Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ദേശീയ പുരസ്കാര നിറവിൽ പാലാക്കാരി ശ്രുതി

shruthi ശ്രുതി ഹരിഹരസ‍ുബ്രഹ്മണ്യം

ദേശീയ സിനിമാ അവാർഡിന്റെ മലയാളിത്തിളക്കത്തിൽ പാലാക്കാരിയായ ശ്രുതി ഹരിഹരസ‍ുബ്രഹ്മണ്യവും. നോൺ ഫീച്ചർ വിഭാഗത്തിൽ ഏറ്റവും മികച്ച കലാ, സാംസ്കാരിക ചിത്രത്തിനുള്ള ദേശീയ അവാർഡിന് അർഹമായ എ ഫാർ ആഫ്റ്റർനൂൺ-എ പെയ്ന്റഡ് സാഗയുടെ സംവിധായികയാണ് ശ്രുതി. ലോകപ്രശസ്ത ചിത്രകാരനായ, പത്മഭൂഷൺ ക്രിഷേൻ ഖന്നയുടെ ജീവിതവും ചിത്രരചനയും ആസ്പദമാക്കി ശ്രുതി ഒരുക്കിയ ചിത്രമാണ് രജത് കമൽ പ‍ുരസ്കാരം നേടിയത്. ഈ വിഭാഗത്തിൽ മികച്ച സംഗീത സംവിധാനത്തിനുള്ള അവാര്‍ഡും സിനിമ സ്വന്തമാക്കി. സംവിധായിക, നടി, മോ‍ഡൽ, പരിസ്ഥിതിസൗഹൃദ ബിസിനസ് സംരംഭക, നാടകപ്രവർത്തക, എന്നീ നിലകളിൽ സജീവമാണ് ശ്രുതി ഹരിഹരസ‍ുബ്രഹ്മണ്യം.

Krishen Khanna - A Far Afternoon Trailer 1

ആദ്യ സ്വതന്ത്ര സംരംഭത്തിനു തന്നെ ദേശീയ അംഗീകാരം ലഭിച്ചതിന്റെ സന്തോഷം ശ്രുതി മനോരമ ഒാൺലൈനുമായി പങ്കുവച്ചു. നൈജീരിയയിൽ ജനിച്ച് ചെന്നൈയിൽ സ്ഥിരതാമസമാക്കിയ തന്റെയുള്ളിൽ സിനിമാപ്രേമം നിറച്ചത് മീനച്ചാലാറിന്റെ തീരത്തെ കുടുംബവീട്ടിൽ ചെലവിട്ട സുന്ദരമായ അവധിക്കാല ദിവസങ്ങളിൽ കണ്ടുതീർത്ത മലയാള സിനിമകളാണെന്ന് ശ്രുതി പറഞ്ഞു. ശ്രുതിയുടെ മുത്തശൻ പാലാ ടൗണിൽ സ്വാമീസ് ജ്വല്ലറി എന്ന സ്ഥാപനം നടത്തിയിരുന്നു. ഇപ്പോൾ കടയുടെ ചുമതല അമ്മാവനാണ്. പിതാവ് വി. ഹരിഹരസ‍ുബ്രഹ്മണ്യൻ തിരുവനന്തപുരം ഏഷ്യൻ സ്കൂൾ ഒഫ് ബിസിനസിൽ ഡീനായിരുന്നു. അടുത്തിടെയാണ് അച്ഛനും അമ്മയും ചെന്നൈയിലേക്കു താമസം മാറിയത്. തിരക്കൊഴിയുമ്പോൾ കുട്ടിക്കാലത്തെ ഒാർമകളുടെ നിറവിൽ കുടുംബവീട്ടിലേക്ക് എത്താറുണ്ടെന്നു ശ്രുതി പറഞ്ഞു. സിനിമാ പ്രേമത്തിനൊപ്പം ശുചിത്വത്തിന്റെ നല്ല പാഠങ്ങളും തനിക്കു പകർന്നു നൽകിയത് കേരളമാണെന്നു ശ്രുതി കൂട്ടിച്ചേർത്തു.

shruthi-2

വർഷങ്ങളായി സഹസംവിധായികയായി പ്രവർത്തിക്കുന്ന ശ്രുതി, ഒരു കൊമേഴ്സ്യൽ ചിത്രം ഒരുക്കാനുള്ള തയാറെടുപ്പുകൾ നടത്തുന്നതിനിടെ അവിചാരിതമായാണ് ക്രിഷേൻ ഖന്നയെക്കുറിച്ചുള്ള ഡോക്യുമെന്ററിയിലേക്ക് എത്തിപ്പെട്ടത്. ഭർത്താവ് അശ്വിൻ രാജഗോപാൽ ഡയറക്ടറായ പിരമൽ ആർട്ട് ഫൗണ്ടേഷനാണ് ഇൗ ദൗത്യം ശ്രുതിയെ ഏൽപ്പിച്ചത്. അതുവരെ ശീലിച്ച വാണിജ്യ സിനിമയുടെ ചുറ്റുവട്ടങ്ങളിൽനിന്നു വിട്ടുമാറി നിയതമായ സ്ക്രിപ്റ്റ് പോലുമില്ലാതെ ഡോക്യുമെന്ററി ഒരുക്കുകയെന്നത് ആദ്യഘട്ടത്തിൽ തികഞ്ഞ വെല്ലുവിളിയായിരുന്നുവെന്ന് ശ്രുതി പറഞ്ഞു. ക്രിഷേൻ ഖന്നയ്ക്കൊപ്പം ഗ‍ു‍ഡ്ഗാവിൽ ദിവസങ്ങൾ ചെലവിട്ട് അദ്ദേഹത്തിന്റെ തികച്ചും ശാന്തമായ ചിത്രരചനാ ശൈലി പകർത്തുകയാണു ചെയ്തത്. ഹൃസ്വചിത്രങ്ങളുടെ വിരസമായ വിവരണശൈലിക്കപ്പുറം സാധാരണപ്രേക്ഷകർക്കു കൂടി ആസ്വാദ്യകരമായി സിനിമ ചെയ്യാനെടുത്ത തീരുമാനം ശരിവയ്ക്കുന്നതാണ് ദേശീയതലത്തിൽ ലഭിച്ച അംഗീകാരമെന്നും ശ്രുതി പറഞ്ഞു.

shruthi-1

മൈലാപൂരിൽ താമസിക്കുന്ന ശ്രുതി, വിഷ്വൽ കമ്മ്യൂണിക്കേഷനിൽ ബിരുദം നേടിയ ശേഷം സിനിമ, പ്രവർത്തനമേഖലയായി തിരഞ്ഞെടുക്കുകയായിരുന്നു. പ്രശസ്ത നടിയും സംവിധായികയുമായ രേവതിയുെട അസിസ്റ്റന്റായാണ് സിനിമാ രംഗത്തു തുടക്കം കുറിച്ചത്. തുടർന്ന് വിക്രം കെ കുമാർ, വിഷ്ണുവർധൻ എന്നിവർക്കൊപ്പവും സഹസംവിധായികയായി പ്രവർത്തിച്ചു. പ്രശസ്ത ബ്രാൻ‍‍ഡുകൾക്കായി പരസ്യചിത്രങ്ങളും ഡോക്യുമെന്ററികളും ഒരുക്കി. ബ്രിട്ടീഷ് പോപ്പ് താരം മിയ, യുവൻ ശങ്കർ രാജ തുടങ്ങിയവരുടെ പ്രശസ്ത ആൽബങ്ങളിലും സഹസംവിധായികയായി ശ്രുതി പ്രവർത്തിച്ചിട്ടുണ്ട്. പ്രശസ്ത സംവിധായകനായ കെ. ബാലചന്ദറിന്റെ മെഗാസീരിയലായ 'സഹന'യിലും ചിദംബര രഹസ്യമെന്ന സീരിയലിലും ശ്രുതി അവതരിപ്പിച്ച കഥാപാത്രങ്ങൾ ശ്രദ്ധേയമായി. ഇപ്പോഴും നഗരത്തിലെ ഇംഗ്ലീഷ് തിയറ്റർ ഗ്രൂപ്പുകളിൽ ശ്രുതി സഹകരിക്കുന്നുണ്ട്.

krishnen ക്രിഷേൻ ഖന്ന

2002-ൽ മിസ് ചെന്നൈയായി തിരഞ്ഞെടുക്കപ്പെട്ടിട്ടുള്ള ശ്രുതി, സിനിമയ്ക്കപ്പുറം കലാ, സാംസ്കാരിക പ്രവർത്തനങ്ങളിലും പരിസ്ഥിതിസൗഹൃദ വ്യാപാരമേഖലയിലും സജീവമാണ്. ചലച്ചിത്ര മേഖലയിലേക്കു പുത്തൻ ചുവടുവയ്പു നടത്തുന്നവർക്കായി ദക്ഷിണേന്ത്യന്‍ സിനിമാ ചരിത്രത്തിന്റെ അക്ഷയഖനി തുറന്നുവയ്ക്കുന്ന സിനിമാ റിസോഴ്സ് സെന്റർ എന്ന സ്ഥാപനവും ശ്രുതി ആൽവാർപേട്ടിൽ നടത്തുന്നുണ്ട്. ഗോലി സൊഡാ എന്ന സ്ഥാപനത്തിലൂടെ, പരിസ്ഥിതിസൗഹൃദ ഉല്‍പ്പന്നങ്ങൾ സാധാരണക്കാരിലേക്ക് എത്തിക്കാനുള്ള ശ്രമത്തിലാണ് ശ്രുതിയും കൂട്ടരും. ഡിസ്പോസിബിൾ നാപ്കിനുകൾക്കു പകരം ഗോലി സൊഡാ അവതരിപ്പിച്ച തുണികൊണ്ടുള്ള നാപ്കിനുകൾക്ക് മികച്ച പ്രതികരണമാണ് ലഭിച്ചതെന്നു ശ്രുതി പറഞ്ഞു. സിനിമാ പ്രേമത്തിനോപ്പം കേരളം പകർന്നു നൽകിയ ശുചിത്വത്തിന്റെ നല്ല പാഠങ്ങൾ പ്രചരിപ്പിക്കാനാണ് ഇത്തരം സംരംഭങ്ങളിലൂടെ ഉദ്ദേശിക്കുന്നതെന്നും ശ്രുതി കൂട്ടിച്ചേർത്തു. മാലിന്യസംസ്കരണം, മികച്ച ആരോഗ്യശീലങ്ങൾ, ജൈവകൃഷി തുടങ്ങിയ വിഷയങ്ങളിൽ ഗോലി സൊഡായുടെ നേതൃത്വത്തിൽ ശ്രുതിയും കൂട്ടരും ബോധവൽക്കരണ പരിപാടികളും സംഘടിപ്പിക്കുന്നുണ്ട്.

Your Rating: