പരവൂർ വെടിക്കട്ടപകടം ദുരഭിമാന കൊലകൾക്ക് സമാനമെന്ന് ഷാജി കൈലാസ്

ക്ഷേത്രങ്ങളിലെ വെടിക്കെട്ടുകൾ നിരോധിക്കണമെന്ന് സംവിധായകൻ ഷാജി കൈലാസ്. പരവൂർ ദുരന്തത്തിന്റെ പശ്ചാത്തലത്തിലായിരുന്നു അദ്ദേഹത്തിന്റെ പരാമര്‍ശം. ഉത്തരേന്ത്യയിൽ ജാതിയുടെ ആചാരാഭിമാനങ്ങൾ രക്ഷിക്കാൻ ഖാപ്പ് പഞ്ചായത്ത് വിധിക്കുന്ന ദുരഭിമാന കൊലകൾക്ക് സമാനമാണ് കൊല്ലത്തെ പരവൂർ വെടിക്കട്ടപകടമെന്നും മാപ്പർഹിക്കാത്ത ക്രൂരതയാണ് ഇതെന്നും ഷാജി കൈലാസ് പറഞ്ഞു.

ഷാജി കൈലാസിന്റെ വാക്കുകളിലേക്ക്–

"തീ" കൊണ്ട് കളിക്കണ്ട !!!!!!

ഉത്തരേന്ത്യയിൽ ജാതിയുടെ ആചാരാഭിമാനങ്ങൾ രക്ഷിക്കാൻ ഖാപ്പ് പഞ്ചായത്ത് വിധിക്കുന്ന ദുരഭിമാന കൊലകൾക്ക് സമാനമാണ് കൊല്ലത്തെ പരവൂർ വെടിക്കട്ടപകടം. മാപ്പർഹിക്കാത്ത ക്രൂരത. പ്രതികൾ നാം ഓരോരുത്തരുമാണ്. നമ്മുടെ അജ്ഞതകൾ ഗോത്ര ബോധമുണർത്തുന്ന ജനിതക സാഹസികതകൾ. വിവരക്കേടുകൾ...

പതിനെട്ടാം നൂറ്റാണ്ടിലാണ് കരിമരുന്ന് കണ്ട് പിടിക്കുന്നത്‌ . നമ്മുടെ പുരാണ ഇതിഹാസ ഉപനിക്ഷത്തുകളിലൊന്നും കരിമരുന്നിനെ കുറിച്ചുള്ള പരാമർശങ്ങളില്ല .ഒരു മതഗ്രന്ഥത്തിലും ഇത്തരമൊരു ആസ്വാദന രീതിയെക്കുറിച്ച് പറയുന്നില്ല. അത് കൊണ്ട് തന്നെ ഇത് ഒരു ആചാരമല്ല മറിച്ച് ദുരാചാരമാണ് താനും. "കമ്പം" എന്ന വാക്കിന് ശബ്ദതാരാവലിയിലെ അർത്ഥത്തിൽ "ഭ്രാന്ത്‌" എന്നും പറയുന്നുണ്ട്. ശരിക്കും ഭ്രാന്ത് തന്നെയാണ്. നിരോധിക്കപ്പെടേണ്ട മനോവൈകൃതം.

കാലത്തിനനുസരിച്ച് എല്ലാം മാറണം മാറ്റമില്ലാത്തത്‌ മാറ്റം മാത്രമാണെന്ന് കാറൽ മാർക്സ് പറഞ്ഞത് എത്ര ശരി. ഭഗവത്ഗീതയിൽ ശ്രീകൃഷ്ണൻ പറയുന്നു "ഒരു കാര്യത്തിൽ അതു തന്നെ ,സമ്പൂർണ്ണമെന്ന് ഭ്രമിച്ച് ആസ്കതമാകുന്നതും യുക്തി വിരുദ്ധവും ,തത്വാർത്ഥവിഹിതവും അൽപ്പവുമായിരിക്കുന്ന ജ്ഞാനം ഏതോ അതത്രേ താമസമായ ജ്ഞാനം"

നമുക്കാവശ്യം താമസമായ ജ്ഞാനമല്ല സാത്വികമായ ജ്ഞാനമാണ്. അതിന് നമ്മൾ അവനവന്റെ ആത്മബോധത്തിലേക്കാണ് നോക്കേണ്ടത്.മതത്തേക്കാളും ജാതിയെക്കാളും ആചാരങ്ങളെക്കാളും വലുതാണ് മനുഷ്യൻ. ആ ചിന്തയാണ് നമ്മെ നയിക്കേണ്ടത്. അത് കൊണ്ട് ഈ ആഭാസം എത്രയും പെട്ടെന്ന് നിരോധിക്കണം....