ദൈവങ്ങളില്ല. പക്ഷേ, എന്റെ വിളി കേട്ട ഏക ദൈവം മാതാ അമൃതാനന്ദമയി ആയിരുന്നു. അമ്മയെ കാണാൻ ചെന്ന എന്നോട് ‘എന്താണ് മോന് അമ്മയോടു പറയാനുള്ളതെ’ന്ന് ചോദിച്ചു. അപ്പോൾ ഞാൻ പറഞ്ഞു, ‘അമ്മേ എനിക്കിപ്പോൾ 46 വയസ്സായി. പക്ഷേ, അമൃതാ ഹോസ്പിറ്റലിന്റെ റജിസ്റ്ററിൽ 54 വയസ്സെന്നാണ് എഴുതിയിരിക്കുന്നത്. അത് അമ്മ ഇടപെട്ടൊന്ന് തിരുത്തി തരണം.’

പൊട്ടിച്ചിരിച്ചുകൊണ്ട് അമ്മ പറഞ്ഞു, ‘സലിം, ധൈര്യമായിട്ട് ഹോസ്പിറ്റലിലേക്കു പോവുക. ഒന്നുകൊണ്ടും പേടിക്കേണ്ട. പണത്തിനെക്കുറിച്ചോ ചികിൽസയുടെ ചെലവുകളെക്കുറിച്ചോ തൽക്കാലം മോൻ ചിന്തിക്കേണ്ട. കാരണം, നിന്നെ ഞങ്ങൾക്കാവശ്യമുണ്ട്.’ ഈ ആയുസ്സിൽ തീർത്താൽ തീരാത്ത കടവുമായി അമ്മയ്ക്കു മുന്നിൽ തൊഴുകൈകളോടെ നിൽക്കുകയാണ് ഞാൻ.

ഈ യുദ്ധത്തിൽ ആരു ജയിച്ചാലും പടനിലത്തിൽ വെട്ടേറ്റു വീണുകിടക്കുന്നവരിൽ എന്റെ ഉറ്റമിത്രങ്ങളുണ്ടാകും. പകച്ചുനിൽക്കുകയാണു ഞാൻ. ഈ കൂലിപ്പടയാളി തൽക്കാലത്തേക്ക് ഒരു കറുത്ത തുണിക്കഷണംകൊണ്ട് കണ്ണുകൾ മൂടിക്കെട്ടുകയാണ്.