വിറച്ചു വിറച്ച് ഓട്ടോഗ്രാഫ് മേടിച്ച നായിക

വെള്ളിത്തിരയിൽ മാത്രം കണ്ടിട്ടുള്ള താരത്തെ അടുത്തു കണ്ടതിന്റെ കൗതുകം മാത്രമാണ് ശിവദയ്ക്ക് അന്നു തോന്നിയത്. അടുത്തു പോകാനോ എന്തെങ്കിലും ഒന്നു ചോദിക്കാനോ മടി.. ഒടുവിൽ രണ്ടും കൽപ്പിച്ചു വിറച്ചു വിറച്ചു ബുക്ക് നീട്ടി, ജയസൂര്യ അതിൽ ഒപ്പിട്ടു കൊടുത്തു.

അന്നു ശിവദ കോളജ് വിദ്യാർഥി. പ്ലസ് ടു കഴിഞ്ഞ് 2006ൽ കാലടി ആദിശങ്കരാ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എൻജിനീയറിങ്ങിനു ചേർന്നു. കോഴ്സ് അവസാനിച്ചപ്പോൾ പഠിത്തച്ചൂട് തണുപ്പിക്കാൻ ഉൗട്ടിയിലേക്കു വണ്ടി കയറിയ വിദ്യാർഥി സംഘം ചെന്നിറങ്ങിയത് ജയസൂര്യ അടങ്ങുന്ന സിനിമാ സംഘത്തിന്റെ മുന്നിലാണ്. കിലുക്കം കിലുകിലുക്കം ചിത്രത്തിന്റെ ഷൂട്ടിങ്ങായിരുന്നു അവിടെ. ജയസൂര്യയെ കണ്ടതോടെ ഒപ്പമുണ്ടായിരുന്ന കൂട്ടുകാരികൾ ആവേശത്തിലായി. പിന്നെ ഫോട്ടോയെടുക്കാനും ഓട്ടോഗ്രാഫ് വാങ്ങാനും ഇടിയായി. ഒടുവിൽ പടമെടുക്കാൻ നേരവും ജയസൂര്യയുടെ അടുത്തു നിൽക്കാൻ കഴിഞ്ഞില്ല ശിവദയ്ക്ക്.

ഒൻപതു വർഷം കഴിഞ്ഞ് 2015ൽ സു സു സുധി വാത്മീകത്തിൽ ജയസൂര്യയുടെ നായികയാവുമ്പോൾ എല്ലാം മായാജാലം എന്നു മാത്രമാണു ശിവദയുടെ കമന്റ്. എൻജിനീയറിങ് പഠനം കഴിഞ്ഞപ്പോൾ തന്നെ സിനിമകളിലേക്കു ക്ഷണം വന്നു. കംപ്യൂട്ടറിനു മുന്നിൽ ചടഞ്ഞിരിക്കുന്ന ജോലി വേണ്ടെന്ന് ആദ്യമേ തീരുമാനിച്ചിരുന്നതുകൊണ്ട് നേരെ സിനിമയിലേക്കു പോയി. കേരള കഫേ, ലിവിങ് ടുഗെതർ ഉൾപ്പെടെ മലയാള ചിത്രങ്ങളും ചില തമിഴ് ചിത്രങ്ങളും ചെയ്തു.

‘‘സു സു സുധി വാത്മീകം പുറത്തിറങ്ങിയപ്പോഴാണ് അന്നു വിനോദയാത്രയ്ക്ക് ഒപ്പമുണ്ടായിരുന്ന സുഹൃത്തുക്കളിൽ ഒരാൾ ഇൗ പഴയ ചിത്രം വാട്സ് ആപ്പിൽ അയച്ചത്. അതു പിന്നെ എങ്ങനെയോ പുറത്തു പോയി. ജയേട്ടൻ ഫെയ്സ്ബുക്കിൽ ഇൗ ചിത്രം പോസ്റ്റ് ചെയ്തതോടെ എല്ലാവരും സംഭവം അറിഞ്ഞു.’’