ഇതു സാക്ഷാൽ സേതുരാമയ്യർ

മമ്മൂട്ടി, ലോകനാഥ് ബെഹ്റ

ലോകനാഥ് ബെഹ്റ ഡിജിപിയായി അധികാരത്തിലേറിയ അന്നു മുതൽ എല്ലാരും കൂടി അദ്ദേഹത്തെ ട്രോളുകയായിരുന്നു. കണ്ടാൽ പാഷാണം ഷാജിയെ പോലെ ആണ്. ഇങ്ങേരുടെ സ്വഭാവം എന്തായിരിക്കും എന്നൊക്കെ ? അദ്ദേഹം ജിഷയുടെ വീട്ടിൽ ഒറ്റയ്ക്കെത്തി പരിശോധന നടത്തിയതിനെയും മൊബൈലിൽ ചിത്രങ്ങളെടുത്തതിനെയും വരെ വിമർശിച്ചവരുണ്ട്. എന്നാൽ അധികാരത്തിലെത്തി രണ്ടാഴ്ചയ്ക്കുള്ളിൽ ഏറെ കോളിളക്കമുണ്ടാക്കിയ കേസിലെ പ്രതിയെ എല്ലാ വെല്ലുവിളികളെയും തരണം ചെയ്ത് വലയിലാക്കിയതോടെ പാഷാണമല്ല പുലിയാണ് ബെഹ്റ എന്ന് വിമർശിച്ചവരൊക്കെ പറഞ്ഞു തുടങ്ങി.

പ്രത്യേക അന്വേഷണ സംഘം കുറ്റവാളിയെ കണ്ടു പിടിച്ചതിൽ ഡിജിപിക്ക് എന്താ റോൾ എന്ന് ചിലർ ചോദിച്ചേക്കാം ? എന്നാൽ പ്രതിയെ പിടികൂടാൻ ഏറെ സഹായിച്ച ചെരുപ്പ് കേസിലെ പ്രധാന തെളിവാണ് എന്ന് കണ്ടെത്തി പരിശോധയ്ക്കയച്ചത് ബെഹ്റയാണ്. കേസ് വഴി തെറ്റിച്ചു വിടാൻ രണ്ടു ചെരുപ്പും ഉൗരി വച്ചതാണെന്ന ക്ലീഷെ കണ്ടുപിടുത്തത്തിലേക്ക് പോകാതെ കനാലിൽ കൂടി പ്രതി രക്ഷപെടാനുള്ള സാധ്യത മനസ്സിലാക്കിയ ബെഹ്റ താൻ യഥാർത്ഥ സേതുരാമയ്യരാണെന്ന് തെളിയിച്ചു.

പിന്നാലെ അത്തരം ചെരുപ്പുകൾ അന്യസംസ്ഥാന തൊഴിലാളികളാണ് ധരിക്കുന്നതെന്ന് കണ്ടെത്തിയ പൊലീസ് ചെരുപ്പിലെ സിമന്റ് പൊടി കൂടി കണ്ടതോടെ കുറ്റവാളി നിർമാണ മേഖലയിലെ തൊഴിലാളിയാകുമെന്നും ഉറപ്പിച്ചു. ആ ചെരുപ്പ് വാങ്ങിയ കടയുടെ ഉടമയുടെ മൊഴിയും സഹായകമായി. ഏറെ കോളിളക്കം സൃഷ്ടിച്ച കേസിലെ പ്രതി രണ്ടു മാസങ്ങൾക്കുള്ളിൽ പിടിയിലായപ്പോൾ അതു വരെ പഴി ചാരിയ പോലീസിനെ അഭിനന്ദിക്കാൻ മത്സരിക്കുകയാണ് എല്ലാവരും. ഒപ്പം ഡിജിപിയെയും. പൊലീസിന്റെ കാര്യക്ഷമതയെ അംഗീകരിക്കുന്നവർക്ക് പോലുമറിയില്ല എത്ര സങ്കീർണതകൾക്കൊടുവിലാണ് യഥാർത്ഥ പ്രതി പിടിയിലായതെന്ന്. കുറ്റാന്വേഷണ സിനിമകൾ കാണുമ്പോൾ ലോജിക്കൽ സംശയങ്ങളുന്നയിക്കുന്നവർക്ക് ജിഷ കേസിലെ പല തുമ്പുകളും ലഭിച്ച വഴികളറിഞ്ഞാൽ അവിശ്വസനീയം എന്നേ പറയൂ.

ഏതായാലും ഇതോടെ ലോക്നാഥ് ബെഹ്റയ്ക്ക് താരപരിവേഷമാണ് കൈവരിക എന്ന കാര്യത്തിൽ തർക്കമില്ല. സിനിമാ സ്റ്റൈൽ അന്വേഷണത്തിനൊടുവിൽ കുറ്റവാളി മറന്നു വച്ച ഒറ്റത്തെളിവിൽ പിടിച്ചു കയറിയ ബെഹ്റ ഒടുവിൽ പ്രതിയെ കുടുക്കി. സേതുരാമയ്യരുടെ കേരളത്തിലെ അവതാരമായി വേണമെങ്കിൽ വരും ദിവസങ്ങളിൽ സോഷ്യൽ മീഡിയ അദ്ദേഹത്തെ വാഴ്ത്തിയേക്കാം.