Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

തിരഞ്ഞെടുപ്പിൽ ഇനി ആണുങ്ങളുണ്ടാവില്ല

salim-kumar

വോട്ടവകാശം ലഭിക്കുന്നതിനു മുൻപു തന്നെ ഇഷ്ട സ്ഥാനാർഥിക്കു വേണ്ടി ചുവരെഴുതി, അനൗൺസ്മെന്റ് നടത്തി ബൂത്തിലിരുന്നു വോട്ടു പിടിച്ചും തിരഞ്ഞെടുപ്പ് ആവേശം നേരിട്ടറിഞ്ഞിട്ടുണ്ട്. ചിറ്റാറ്റുകര പഞ്ചായത്തിലെ വ്യാപാരഭവൻ ഹാളിലെ പോളിങ് സ്റ്റേഷനിൽ ഇന്നലെ ഉച്ചയ്ക്കു മുൻപു തന്നെ വോട്ടുചെയ്തു.

എന്താണ് ഇപ്പോഴത്തെ തിരഞ്ഞെടുപ്പുകളുടെ ഏറ്റവും വലിയ പ്രത്യേകതയെന്നു പലരും ചോദിച്ചു. എന്തോ തമാശ പ്രതീക്ഷിച്ചാണ് ചോദ്യം. സത്യം പറഞ്ഞാൽ സ്ത്രീകളെല്ലാം കൂടി വണ്ടി പിടിച്ചു വന്ന് എന്നെ തല്ലും. വനിതാ സംവരണം ഇങ്ങനെ പോയാൽ പത്തു വർഷം കഴിഞ്ഞാൽ രാഷ്ട്രീയ പ്രവർത്തനത്തിന് ആണുങ്ങളെ കിട്ടില്ല. സംവരണത്തിൽ ജയിച്ചു വരുന്ന വനിതാ ജനപ്രതിനിധികൾ അടുത്ത ഓരോ തവണയും മത്സരിക്കാൻ താൽപര്യം കാണിക്കും. സ്വന്തം ഡിവിഷൻ ജനറൽ സീറ്റായാലും പല സ്ത്രീകളും അവിടെ തുടർന്നു മത്സരിക്കാൻ മുതിരും. ഇങ്ങനെ ഓരോ തിരഞ്ഞെടുപ്പു കഴിയുന്തോറും മത്സരരംഗത്തെ പുരുഷ സാന്നിധ്യം കുറഞ്ഞുവരും. അധികാരം പുരുഷന്മാരേക്കാൾ ഭ്രമിപ്പിക്കുന്നത് സ്ത്രീകളെയാണ്.

ഇന്നലെ വോട്ടു ചെയ്യാൻ പോവുന്ന വഴി രാഷ്ട്രീയ പാർട്ടികളുടെ പ്രചാരണ ബൂത്തുകളിൽ പരിചിത മുഖങ്ങൾക്കു വേണ്ടി കണ്ണോടിച്ചു, പഴയ സുഹൃത്തുക്കളെ ആരേയും കാണാൻ കഴിഞ്ഞില്ല. ഇവരെല്ലാം എവിടെ പോയി, വനിതാ സംവരണത്തിന്റെ രക്തസാക്ഷികളായോ?

കേരളത്തിൽ ഒരു നടൻ ശ്രദ്ധേയമായ തിരഞ്ഞെടുപ്പു ജയിക്കാൻ കഴിഞ്ഞ പാർലമെന്റ് ഇലക്‌ഷൻ വരെ കാത്തിരിക്കേണ്ടി വന്നു, ഇന്നസെന്റ് ചേട്ടൻ.... സി.എച്ച്. മുഹമ്മദ് കോയ അന്തരിച്ച കാലത്താണു പ്രേംനസീർ കോൺഗ്രസിൽ ചേർന്നത്. അത് വലിയ അബദ്ധമായി. കോൺഗ്രസിനു പകരം മുസ്‌ലിം ലീഗിലേക്കാണു പ്രേംനസീർ പോകേണ്ടിയിരുന്നത്. മലബാറി‍ൽ വൻഭൂരിപക്ഷത്തോടെ അദ്ദേഹം തിരഞ്ഞെടുപ്പു ജയിച്ചേനെ. അത് അദ്ദേഹത്തിന്റെ രാഷ്ട്രീയ സാധ്യതകളേയും ഒരു പക്ഷെ കേരളത്തിന്റെ രാഷ്ട്രീയത്തേയും മാറ്റി മറിച്ചേനെ... ഇത്തവണ തിരഞ്ഞെടുപ്പിന്റെ തലേന്നു രാത്രിയും പഴയ ഓർമ്മകൾക്കു വേണ്ടി ചിറ്റാറ്റുകര പഞ്ചായത്തിൽ വെറുതെ കറങ്ങി. പലയിടങ്ങളിലും രാഷ്ട്രീയ പ്രവർത്തകരുടെ നിശബ്ദ സാന്നിധ്യം. പ്രത്യേകിച്ചും പാർപ്പിട കോളനികൾക്കു സമീപം. തിരഞ്ഞെടുപ്പിനു തലേന്ന് ഇവിടെ വോട്ടർമാരെ സ്വാധീനിക്കാൻ എതിരാളികൾ പണമിറക്കുമെന്ന അടക്കം പറച്ചിൽ ഇത്തവണയും കേട്ടു. അന്നും ഇന്നും ഒരു മാറ്റവുമില്ലാതെ തുടരുന്ന നിത്യഹരിത തിരഞ്ഞെടുപ്പു ആരോപണമാണിത്.

പണ്ടു ഞങ്ങൾ പെട്രോമാക്സ് വിളക്കും കത്തിച്ചു പണവുമായി വരുന്നവരെ പിടികൂടാൻ കാവലിരുന്നിട്ടുണ്ട്. രാത്രി ആരെങ്കിലും പണി കഴിഞ്ഞു സഞ്ചിയുമായി നടന്നു പോയാൽ അവന്റെ പണികഴിഞ്ഞു, പിടിച്ചു നിറുത്തി നോട്ടുകെട്ടുകൾ തപ്പും. കേരളത്തിൽ അന്നും ഇന്നും പഞ്ചായത്തു തിരഞ്ഞെടുപ്പിനു വോട്ടുപിടിക്കാൻ സ്ഥാനാർഥികൾ കാശു വിതരണം ചെയ്യുമെന്ന് തോന്നുന്നില്ല. ചെറുപ്പും മുതൽ എന്റെ നല്ല സുഹൃത്തുക്കളെല്ലാം കമ്യൂണിസ്റ്റുകാരാണ്. ഞാൻ കോൺഗ്രസിനു വേണ്ടി ചുവരെഴുത്തും അനൗൺസ്മെന്റും നടത്തുമ്പോൾ രണ്ടു മാസക്കാലത്തേക്ക് ഡിവൈഎഫ്ഐക്കാരായ കൂട്ടുകാരോടു പിരിയുമായിരുന്നു. തിരഞ്ഞെടുപ്പു കഴിയുമ്പോൾ വീണ്ടും കൂട്ടു തുടരും.

മാല്യങ്കര എസ്എൻഎം കോളജിൽ കെഎസ്‌യു സ്ഥാനാർഥിയായി മത്സരിക്കുമ്പോൾ ഏറ്റവും കുറവു ഭൂരിപക്ഷത്തിൽ തോറ്റിരുന്ന സ്ഥാനാർഥി ഞാനാണ്, 300 വോട്ട്. കെഎസ്‌യുവിന്റെ ചെയർമാൻ സ്ഥാനാർഥി തോറ്റിരുന്നത് 1000 വോട്ടിനാണ്. അന്നു ഞങ്ങളെ തോൽപ്പിച്ചിരുന്ന മിടുക്കന്മാരായ എസ്എഫ്ഐക്കാരെല്ലാം ഇന്ന് എവിടെയാണ്, ഇവരെല്ലാം രാഷ്ട്രീയം തന്നെ ഉപേക്ഷിച്ചോ? എന്നോടു പലരും പലപ്പോഴും ചോദിച്ചട്ടുണ്ട് നീ എങ്ങനെ കോൺഗ്രസുകാരനായെന്ന്. എന്റെ അച്ഛൻ കോൺഗ്രസുകാരനായിരുന്നു. തിരഞ്ഞെടുപ്പായാൽ അന്നു ചിറ്റാറ്റുകര പഞ്ചായത്ത് ചെങ്കടലാണ്. ഓരോ തിരഞ്ഞെടുപ്പു ജാഥയും വീടിനു മുന്നിൽ വരുമ്പോൾ അൽപ്പനേരം അവിടെ നിന്നു മുദ്രവാക്യം വിളിക്കും, ഓരോ വിളിക്കും ഞാൻ ഞെട്ടും. ചുവന്ന കൊടി കാണുന്നത് അന്നു മുതൽ എനിക്കു ഭീതിയായിരുന്നു.

വോട്ടെണ്ണി കഴിയുമ്പോൾ കമ്യൂണിസ്റ്റു പാർട്ടിക്ക് വൻ ഭൂരിപക്ഷമായിരിക്കും. പഞ്ചായത്തിലെ ചുരുക്കം കോൺഗ്രസുകാരുടെ വീടുകളിലെ കുട്ടികൾക്ക് അന്ന് ഉറങ്ങാൻ കഴിയില്ല. ഈ ഭയമാണ് വലുതായപ്പോൾ എന്നെ ഒരു കോൺഗ്രസ് പ്രവർത്തകനാക്കിയത്. (സലിം കുമാർ ചിരിച്ചു. മലയാളിക്കു പരിചിതമായ അതേ വലിയ ചിരി.)

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.